

കേരളത്തില്‍ വീണ്ടും അതിവേഗ റെയില്‍ പാതയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാകുകയാണ്. അതിവേഗ റെയില്‍പാത എന്ന ആശയത്തിന്റെ ചര്‍ച്ചകള്‍ക്ക് പതിറ്റാണ്ടിനെ പഴക്കമുണ്ടെങ്കിവും 2019 ലാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം പദ്ധതികളുടെ നിര്‍മാണം സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുന്നത്. ആറ് പദ്ധതികളാണ് 2019 ബജറ്റില്‍ നിര്‍ദേശിച്ചത്. ഇതില്‍ മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
2019 ല്‍ പ്രഖ്യാപിച്ചതും പിന്നീടുയര്‍ന്ന നിര്‍ദേശങ്ങളും ഉള്‍പ്പെടെ പത്തോളം പദ്ധതികള്‍ രാജ്യത്തെ വിവിധ ഇടങ്ങളിലായി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നാലായിരത്തോളം കിലോമീറ്ററാണ് വിവിധ പദ്ധതികളിലായി അതിവേഗ റെയില്‍ പദ്ധതിയുടെ ഭാഗമാവുക. കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി എന്ന പേരില്‍ അതിവേഗ റെയില്‍ പാത വിഭാവനം ചെയ്‌തെങ്കിവും പദ്ധതിക്ക് ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
ട്രെയിന്‍ യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ ഗതാഗത മേഖലയിലെ സര്‍ക്കാരിനുണ്ടാകുന്ന ചെലവ് ഗണ്യമായി കുറയ്ക്കാനാകും എന്നാണ് ഉയരുന്ന പ്രധാന വാദം. എന്നാല്‍ യാത്രക്കാരെ വഹിക്കാനുള്ള റെയില്‍വേയുടെ ശേഷി ഇപ്പോഴുള്ളതിനേക്കാള്‍ ഇരട്ടിയായി വര്‍ധിപ്പിക്കണം എന്നതാണ് ഇതിലെ പ്രധാന വെല്ലുവിളി. ഈ സാഹചര്യം മറികടക്കാന്‍ 15 വര്‍ഷത്തിനുള്ളതില്‍ 25,000 കിലോമീറ്റര്‍ വേഗപാത രാജ്യത്ത് തയ്യാറേക്കേണ്ടിവരും. ഒരു അതിവേഗ റെയില്‍ പാത ഒമ്പത് വരി വീതമുള്ള ഹൈവേയ്ക്ക് തുല്യമാണെന്നാണ് ഇ ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നത്. യാത്രക്കാര്‍ കൂടുതലായി വേഗ പാതകളിലേക്ക് മാറുകയും ഇപ്പോഴത്തെ റെയില്‍ പാതയിലൂടെ ചരക്ക് നീക്കം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടുന്നു.
മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍
കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായാണ് മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ഒരുങ്ങുന്നത്. മഹാരാഷ്ട്ര - ദാദ്ര നാഗര്‍ ഹവേലി (കേന്ദ്ര ഭരണ പ്രദേശം) - ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 534 കിലോ മീറ്റര്‍ വരുന്ന പാതയുടെ ആദ്യഘട്ടം 2027 ല്‍ പൂര്‍ത്തിയാക്കുന്ന നിലയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 2028 ല്‍ പാത പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും. 465 കിലോമീറ്റര്‍ തൂണുകളിലൂടെയാകും പാത കടന്നുപോവുക. പത്ത് കിലോ മീറ്റര്‍ പാലങ്ങള്‍, 21 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതകള്‍, 5 കിലോമീറ്റര്‍ തുരങ്കങ്ങള്‍ എന്നിവയും നിര്‍ദിഷ്ട ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
പാതയിലൂടെ പരമാവധി മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനിന് സഞ്ചരിക്കാനാകും. 12 സ്റ്റോപ്പുകളുള്ള പാതയില്‍ 2.58 മണിക്കൂറായിരിക്കും യാത്ര പൂര്‍ത്തിയാക്കാന്‍ വേണ്ടിവരിക. 250 കിലോമീറ്ററാണ് ശരാശരി വേഗത. ജപ്പാന്‍ സങ്കേതിക വിദ്യയുടെ സഹായത്തോടെ നാഷണല്‍ ഹൈ - സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡാണ് (എന്‍എച്ച്എസ്ആര്‍സിഎല്‍) പാത നിര്‍മ്മിക്കുന്നത്. 1.08 ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ സഹകരണത്തോടെ നിര്‍മിക്കുന്ന പാതയ്ക്കായി ജപ്പാനും സാമ്പത്തിക സഹായം നല്‍കുന്നു. 0.1 ശതമാനം പലിശ നിരക്കിലാണ് ജപ്പാനും പദ്ധതിക്ക് വായ്പ നല്‍കുക. 10000 കോടി രൂപയാണ് പദ്ധതിയുടെ കേന്ദ്ര വിഹിതം. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ 5000 കോടി വീതവും വിനിയോഗിക്കും.
സാങ്കേതിക വിദ്യ
ജപ്പാന്റെ ഷിങ്കന്‍സെന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് പദ്ധതി ഒരുങ്ങുന്നത്. ഇരട്ട ട്രാക്കുകളുള്ള ഒരു സിംഗിള്‍-ട്യൂബ് ടണലായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അതിനൂതന റോളിങ് സ്റ്റോക്ക്, സിഗ്‌നലിങ് സംവിധാനങ്ങളും പദ്ധതിയുടെ പ്രത്യേകതയാണ്.
ഡല്‍ഹി - വാരാണസി അതിവേഗപാത
മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ശേഷം രാജ്യത്തെ രണ്ടാമത്തെ അതിവേഗ റെയില്‍ പദ്ധതി എന്ന നിലയില്‍ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് ഡല്‍ഹി വാരാണസി ഹൈ സ്പീഡ് റെയില്‍. രാജ്യ തലസ്ഥാനത്തെയും ഉത്തര്‍ പ്രദേശിലെ വാരാണസിയെയും ബന്ധിപ്പിക്കുന്ന 865 കിലോമീറ്റര്‍ വരുന്ന പദ്ധതിക്ക് 1.21 ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ലഖ്‌നൗ, അയോധ്യ നഗരങ്ങളെ ബന്ധിപ്പിക്കുന്ന 135 കിലോമീറ്റര്‍ വരുന്ന ഇടനാഴിയും ഉള്‍പ്പെടുന്നു.
സാധ്യതാ പഠന റിപ്പോര്‍ട്ട് പ്രകാരം അതിവേഗ പാതയിലൂടെ ഡല്‍ഹിക്കും ലഖ്‌നൗവിനും ഇടയിലുള്ള യാത്ര ഒരു മണിക്കൂര്‍ 38 മിനിറ്റില്‍ പൂര്‍ത്തിയാക്കാനാകും. ഡല്‍ഹി - വാരാണസി യാത്രയ്ക്ക് 2 മണിക്കൂര്‍ 37 മിനിറ്റ് മതിയാകും എന്നും ചൂണ്ടിക്കാട്ടുന്നു.
മണിക്കൂറില്‍ 350 കിലോ മീറ്ററായിരിക്കും പാതയിലൂടെ സഞ്ചരിക്കാവുന്ന പരമാവധി വേഗം. സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആയി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയില്‍ മണിക്കൂറില്‍ 250 കിലോമീറ്റര്‍ ശരാശരി വേഗത്തില്‍ സഞ്ചരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡല്‍ഹിക്കും വാരാണസിക്കും ഇടയില്‍ 12 സ്റ്റേഷനുകളാണ് ഉണ്ടാവുക.
750 യാത്രക്കാര്‍ക്ക് ഒരേ സമയം സഞ്ചരിക്കാവുന്ന ട്രെയിനില്‍ അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളും ഉള്‍പ്പെടുന്നു. ഭൂഗര്‍ഭ - ആകാശ പാതയായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയില്‍ ഭൂചനം തിരിച്ചറിഞ്ഞ് ബ്രേക്ക് ചെയ്യാനുള്ള ഓട്ടോമാറ്റിക് സംവിധാനം ഉള്‍പ്പെടെ ഉണ്ടാകും.
ഡല്‍ഹി - അഹമ്മദാബാദ് ഹൈ-സ്പീഡ് റെയില്‍
കേന്ദ്ര സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്ന മൂന്നാമത്തെ ഹൈ സ്പീഡ് റെയില്‍ വേ ലൈന്‍ പദ്ധതിയാണ് ഡല്‍ഹി അഹമ്മദാബാദിനും ഇടയിലുള്ളത്. ഇരു നഗരങ്ങള്‍ക്കും ഇടയില്‍ നിലവിലുള്ള 12 മണിക്കൂര്‍ വരുന്ന യാത്ര സമയം 3.5 മണിക്കൂറാക്കി ചുരുങ്ങും എന്നതാണ് പദ്ധതിയുടെ പ്രത്യേകത.
886 കിലോമീറ്റര്‍ ദൂരം വരുന്ന പാതയില്‍ മണിക്കൂറില്‍ ശരാശരി 250 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനിന് സഞ്ചരിക്കാനാകും. ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലൂടെ പരിഗണിക്കുന്ന പാദ്ധതിയുടെ ചെലവ് ഇതുവരെ അന്തിമമായിട്ടില്ല.
നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാതയിലെ സബര്‍മതി സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആയാണ് ഡല്‍ഹി - അഹമ്മദാബാദ് അതിവേഗ പാത പരിഗണിക്കുന്നത്.
മുംബൈ - നാഗ്പൂര്‍ ഹൈ-സ്പീഡ് റെയില്‍
മഹാരാഷ്ട്രയിലെ രണ്ട് വലിയ നഗരങ്ങളായ മുംബൈയെയും നാഗ്പൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 741 കിലോമീറ്റര്‍ വരുന്നതാണ് നിര്‍ദിഷ്ട പദ്ധതി. 12 സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന പദ്ധതിയുടെ നിര്‍മാണച്ചെലവ് ഇതുവരെ അന്തിമമായി കണക്കാക്കിയിട്ടില്ല. 2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 6 അതിവേഗ റെയില്‍ പാതകളുടെ പട്ടികയിലാണ് മുംബൈ - നാഗ്പൂര്‍ പാതയും ഉള്‍പ്പെട്ടത്.
മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗയില്‍ ട്രെയിനിന് സഞ്ചരിക്കാവുന്ന സ്റ്റാന്‍ഡേര്‍ഡ് ഗേജ് പാതയില്‍ 250 കിലോ മീറ്റര്‍ ശരാശരി വേഗതയില്‍ യാത്ര സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മാണം പുരോഗമിക്കുന്ന മുംബൈ - അഹമ്മദാബാദ് പാതയിലെ താനെ സ്റ്റേഷനുമായി ബന്ധിപ്പിച്ചായിരിക്കും പദ്ധതി ഒരുങ്ങുക.
അന്തിമ അലൈന്‍മെന്റ് ഡിസൈന്‍ തയ്യാറാക്കുന്നതിനും, സ്റ്റേജ്-1 പ്രാഥമിക റൂട്ട് തയ്യാറാക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ 2020 സെപ്റ്റംബറില്‍ നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
മുംബൈ - ഹൈദരാബാദ് ഹൈ-സ്പീഡ് റെയില്‍
മഹാരാഷ്ട്ര - തെലങ്കാന സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാണ് 767 കിലോമീറ്റര്‍ വരുന്ന നിര്‍ദിഷ്ട ഹൈ-സ്പീഡ് റെയില്‍ പാത. 2019 ല്‍ പ്രഖ്യാപിച്ച ചെയ്ത ആറ് പുതിയ ഹൈ-സ്പീഡ് റെയില്‍ ഇടനാഴികളില്‍ അഞ്ചാമത്തേതാണ് മുംബൈ - ഹൈദരാബാദ് ഹൈ-സ്പീഡ് റെയില്‍. പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള അടിസ്ഥാന ടെന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍ 2020 ഒക്ടോബറില്‍ ആരംഭിച്ചു. പദ്ധതി ചെലവ് ഇതുവരെ തീരുമാനിച്ചിട്ടില്ല. മുംബൈ അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ ഇടനാഴിയുടെ പാക്കേജ് സി 3 എന്ന നിലയില്‍ താനെയില്‍ നിന്നായിരിക്കും സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ ആയിരിക്കും നിര്‍ദിഷ്ടപാതയുടെ നിര്‍മാണം ആരംഭിക്കുക.
ചെന്നൈ - ബെംഗളൂരു- മൈസൂര്‍ ഹൈ-സ്പീഡ് റെയില്‍
തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും പ്രധാന നഗരങ്ങളായ ചെന്നൈ - ബെംഗളൂരു - മൈസൂരു എന്നിവയെ ബന്ധിപ്പിക്കുന്നതാണ് 463 കിലോമീറ്റര്‍ വരുന്ന നിര്‍ദിഷ്ട ഹൈ-സ്പീഡ് റെയില്‍ പാത. ചെന്നൈയ്ക്കും മൈസൂരിനും ഇടയില്‍ 11 സ്റ്റേഷനുകളുള്‍പ്പെടെ പരിഗണിക്കുന്ന പദ്ധതി ആറ് പുതിയ ഹൈ-സ്പീഡ് റെയില്‍ ഇടനാഴികളില്‍ ആറാമത്തേതാണ്. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്നതിനായി 2020 ഡിസംബറില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
പദ്ധതിയ്ക്കായി 1162 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരിയെന്നാണ് വിലയിരുത്തല്‍. രണ്ട് ഘട്ടങ്ങളായി നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന അതിവേഗ പാത ഒന്നാം ഘട്ടമായി ചെന്നൈ - ബെംഗളൂരു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും. 306 കിലോമീറ്ററാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.
157 കിലോമീറ്റര്‍ ലൈന്‍ വരുന്ന രണ്ടാം ഘട്ടത്തില്‍ പാത ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് നീട്ടും. 30 കിലോ മീറ്റര്‍ തുരങ്കവും നിര്‍ദിഷ്ട പാതയില്‍ ഉള്‍പ്പെടുന്നു. 2.5 കിലോമീറ്റര്‍ ചെന്നൈയിലും 2.5 കിലോമീറ്റര്‍ ചിറ്റൂരിലും 14 കിലോമീറ്റര്‍ ബെംഗളൂരു നഗരത്തിലും 2 കിലോമീറ്റര്‍ ബെംഗളൂരുവിന് പുറത്തുമാണ് തുരങ്ക പാതകള്‍ വേണ്ടിവരിക.
ഡല്‍ഹി - അമൃത്സര്‍ ഹൈ-സ്പീഡ് റെയില്‍
ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നതാണ് 465 കിലോമീറ്റര്‍ നിര്‍ദ്ദിഷ്ട ഹൈ-സ്പീഡ് റെയില്‍ പാതയായ ഡല്‍ഹി - അമൃത്സര്‍ ഹൈ-സ്പീഡ് റെയില്‍. 13 സ്റ്റേഷനുകളും ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതുമായ പദ്ധതിയുടെ ചെലവ് ഇതുവരെ തീരുമാനിച്ചിട്ടില്ല. 2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആറ് പുതിയ ഹൈ-സ്പീഡ് റെയില്‍ ഇടനാഴികളില്‍ ഒന്നാണിത്. പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനായി അടിസ്ഥാന ടെന്‍ഡര്‍ നടപടികള്‍ 2020 ഒക്ടോബറില്‍ ആരംഭിച്ചിരുന്നു.
വാരാണസി - ഹൗറ (കൊല്‍ക്കത്ത) ഹൈ-സ്പീഡ് റെയില്‍
ഉത്തര്‍ പ്രദേശ് - ബിഹാര്‍- പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാണ് 760 കിലോമീറ്റര്‍ വരുന്ന നിര്‍ദ്ദിഷ്ട ഹൈ-സ്പീഡ് റെയില്‍ ഇടനാഴി. വാരാണാസി - ഹൗറ (കൊല്‍ക്കത്ത) നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതി 2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആറ് പദ്ധതികളില്‍ ഉള്‍പ്പെടാത്തതാണ്. ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുമെന്ന് പ്രതീക്ഷിക്കുന്ന റെയില്‍ പാതയുടെ സ്റ്റേഷനുകള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ 2020 ഡിസംബറില്‍ ആരംഭിച്ചെങ്കിലും പദ്ധതി ചെലവ് ഇതുവരെ അന്തിമമാക്കിയിട്ടില്ല. 2030 ന് ശേഷം മാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
