ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ കോളജില്‍ കയറ്റാതൈ വീണ്ടും തടഞ്ഞു. കുന്ദപ്പൂരില്‍ ഹിജാബ് ധരിച്ചെത്തിയ ഇരുപതോളം വിദ്യാര്‍ത്ഥിനികളെയാണ് കോളജ് അധികൃതര്‍ തടഞ്ഞത്. ഇത്തരത്തില്‍ ഉഡുപ്പി ജില്ലയില്‍ വിദ്യാര്‍ത്ഥികളെ തടയുന്ന രണ്ടാമത്തെ സംഭവമാണ് ഇത്.
നേരത്തെ, വിദ്യാലയങ്ങളെ ഹിജാബ് നിരോധനത്തിന് എതിരെ വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടികാട്ടി ഉഡുപ്പി വനിതാ കോളജിലെ വിദ്യാര്‍ത്ഥികളാണ് ഹര്‍ജി നല്‍കിയത്. ഹിജാബ് നിരോധിച്ചത് മതസ്വാതന്ത്രത്തിനുള്ള അവകാശം നിഷേധിച്ചതിന് തുല്യമാണെന്ന് ഹര്‍ജിയില്‍ വിദ്യാര്‍ത്ഥികള്‍ ചൂണ്ടികാട്ടി. കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടയുന്ന സംഭവം പതിവായതോടെ സ്‌കൂളുകളിലും കോളജുകളിലും ശിരോവസ്ത്രം നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ കര്‍ണാടകയില്‍ വിദ്വഷ പ്രചാരണവും സജീവമാണ്. ഹിജാബ് ധരിക്കുന്നവരെ സ്‌കൂളുകളില്‍ നിന്ന് പുറത്താക്കണമെന്ന് തീവ്ര ഹിന്ദുത്വ സംഘടന ശ്രീരാമസേന രംഗത്തുവന്നിരുന്നു. യൂണിഫോമിനെ മറികടന്ന് ഹിജാബ് ധരിക്കുന്നത് തീവ്രവാദ മനോഭാവമാണെന്ന് ശ്രീരാമസേന മേധാവി പ്രമോദ് മുത്തലിഖ് പറഞ്ഞു.
'ഇപ്പോള്‍ അവര്‍ ഹിജാബിന് വേണ്ടിവന്നു, നാളെ അവര്‍ ബുര്‍ഖ ധരിക്കണം എന്നു പറയും. പിന്നീട് നമസ്‌കാരവും പള്ളിയും വേണമെന്ന് നിര്‍ബന്ധം പിടിക്കും. ഇത് സ്‌കൂളാണോ മത പഠന കേന്ദ്രമാണോ' എന്ന് മുത്തലിഖ് ചോദിച്ചു.
വിഷയത്തില്‍ ഒരു പൊതു ചര്‍ച്ചയും അനുവദിക്കരുതെന്നും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പ്രമോദ് ആവശ്യപ്പെട്ടു. 'പൊതു സംവാദത്തിന് അവസരം നല്‍കാതെ, ഹിജാബ് ധരിക്കണം എന്ന് ആവശ്യപ്പെടുന്നവരെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി പുറത്താക്കണം. ഈ ചിന്താഗതി അപകടകരമാണ്.'-പ്രമോദ് പറഞ്ഞു.
വീടുകളില്‍ എന്തും ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, സ്‌കൂളുകളിലെത്തുമ്പോള്‍ നിയമം അനുസരിക്കണമെന്നും പ്രമോദ് കൂട്ടിച്ചേര്‍ത്തു. കോലാര്‍ ജില്ലയിലൈ ഒരു മുസ്ലിം ഭൂരിപക്ഷ ഗ്രാമത്തിലെ സ്‌കൂളില്‍ ജോലിക്കെത്തിയ ഹിന്ദു അധ്യാപികയെ സ്ഥലം മാറ്റിയെന്നും പ്രമോദ് ആരോപിച്ചു.
ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ഇന്ത്യയെ പാകിസ്ഥാനാക്കാന്‍ ശ്രമിക്കുകയാണെന്നും ഇത്തരക്കാര്‍ പാകിസ്ഥാനിലേക്ക് പോകണമെന്നും പ്രമോദ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates