

ന്യൂഡല്‍ഹി: മോചനത്തിന് ഇടപെടല്‍ തേടി റഷ്യന്‍ ബന്ധമാരോപിക്കപ്പെട്ട് യുക്രൈനില്‍ പിടിയിലായ ഇന്ത്യക്കാരന്‍. ഗുജറാത്ത് സ്വദേശിയായ 23 കാരനാണ് മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇന്ത്യന്‍ സര്‍ക്കാരിന്റെയും സഹായം ആഭ്യര്‍ത്ഥിച്ചത്. ബന്ധുക്കള്‍ക്ക് അയച്ച വിഡിയോ സന്ദേശത്തിലാണ് മോര്‍ബി നിവാസിയായ സാഹില്‍ മുഹമ്മദ് ഹുസൈന്‍ മജോത്തിയുടെ ആവശ്യം. റഷ്യയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ തട്ടിപ്പുകളില്‍ കുടുങ്ങാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും യുവാവ് മുന്നോട്ടുവയ്ക്കുന്നു.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ യുകൈന്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങുന്ന ദൃശ്യങ്ങളിലൂടെയാണ് സാഹില്‍ മുഹമ്മദ് ഹുസൈന്‍ മജോത്തി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. 2024 ജനുവരി 10 നാണ് സ്റ്റുഡന്റ് വിസയില്‍ സാഹില്‍ മുഹമ്മദ് ഹുസൈന്‍ മജോത്തി സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ എത്തിയത്. ഐടിഎംഒ സര്‍വകലാശാലയില്‍ റഷ്യന്‍ ഭാഷ, കള്‍ച്ചറല്‍ സ്റ്റഡീസ് കോഴ്‌സ് പഠനത്തിനായിട്ടാരുന്നു റഷ്യന്‍ യാത്ര. പിന്നീട് ചില നിയമ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജയിലിലടയ്ക്കപ്പെട്ടു. ഇവിടെ നിന്നാണ് ഇയാള്‍ റഷ്യന്‍ സൈനിക നീക്കത്തിന് നിയോഗിക്കപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഞായറാഴ്ച രാത്രിയാണ് യുക്രൈന്‍ അധികൃതര്‍ പങ്കുവച്ചെന്ന് പറയുന്ന രണ്ട് വിഡിയോ സന്ദേശങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചത്. ''ഞാന്‍ യുദ്ധക്കുറ്റവാളിയായി യുക്രയിനില്‍ കുടുങ്ങിക്കിടക്കുകയാണ്. ഭാവിയില്‍ എനിക്കെന്ത് സംഭവിക്കുമെന്ന് അറിയില്ല. ഉന്നത പഠനത്തിനോ ജോലിക്കോ വേണ്ടി റഷ്യയിലേക്ക് വരുന്നവര്‍ കരുതല്‍ പാലിക്കണം. റഷ്യയില്‍ ധാരാളം തട്ടിപ്പുകാരുണ്ട്. നിങ്ങള്‍ ക്രിമിനല്‍, മയക്കുമരുന്ന് കേസുകളില്‍ കുടുങ്ങിയേക്കാം. കഴിയുന്നിടത്തോളം, ഇതില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുക.'' എന്നാണ് യുവാവിന്റെ ഒരു വിഡിയോയിലെ പരാമര്‍ശം. തന്റെ മോചനത്തിന് സര്‍ക്കാര്‍ ഇടപെടണം എന്നും യുവാവ് ആവശ്യപ്പെടുന്നു.'തന്നെ സഹായിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് അപേക്ഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ എന്നിവരുടെ ശ്രദ്ധ വിഷയത്തില്‍ പതിയണം എന്നും സാഹില്‍ മുഹമ്മദ് ഹുസൈന്‍ പറയുന്നു.
റഷ്യന്‍ ജയിലില്‍ നിന്നും രക്ഷപ്പെടാനാണ് യുദ്ധത്തിന്റെ ഭാഗമാകാനുള്ള കരാറില്‍ ഒപ്പുവച്ചതെന്നും സാഹില്‍ മുഹമ്മദ് ഹുസൈന്‍ മജോത്തി മറ്റൊരു വിഡിയോയില്‍ പറയുന്നു. റഷ്യയിലെ ഒരു മയക്കുമരുന്ന് കേസില്‍ പ്രതിയാക്കപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കേസില്‍ ഏഴ് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു. റഷ്യന്‍ ജയിലില്‍ ജീവിതം ഒടുങ്ങുമെന്ന അവസ്ഥയിലാണ് യുദ്ധ കരാറില്‍ ഒപ്പുവെച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു അതെന്നും സാഹില്‍ മുഹമ്മദ് പറയുന്നു. യുക്രൈയ്ന്‍ പ്രതിരോധ മന്ത്രാലയം, ഇന്റലിജന്‍സ് എന്നിവയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന യുദ്ധത്തടവുകാരുടെ ചികിത്സ ക്രമീകരിക്കുന്ന സര്‍ക്കാര്‍ പദ്ധതിയായ 'എനിക്ക് ജീവിക്കണം' എന്ന സംവിധാനത്തിലൂടെയാണ് വിഡിയോ പുറത്തുവന്നിട്ടുള്ളത്.
അതേസമയം, റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. യുക്രെയ്നുമായുള്ള യുദ്ധ കാലത്ത് റഷ്യന്‍ സൈന്യത്തില്‍ 202 ഇന്ത്യക്കാര്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍. ഇക്കാലയളവില്‍ 26 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകളുടെ ഫലമായി 119 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സാധിച്ചതായും അറിയിച്ചിരുന്നു. 26 പേര്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടു. ഏഴ് പേരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യം റഷ്യ തന്നെ സ്ഥിരീകരിച്ചു. മരിച്ചവരില്‍ രണ്ട് പേരെ റഷ്യയില്‍ തന്നെ സംസ്‌കരിച്ചിട്ടുണ്ട്. പട്ടികയില്‍ ബാക്കിയുള്ള 50 പേരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates