

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി തലവനും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ താന്‍ പ്രതിയായ മദ്യനയക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്തു. ഈ കേസില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന സോളിസിറ്റര്‍ ജനറലിന് കീഴിലാണ് ജഡ്ജിയുടെ മക്കള്‍ ജോലി ചെയ്യുന്നതെന്നും ഇത് കേസിനെ ബാധിക്കുമെന്നും കെജരിവാള്‍ വാദിച്ചു.
കേസിന്റെ നടപടികള്‍ നിഷ്പക്ഷമോ സ്വതന്ത്രമോ ആയിരിക്കില്ലെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കി കെജരിവാള്‍ നേരത്തെയും ശര്‍മയുടെ പിന്‍മാറ്റം ആവശ്യപ്പെട്ടിരുന്നു. നിലവിലെ കേസില്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലാണ്. അദ്ദേഹം എന്റെ പിന്മാറ്റ അപേക്ഷയെ എതിര്‍ക്കുന്നയാളാണ്. മാത്രമല്ല, കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെയുള്ള റിവിഷന്‍ ഹര്‍ജിയില്‍ വാദിക്കുന്നതും അദ്ദേഹമാണ്. ഇതു ഗുരുതരമാണെന്നും മുന്‍ ഡല്‍ഹി മുഖ്യമന്ത്രി തന്റെ അധിക സത്യവാങ്മൂലത്തില്‍ പറയുന്നു. ബഹുമാനപ്പെട്ട കോടതിക്ക് മുമ്പാകെ പ്രോസിക്യൂഷന്‍ പക്ഷത്തെ പ്രതിനിധീകരിക്കുന്ന അതേ നിയമ ഓഫീസറും നിയമ സംവിധാനവും തന്നെയാണ്, ഈ വിഷയം പരിഗണിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിയുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കേസുകളും സര്‍ക്കാര്‍ ജോലികളും നല്‍കുന്നതും. അതുകൊണ്ടു തന്നെ ജസ്റ്റിസ് ശര്‍മയ്ക്ക് മുന്നിലുള്ള കോടതി നടപടികള്‍ നീതിനിഷ്ഠമായേക്കില്ലെന്നാണ് കരുതുന്നത്.
ഏപ്രില്‍ 13-ന് രാത്രി 7 മണി വരെ നീണ്ടുനിന്ന നടപടികള്‍ക്ക് ശേഷം ജസ്റ്റിസ് ശര്‍മ്മ വിധി പറയാനായി മാറ്റിയപ്പോള്‍, തനിക്ക് മറുപടി വാദങ്ങള്‍ ഉന്നയിക്കാന്‍ ന്യായമായ അവസരം ലഭിച്ചില്ലെന്നും അദ്ദേഹം വാദിച്ചു. ആര്‍എസ്എസുമായി ബന്ധമുള്ള അഭിഭാഷക സംഘടനയായ 'അധിവക്ത പരിഷത്ത്' സംഘടിപ്പിച്ച പരിപാടികളില്‍ ജഡ്ജി ഒന്നിലധികം തവണ പങ്കെടുത്തതായും അദ്ദേഹം ആരോപിച്ചു. അതേസമയം, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കെജരിവാളിന്റെ അപേക്ഷയെ എതിര്‍ക്കുകയും പ്രതികള്‍ക്കെതിരെ കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കെജരിവാള്‍ ഉന്നയിച്ച ആശങ്കകളെ 'പക്വതയില്ലാത്ത മനസ്സിന്റെ ഭയാശങ്കകള്‍' എന്ന് വിശേഷിപ്പിച്ച മേത്ത, ഇത് 'സ്ഥാപനത്തോടുള്ള ആദരവുമായി' ബന്ധപ്പെട്ട വിഷയമാണെന്നും ജസ്റ്റിസ് ശര്‍മ്മ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്നും വാദിച്ചു. 'അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ' പേരില്‍ കേസില്‍ നിന്ന് പിന്മാറുന്നത് മോശം കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates