

പ്രയാഗ്‌രാജ്: മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയവര്‍ക്ക് ത്രിവേണീ സംഗമ സ്ഥാനത്ത് നിന്നുള്ള പുണ്യജലം വീട്ടുപടിക്കല്‍ എത്തിക്കാനുള്ള നീക്കം ആരംഭിച്ച് യോഗി സര്‍ക്കാര്‍. പുണ്യജലം സംസ്ഥാനത്തെ 75 ജില്ലകളിലെയും ജനങ്ങള്‍ക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
12,000 ലിറ്റര്‍ സംഗമജലവുമായി അഗ്‌നിശമന സേനയുടെ ആദ്യ ടാങ്കര്‍ ഞായറാഴ്ച വാരണാസിയില്‍ എത്തി. പുണ്യസ്‌നാനം നടത്താന്‍ അവസരം ലഭിക്കാതെ പോയവര്‍ക്ക് നാല് ടാങ്കറുകളില്‍ കൊണ്ടുവന്ന 20,000 ലിറ്റര്‍ ത്രിവേണി സംഗമജലം വിതരണം ചെയ്യും. ജനങ്ങള്‍ക്കിടയില്‍ പുണ്യജലം എവിടെ, എങ്ങനെ വിതരണം ചെയ്യണമെന്ന് തീരുമാനിക്കാന്‍ ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് വാരണാസിയിലെ ചീഫ് ഫയര്‍ ഓഫീസര്‍ ആനന്ദ് സിങ് രജ്പുത് പറഞ്ഞു.
സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പുണ്യജലം സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും അയയ്ക്കുകയാണ്. പൊതുജനങ്ങള്‍ക്ക് പുണ്യജലം എത്തിക്കാന്‍ വാരണാസി അഗ്‌നിശമന സേനയില്‍ നിന്നുള്ള നാല് അഗ്‌നിശമന സേനാ വാഹനങ്ങള്‍ ഉപയോഗിക്കും. ആദ്യ ഘട്ടത്തില്‍ അഗ്‌നിശമന വകുപ്പിന്റെ 21 ഫയര്‍ ടെന്‍ഡറുകള്‍ വെള്ളിയാഴ്ച സംഗമത്തിലെ പുണ്യജലവുമായി പുറപ്പെട്ടു.
മഹാകുംഭത്തില്‍ പുണ്യസ്‌നാനം നടത്താന്‍ കഴിയാത്തവര്‍ക്ക് അവരുടെ വീട്ടുവാതില്‍ക്കല്‍ സംഗമജലം ലഭിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. മഹാകുംഭ മേളയില്‍ എത്താന്‍ കഴിയാതിരുന്ന ആളുകള്‍ക്കായി പുണ്യജലം നിറച്ച ടാങ്കറുകള്‍ എല്ലാ ജില്ലകളിലേക്കും അയച്ചതായി ചീഫ് ഫയര്‍ ഓഫീസര്‍ പ്രമോദ് ശര്‍മ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
