

ന്യൂഡല്‍ഹി: ബ്രിട്ടിഷ് കാലത്തു നിലവില്‍ വന്ന ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി), തെളിവു നിയമം എന്നിയ്ക്കു പകരമുള്ള മൂന്നു ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. രാജ്യത്തെ ക്രിമിനല്‍ നീതി നിര്‍വഹണ സംവിധാനത്തെ സമഗ്രമായി പരിഷ്‌കരിക്കുന്നതാണ് നിര്‍ദിഷ്ട നിയമങ്ങളെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
ഐപിസിക്കു പകരമുള്ള ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) ബില്‍, സിആര്‍പിസിക്കു പകരമുള്ള ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) ബില്‍, തെളിവു നിയമത്തിനു പകരമുള്ള ഭാരതീയ സാക്ഷ്യ (ബിഎസ്) ബില്‍ എന്നിവയാണ് അമിത് ഷാ അവതരിപ്പിച്ചത്. രാജ്യദ്രോഹക്കുറ്റം റദ്ദാക്കല്‍, ആള്‍ക്കൂട്ട കൊലയ്ക്കും പ്രായപൂര്‍ത്തിയാവാത്ത വരെ ബലാത്സംഗം ചെയ്യുന്നതിനും വധശിക്ഷ തുടങ്ങിയ നിര്‍ദേശങ്ങള്‍ ബിഎന്‍എസിലുണ്ട്.
പെറ്റി കുറ്റകൃത്യങ്ങള്‍ക്ക് സാമൂഹ്യ സേവനം ശിക്ഷയായി ബില്‍ നിര്‍ദേശിക്കുന്നു. സായുധ വിപ്ലവം, അട്ടിമറി പ്രവര്‍ത്തനം, വിഘടനവാദം, രാജ്യത്തിന്റെ പരമാധികാരം അപകടത്തിലാക്കല്‍ തുടങ്ങിയവ പുതിയ കുറ്റങ്ങളായി ബില്ലില്‍ നിര്‍ദേശിക്കുന്നുണ്ട്.
ശിക്ഷിക്കലല്ല, നീതി നടപ്പാക്കലാണ് പുതിയ ബില്ലുകള്‍ ലക്ഷ്യമിടുന്നതെന്ന് അമിത് ഷാ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പ്രേരകശക്തി എന്ന നിലയിലാണ് ശിക്ഷയെ കാണേണ്ടത്. ബ്രിട്ടിഷുകാര്‍ നിര്‍മിച്ച നിയമങ്ങളില്‍ നിറയെ അടിമത്തത്തിന്റെ അടയാളങ്ങളാണ്. സ്വന്തം ഭരണത്തെ എതിര്‍ക്കുന്നവരെ ശിക്ഷിക്കുക എന്നതായിരുന്നു അവരുടെ നിയമത്തിന്റെ കാതല്‍- അമിത് ഷാ പറഞ്ഞു. ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി പരിശോധനയ്ക്കു വിടണമെന്ന് അമിത് ഷാ സ്പീക്കറോട് അഭ്യര്‍ഥിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
