

ശ്രീനഗർ. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെന്ന് തെറ്റുദ്ധരിപ്പിച്ച് കശ്‌മീർ സർക്കാരിനെ കബളിപ്പിച്ച തട്ടിപ്പ് സംഘത്തിൽ മകൻ ഉൾപ്പെട്ടതിന് പിന്നാലെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ രാജി വച്ചു. 2001 മുതൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ പിആർഒ ആയിരുന്ന ഹിതേഷ് പാണ്ഡ്യയാണ് സ്ഥാനം ഒഴിഞ്ഞത്.
കശ്‌മീർ സന്ദർശിച്ച തട്ടിപ്പ് സംഘത്തിലെ പ്രധാനി കിരൺ ഭായി പട്ടേലിന്റെ കൂടെ ഹിതേഷ് പാണ്ഡ്യയുടെ മകൻ അമിത് ഹിതേഷ് പാണ്ഡ്യ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. സംഘത്തിലുണ്ടായിരുന്ന അമിത് ഉത്തര ഗുജറാത്തിലെ ബിജെപി സാമൂഹികമാധ്യമ പ്രചാരണത്തിന്റെ ചുമതല വഹിക്കുകയും സർക്കാരിന്റെ സിസിടിവി കരാറുകൾ പലതും ലഭിക്കുകയും ചെയ്‌തിരുന്നു.
ഗുജറാത്തിലെ പല തട്ടിപ്പ് കേസിലും പ്രതിയാണ് കിരൺ ഭായി പട്ടേൽ. മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിനാണ് ഹിതേഷ് പാണ്ഡ്യ കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചത്. തന്റെ മകൻ നിരപരാധിയാണെന്നും പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ഓഫീസുകളുടെ പ്രതിച്ഛായക്ക് മോശം സംഭവിക്കരുതെന്ന് കരുതിയാണ് തന്റെ രാജിയെന്ന് കത്തിൽ ഹിതേഷ് പറഞ്ഞു.
അതേസമയം അമിത്തിനെ ഇതുവരെ കശ്‌മീർ പൊലീസ് കേസിൽ പ്രതി ചേർത്തിട്ടില്ല. ഇയാളെയും കൂടെ ഉണ്ടായിരുന്ന മറ്റൊരാളെയും കേസിൽ സാക്ഷിയാക്കി പറഞ്ഞയച്ചു. കിരൺ പട്ടേലിന്റെ കെണിയിൽ വീണതാകാം ഇരുവരുമെന്നാണ് പൊലീസിന്റെ നഗമനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates