

നാഗ്പുര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ കൈ പിടിക്കുന്നതും അവളുടെ മുന്നില്‍ വച്ച് പാന്റിന്റെ സിപ് അഴിക്കുന്നതും പോക്‌സോ നിയമപ്രകാരം ലൈംഗിക കുറ്റകൃത്യമല്ലെന്ന് ബോംബെ ഹൈക്കോടതി. അഞ്ചു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് ശിക്ഷിക്കപ്പെട്ട അന്‍പതുകാരന്റെ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ്, ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ സിംഗിള്‍ ബെഞ്ച് വിധി.
പ്രായപൂര്‍ത്തായാവാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ വസ്ത്രം മാറ്റാതെ സ്പര്‍ശിക്കുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗിക കുറ്റമല്ലെന്ന ജസ്റ്റിസ് പുഷ്പയുടെ വിധി വലിയ ചര്‍ച്ചകള്‍ ഉയര്‍ത്തിയിരുന്നു. ഈ വിധി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മുന്നില്‍ മെന്‍ഷന്‍ ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേ ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ്, ഇതേ ബെഞ്ചിന്റെ മറ്റൊരു വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്.
അമ്മ ജോലിക്കു പോയ സമയത്ത് വീട്ടിലെത്തിയ ലിബ്‌നസ് കുജുര്‍ എന്നയാള്‍ അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. കേസില്‍ ഐസിസി 354 എ 1, 448 എന്നീ വകുപ്പുകള്‍ പ്രകാരവും പോക്‌സോ നിയമം 8,10, 12 വകുപ്പുകള്‍ പ്രകാരവും പ്രതികുറ്റക്കാരെന്നു കണ്ട വിചാരണക്കോടതി അഞ്ചു വര്‍ഷം തടവിനു ശിക്ഷിക്കുകയും ചെയ്തു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് പുഷ്പയുടെ വിധി.
പ്രതി ലൈംഗികമായി ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെ കുട്ടിയുടെ വീട്ടില്‍ കടന്നെന്നു സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് ആയിട്ടുണ്ടെന്ന് ജസ്റ്റിസ് പുഷ്പ വിധിന്യായത്തില്‍ പറഞ്ഞു. എന്നാല്‍ ലൈംഗിക അതിക്രമം നടന്നതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പോക്‌സോ പ്രകാരം ലൈംഗിക അതിക്രമം ആവണമെങ്കില്‍ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശനം വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
കൈയില്‍ പിടിക്കുക, പാന്റിന്റെ സിപ് അഴിക്കുക എന്നിവ ലൈംഗിക അതിക്രമം എന്നതിന്റെ നിര്‍വചനത്തില്‍ പെടുത്താനാവില്ല. ഇതിനു പരമാവധി സ്ത്രീയുടെ അന്തസ്സു കെടുത്തല്‍ (ഐപിസി 354 എ1), പോക്‌സോ നിയമത്തിലെ താരമമ്യേന ശിക്ഷ കുറഞ്ഞ പന്ത്രണ്ടാം വകുപ്പ് എന്നീ വകുപ്പുകള്‍ പ്രകാരമേ കുറ്റക്കാരനെന്നു വിധിക്കാനാവൂവെന്ന് കോടതി പറഞ്ഞു. അഞ്ചു മാസം ഇതിനകം തന്നെ പ്രതി ശിക്ഷ അനുഭവിച്ചുകഴിഞ്ഞതായും അതുകൊണ്ടു വിട്ടയയ്ക്കാവുന്നതായും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ അമ്മയായിരുന്നു കേസിലെ പ്രധാന സക്ഷി. താന്‍ ജോലി കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ പ്രതിയെ വീട്ടില്‍ കണ്ടതായി അമ്മ മൊഴി നല്‍കി. അയാള്‍ മകളുടെ കൈ പിടിച്ചിരിക്കുകയാണെന്നും പാന്റിന്റെ സിപ് അഴിഞ്ഞ നിലയില്‍ ആയിരുന്നെന്നും അമ്മ പറഞ്ഞു. തനിക്കൊപ്പം കിടക്കാന്‍ പ്രതി ആവശ്യപ്പെട്ടതായുള്ള പെണ്‍കുട്ടിയുടെ മൊഴിയും അമ്മ കോടതിയെ അറിയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates