HMPV: Centre asks states to increase surveillance for respiratory diseases
എച്ച്എംപിവിയില്‍ നിരീക്ഷണം ശക്തമാക്കണം, സംസ്ഥാനങ്ങളോട് കേന്ദ്രം

'2001 മുതല്‍ ഉണ്ട്, സാധാരണയായി സ്വയം ഭേദമാകുന്നു'; എച്ച്എംപിവിയില്‍ നിരീക്ഷണം ശക്തമാക്കണം, സംസ്ഥാനങ്ങളോട് കേന്ദ്രം

എച്ച്എംപിവി കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖങ്ങള്‍ അല്ലെങ്കില്‍ കടുത്ത ശ്വാസകോശ അണുബാധകള്‍ എന്നിവയ്‌ക്കെതിരെയുള്ള നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം
Published on

ന്യൂഡല്‍ഹി: എച്ച്എംപിവി കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖങ്ങള്‍ അല്ലെങ്കില്‍ കടുത്ത ശ്വാസകോശ അണുബാധകള്‍ എന്നിവയ്‌ക്കെതിരെയുള്ള നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. ഇന്ത്യയിലെ ശ്വാസകോശ രോഗങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിക്കുന്നതിനായി, പ്രത്യേകിച്ച് എച്ച്എംപിവി കേസുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി തിങ്കളാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തെ തുടര്‍ന്നാണ് നിര്‍ദേശം.

പൊതുജന അവബോധം ശക്തിപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക, കൈ സോപ്പ് ഉപയോഗിച്ച് കഴുകുന്നതിന് മുന്‍പ് മുഖത്ത് തൊടുന്നത് ഒഴിവാക്കുക, രോഗലക്ഷണമുള്ള വ്യക്തികളില്‍ നിന്ന് അകലം പാലിക്കുക, ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായയും മൂക്കും മൂടുക തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനും കേന്ദ്രത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു. കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍ എച്ച്എംപിവി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലായിരുന്നു അടിയന്തര യോഗം.

ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു വൈറസാണ് എച്ച്എംപിവി. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കാണ് ഇത് കാരണമാകുന്നത്. എല്ലാ പ്രായത്തിലുമുള്ള ആളുകളിലും ശ്വാസകോശ സംബന്ധമായ അണുബാധകള്‍ ഉണ്ടാക്കുന്ന ഒരു വൈറസ് ആണിത്. രാജ്യത്ത് എവിടെയും ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖങ്ങള്‍, കടുത്ത ശ്വാസകോശ അണുബാധകള്‍ എന്നിവയില്‍ അസാധാരണമായ വര്‍ധന ഉണ്ടായിട്ടില്ല. ഐഡിഎസ്പിയുടെ ഡേറ്റ വ്യക്തമാക്കുന്നത് ഇക്കാര്യമാണെന്നും യോഗം വിലയിരുത്തി. 2001 മുതല്‍ തന്നെ ആഗോളതലത്തില്‍ എച്ച്എംപിവിയുടെ സാന്നിധ്യമുണ്ട്. അതുകൊണ്ട് ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീവാസ്തവ പറഞ്ഞു. എന്നാല്‍ ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖങ്ങള്‍ അല്ലെങ്കില്‍ കടുത്ത ശ്വാസകോശ അണുബാധകള്‍ എന്നിവയ്‌ക്കെതിരെയുള്ള നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാനങ്ങളോട് ശ്രീവാസ്തവ നിര്‍ദേശിച്ചു.

ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്നത് സാധാരണയായി കണ്ടുവരുന്നതാണ്. അത്തരം സാഹചര്യങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഏതൊരു വ്യാപനത്തെയും നേരിടാന്‍ രാജ്യം സജ്ജമാണെന്നും ശ്രീവാസ്തവ വ്യക്തമാക്കി. എല്ലാ പ്രായത്തിലുമുള്ള ആളുകളിലും, പ്രത്യേകിച്ച് ശൈത്യകാലത്തും വസന്തത്തിന്റെ തുടക്കത്തിലും അണുബാധയുണ്ടാക്കുന്ന നിരവധി ശ്വസന വൈറസുകളില്‍ ഒന്നാണ് എച്ച്എംപിവി. വൈറസ് അണുബാധ സാധാരണയായി സ്വയം ഭേദമാകുന്നതായാണ് കണ്ടുവരുന്നത്. മിക്ക രോഗികളും സ്വയം സുഖം പ്രാപിക്കുന്നതായും ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു. രോഗം നിര്‍ണയിക്കുന്നതിന് ഐസിഎംആര്‍- വിആര്‍ഡിഎല്‍ ലബോറട്ടറികളില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഉണ്ടെന്നും യോഗം വിലയിരുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com