Shehzadi Khan
ഷെഹ്‌സാദി ഖാൻ

'സമയം കഴിഞ്ഞു, ഇനി വേണ്ടത് സമാധാനം'; നോവായി ഷെഹ്‌സാദി ഖാന്റെ അവസാന വാക്കുകള്‍

ബന്ദ ജില്ലയില്‍ നിന്നുള്ള 33 കാരിയായ ഷെഹ്‌സാദിയുടെ വധശിക്ഷ ഫെബ്രുവരി 15 നാണ് നടപ്പാക്കിയത്
Published on

ബംഗളൂരു: ''ഇനിയിപ്പോള്‍ കേസും കൂട്ടവുമൊന്നും വേണ്ട, ശത്രുതയൊക്കെ കളയൂ. സമാധാനത്തോടെയിരിക്കൂ, എനിക്കിപ്പോള്‍ സമാധാനം മാത്രമാണ് വേണ്ടത്'' - അവസാനത്തെ ടെലിഫോണ്‍ സംഭാഷണത്തില്‍ ഷെഹ്‌സാദി ബാപ്പയോടും ഉമ്മയോടും പറഞ്ഞ വാക്കുകള്‍. തൊഴിലുടമയ്‌ക്കെതിരെ കൊടുത്തിട്ടുള്ള കേസ് പിന്‍വലിക്കാനും തനിക്കു വേണ്ടി പ്രാര്‍ഥിക്കാനും പറഞ്ഞതാണ് മകള്‍ ഫോണ്‍ വച്ചതെന്ന് ഓര്‍ക്കുന്നു, മാതാപിതാക്കള്‍.

ഫെബ്രുവരി 15 ന് പുലര്‍ച്ചെ 12 നും 12.30 നും ഇടയിലാണ് ഷെഹ്‌സാദി അവസാനമായി മാതാപിതാക്കളോട് സംസാരിച്ചത്. എന്റെ സമയം കഴിഞ്ഞു. അവര്‍ (ജയില്‍ അധികാരികള്‍) എന്നെ മറ്റൊരു സെല്ലിലേക്ക് മാറ്റി. എനിക്ക് സമയമില്ല (ഹമാരാ ടൈം ഖതം ഹോ ഗയാ, പപ്പാ. ഉന്‍ഹോന്‍ നെ ഹമ്മേ ദോസ്രേ കാമ്രേ മേം ഷിഫ്റ്റ് കര്‍ ദിയാ ഹേ. ടൈം നഹി ഹേ ഹമാരേ പാസ് ) കരഞ്ഞുകൊണ്ട് ഷെഹ്‌സാദി ഫോണില്‍ മാതാപിതാക്കളോട് പറഞ്ഞു. ഇതിന് പിന്നാലെ ഷെഹ്‌സാദിയുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തു.

നാലുമാസം പ്രായമുള്ള കുട്ടി കൊല്ലപ്പെട്ട കേസില്‍ യുഎഇയില്‍ വധശിക്ഷയ്ക്ക് വിധേയയായ ഉത്തര്‍പ്രദേശ് സ്വദേശിയായ 33 കാരി ഷെഹ്‌സാദി ഖാന്റെ അന്ത്യകര്‍മങ്ങള്‍ക്കായി കുടുംബം അബുദാബിയിലേക്ക് പോകില്ല. പകരം ഷെഹ്‌സാദി ഖാന്റെ അന്ത്യകര്‍മങ്ങള്‍ നടത്താനും അതിന്റെ ചിത്രങ്ങള്‍ അയച്ചു നല്‍കാനും വിദേശകാര്യ മന്ത്രാലയം വഴി അബുദാബിയിലെ അധികാരികളോട് കുടുംബം അഭ്യര്‍ത്ഥിച്ചു. ബന്ദ ജില്ലയില്‍ നിന്നുള്ള 33 കാരിയായ ഷെഹ്‌സാദിയുടെ വധശിക്ഷ ഫെബ്രുവരി 15 നാണ് നടപ്പാക്കിയത്.

വിദേശകാര്യമന്ത്രാലയം കുടുംബത്തെ സമീപിച്ചുവെന്നും, ഷെഹ്‌സാദിയുടെ അന്ത്യകര്‍മങ്ങള്‍ക്കായി അബുദാബിയില്‍ പോകാന്‍ സൗകര്യം ഒരുക്കാമെന്നും അറിയിച്ചിരുന്നതായി യുവതിയുടെ സഹോദരന്‍ ഷംഷേര്‍ ഖാന്‍ പറഞ്ഞു. ഇനി അവിടെ പോകുന്നത് എന്തിനാണ്?. ഷെഹ്സാദിയുടെ കേസില്‍ വിദേശകാര്യ മന്ത്രാലയം കൂടുതല്‍ ഇടപെടല്‍ നടത്തുകയും, അനുയോജ്യമായ നിയമനടപടികള്‍ക്കായി കുടുംബത്തെ അറിയിക്കുകയും ചെയ്തിരുന്നുവെങ്കില്‍, സഹോദരിയുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്ന് ഷംഷേര്‍ ഖാന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ആഗ്രയില്‍ നിന്നുള്ള ഉസൈര്‍ ഷെഹ്‌സാദി ഖാനെ കടത്തിക്കൊണ്ടുപോയി, അബുദാബിയിലെ തൊഴിലുടമകള്‍ പീഡിപ്പിച്ചു, അവരുടെ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് വ്യാജ കേസില്‍ കുടുക്കി. കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഞങ്ങള്‍ 50,000 രൂപയാണ് ചെലവഴിച്ചത്. ഇപ്പോള്‍ അവള്‍ ജീവനോടെ ഇല്ലെന്ന് അറിയുന്നു. സങ്കടം അടക്കാനാകാതെ ഷംഷേര്‍ പറയുന്നു. മുംബൈയില്‍ ഫാബ്രിക്കേറ്ററായി ജോലി ചെയ്യുകയാണ് ഇയാള്‍.

മകള്‍ക്ക് നേരിടേണ്ടി വന്ന 'അനീതി'യില്‍ ഷെഹ്‌സാദിയുടെ പിതാവ് ഷബീര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. വധശിക്ഷ നടപ്പാക്കിയത് 15 ദിവസം കഴിഞ്ഞാണ് അബുദാബി അധികൃതര്‍ കുടുംബത്തെ അറിയിക്കുന്നത്. മാര്‍ച്ച് മൂന്നാം തീയതി വൈകീട്ട് നാലു മണിക്കാണ് കുടുംബം ഷെഹ്‌സാദിയുടെ വധശിക്ഷ ഫെബ്രുവവരി 15 ന് നടപ്പാക്കിയ കാര്യം അറിയുന്നത്. ഡല്‍ഹി ഹൈക്കോടതിയില്‍ കുടുംബം ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്നാണ് വിവരം അറിയുന്നത്.

വിവരം അറിഞ്ഞതോടെ അന്ന് വൈകീട്ട് ഗ്രാമത്തില്‍ മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥന നടത്തി. നാളെ അവര്‍ അവളെ അവിടെ സംസ്‌കരിക്കും. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഞങ്ങള്‍ക്ക് എങ്ങനെ അവിടേക്ക് പോകാന്‍ കഴിയും? അവള്‍ക്ക് എവിടെ നിന്നും നീതി ലഭിച്ചില്ല. അവളുടെ അന്ത്യകര്‍മങ്ങളുടെ ഫോട്ടോകള്‍ അറിയിക്കാന്‍ ഇന്ത്യന്‍ എംബസി വഴി അധികൃതരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബന്ദ ജില്ലയിലെ ഗോയ്റ മുഗ്ലി ഗ്രാമത്തിലെ കര്‍ഷകനായ ഷബ്ബീര്‍ പറഞ്ഞു.

ഷബ്ബീറിന്റെ ഏഴു മക്കളില്‍ ഏറ്റവും ഇളയ മകളാണ് ഷെഹ്‌സാദി ഖാന്‍. നാല് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണ് ഷബ്ബീറിനുള്ളത്. കുട്ടിയായിരിക്കേ 80 ശതമാനം പൊള്ളലേറ്റിരുന്നു ഷെഹ്‌സാദിന്. ഇതേത്തുടര്‍ന്ന് യുപി സര്‍ക്കാരിന്റെ 1500 രൂപ പെന്‍ഷനും ലഭിച്ചിരുന്നു. സാമൂഹിക പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. കോവിഡ് കാലത്താണ് ആഗ്ര സ്വദേശിയായ ഉസൈറിനെ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ടത്. 2021 ലാണ് ഷെഹ്‌സാദി ഖാനെ ഇയാള്‍ അബുദാബിയിലേക്ക് കൊണ്ടുപോകുന്നത്.

2021 ഡിസംബറില്‍ തന്റെ അമ്മാവന്‍ ഫായിസിന്റെയും അമ്മായി നാസിയയുടെയും വീട്ടില്‍ നല്ലൊരു ജോലി വാങ്ങി നല്‍കാമെന്നും അവിടെ പൊള്ളലേറ്റതിന് ചികിത്സ നല്‍കാമെന്നും പറഞ്ഞാണ് ഉസൈര്‍ ഷെഹ്‌സാദിയെ അബുദാബിയിലേക്ക് കൊണ്ടുപോയത്. ഷെഹ്‌സാദി തന്റെ തൊഴിലുടമയുടെ നവജാതശിശുവിന്റെ പരിചാരകയായി ജോലി ചെയ്യാന്‍ തുടങ്ങി. പതിവ് വാക്‌സിനേഷനുകള്‍ സ്വീകരിച്ചതിന് ശേഷം നാല് മാസം പ്രായമുള്ള കുഞ്ഞ് 2022 ഡിസംബര്‍ 7 ന് മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ആശുപത്രിയും പൊലീസും ആവശ്യപ്പെട്ടിട്ടും, ഫായിസും നാസിയയും വിസമ്മതിച്ചു. പിന്നീട് ഷെഹ്‌സാദിയാണ് തങ്ങളുടെ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ആരോപിക്കുകയും, കുറ്റസമ്മതം നടത്താന്‍ നിര്‍ബന്ധിച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്ന് സഹോദരന്‍ ഷംഷേര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com