

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ഗംഭിറ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 16 ആയി. അപകടത്തില്‍ നാലു പേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. പ്രദേശത്തെ കനത്ത മഴയും നദിയില്‍ വെള്ളം കുത്തിയൊലിച്ച് എത്തുന്നതും തെരച്ചിലിന് തടസമാകുന്നുണ്ട്. പരിക്കേറ്റ് വിവിധ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അഞ്ച് പേരില്‍ മുന്നു പേരുടെ നില ഗുരുതരമാണ്.
വഡോദര-ആനന്ദ് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരു ഭാഗം ഇന്നലെയാണ് തകര്‍ന്ന് വീണത്. ഈ സമയം പാലത്തിലൂടെ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേക്ക് പതിക്കുകയായിരുന്നു. പാലത്തില്‍ നിന്നും നദിയിലേക്ക് വീണ നാലു വാഹനങ്ങളിലുള്ളവരാണ് അപകടത്തില്‍ പെട്ടത്. രണ്ട് ട്രക്കുകള്‍, ഒരു ബൊലേറോ, ഒരു പിക്കപ്പ് വാന്‍ എന്നിവ പാലത്തിലൂടെ കടന്നുപോകുമ്പോഴാണ് പെട്ടെന്ന് പാലം തകര്‍ന്നുവീണത്. അപകടത്തില്‍ ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്) എന്നി സംഘങ്ങള്‍ തിരച്ചില്‍ തുടരുകയാണെന്നും, നാല് കിലോമീറ്റര്‍ ആഴത്തില്‍ തിരച്ചില്‍ നടത്തുന്നുണ്ടെന്നും വഡോദര കലക്ടര്‍ അനില്‍ ധമേലിയ മാധ്യമങ്ങളോട് പറഞ്ഞു.
പാലം അപകടാവസ്ഥയിലാണെന്ന് 2021 മുതല്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ദേശീയപാത അതോറിറ്റിയും സംസ്ഥാന സര്‍ക്കാറും അവഗണിച്ചതാണ് അപകട കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 1985ല്‍ പണിത പാലത്തിലേക്ക് അമിത ഭാരമുള്ള വാഹനങ്ങള്‍ കടത്തിവിട്ടതും അപകട കാരണമായെന്നാണ് ആരോപണം. സംഭവത്തെകുറിച്ച് ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. നാലംഗ വിദഗ്ധ സംഘത്തെയാണ് അന്വേഷണത്തിനായി മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടില്‍ നിയമിച്ചിരിക്കുന്നത്.
Gambhira bridge collapse Death toll rises to 16
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates