'എന്റെ സഹോദരന്‍ ആശ്രയമില്ലാത്തവനാകരുത്', ജമ്മുവില്‍ ഭരണകൂടം വീട് തകര്‍ത്ത മുസ്ലീം മാധ്യമ പ്രവര്‍ത്തകന് ഭൂമി ദാനം ചെയ്ത് ഹിന്ദു കുടുംബം
ജമ്മു: കയ്യേറ്റ ഭൂമിയിലെ അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് ജമ്മു ഭരണകൂടം വീട് തകര്‍ത്ത ഇസ്ലാം മത വിശ്വാസിയായ മാധ്യമ പ്രവര്‍ത്തകന് സഹായവുമായി ഹിന്ദു കുടുംബം. പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ അര്‍ഫാസ് അഹമ്മദ് ദൈങ്ങിനാണ് കുല്‍ദീപ് ശര്‍മ്മ ആശ്വാസമാകുന്നത്.
വ്യാഴാഴ്ചയായിരുന്നു ജമ്മുവിലെ തദ്ദേശ ഭരണസ്ഥാപനം ഇടപെട്ട് അര്‍ഫാസ് അഹമ്മദ് ദൈങ്ങിന്റെ വീട് പൊളിച്ചുകളഞ്ഞത്. ഭൂമികയ്യേറ്റം ആരോപിച്ചായിരുന്നു നടപടി. മൂന്ന് മര്‍ല (1.8 സെന്റ്) സ്ഥലത്ത് നിര്‍മിച്ച വീടാണ് പൊളിച്ചുമാറ്റിയത്. ഇതിന് പിന്നാലെയാണ് പ്രദേശത്തെ ഹിന്ദു കുടുംബം അര്‍ഫാസ് അഹമ്മദിനെ സംരക്ഷിക്കാന്‍ തയ്യാറായി രംഗത്തെത്തിയത്. കുല്‍ദീപ് ശര്‍മ്മയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നും 5 മര്‍ല( ഏകദേശം 3.12 സെന്റ്) അര്‍ഫാസ് അഹമ്മദിന് നല്‍കും. കുല്‍ദീപിന്റെ നടപടി മനുഷ്യത്വത്തിന്റെ പുതിയ ഉദാഹരണമാണെന്ന നിലയില്‍ വലിയത്തോതില്‍ ഇതിനോടകം സ്വാഗതം ചെയ്യപ്പെട്ടുകഴിഞ്ഞു.
അര്‍ഫാസ് അഹമ്മദ് ദൈങ്ങിന്റെ വീട് പൊളിച്ചുകളഞ്ഞ നടപടി അപ്രിയ സത്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നടത്തിയ ഇടപെടലുകളോടുള്ള പ്രതികാരമാണെന്നും വിമര്‍ശനങ്ങളുണ്ട്. നീസ് സെഹര്‍ എന്ന പേരില്‍ ഡിജിറ്റല്‍ ന്യൂസ് പോര്‍ട്ടല്‍ നടത്തുന്ന വ്യക്തിയാണ് അര്‍ഫാസ് അഹമ്മദ്. അടുത്തിടെ അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് കേസില്‍ അറസ്റ്റിലായ വ്യക്തിയുമായി ഒരു പൊലീസ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടുത്തി റിപ്പോര്‍ട്ട് നീസ് സെഹര്‍ നല്‍കിയിരുന്നു. ഇതിനുള്ള പ്രതികാര നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്നും അര്‍ഫാസ് അഹമ്മദ് പറയുന്നു. എന്നാല്‍, കയ്യേറ്റ ഭൂമി ഒഴിപ്പിക്കുക എന്ന വിശാലമായ പദ്ധതിയുടെ ഭാഗമായാണ് നടപടി എന്നാണ് അധികൃതരുടെ വാദം.
വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിനിടെ തന്നെയും രണ്ട് സഹോദരന്മാരെയും പൊലീസ് മര്‍ദിച്ചതായും നേരത്തെ അര്‍ഫാസ് അഹമ്മദ് ആരോപിച്ചിരുന്നു. അര്‍ഫാസ് അഹമ്മദിന്റെ വീട് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചായിരുന്നു നടപടിക്രമങ്ങള്‍. നാല്‍പത് വര്‍ഷമായി തങ്ങളുടെ കുടുംബം താമസിച്ചിരുന്ന വീടാണ് അധികൃതര്‍ തകര്‍ത്തത്. കയ്യേറ്റം എന്ന് ആരോപിക്കുമ്പോഴും ഇത് സംബന്ധിച്ച അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അര്‍ഫാസ് അഹമ്മദ് ആരോപിച്ചിരുന്നു. പ്രായമായ മാതാപിതാക്കളെയും ഭാര്യയെയും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്ന കുടുംബം തെരുവിലിറങ്ങേണ്ടിവന്ന സാഹചര്യത്തിലാണ് ഭൂമി നല്‍കിക്കൊണ്ടുള്ള കുല്‍ദീപിന്റെ ഇടപെടല്‍.
വീട് പൊളിച്ചുമാറ്റപ്പെട്ട കുടുംബത്തിന്റെ ദുരിതം തിരിച്ചറിഞ്ഞാണ് സ്ഥലം നല്‍കാന്‍ തീരുമാനിച്ചതെന്ന് കുല്‍ദീപ് ശര്‍മ്മ പ്രതികരിച്ചു. റവന്യൂ രേഖകള്‍ കൃത്യമായ ഭൂമിയാണ് അദ്ദേഹത്തിന് നല്‍കിയത്. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ''ഇത് എന്റെ ഭൂമിയാണ്, എന്റെ സഹോദരന്‍ നിസ്സഹായനായി തുടരാതിരിക്കാന്‍ ഞാന്‍ അത് സമ്മാനമായി നല്‍കുന്നു.'' എന്നും കുല്‍ദീപ് ശര്‍മ പറഞ്ഞു.
Hindu neighbour gifts land after Muslim journalist's house demolished by authorities in Jammu.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

