

ന്യൂഡല്‍ഹി: കഴിഞ്ഞ നവംബറില്‍ എട്ട് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ആരംഭിച്ച 'ഫിഫ വേള്‍ഡ് കപ്പ് 2026' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പാണ് നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ പ്രധാന പ്രതികളായ പിവി കുല്‍ക്കര്‍ണി, മനീഷ മന്ധാരെ എന്നിവരിലേക്ക് സിബിഐയെ നയിച്ചതെന്നും ചോര്‍ച്ചയുടെ രീതി പുറത്തുകൊണ്ടുവന്നതെന്നും റിപ്പോര്‍ട്ട്. സിബിഐ ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച 20,000 പേജുള്ള കുറ്റപത്രത്തിലാണ് ഈ വിവരങ്ങളുള്ളത്.
നീറ്റ് പരീക്ഷാര്‍ഥികളായ രണ്ട് പേരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. പുണെ സ്വദേശിയായ മനീഷ മന്ധാരെയാണ് എട്ടംഗ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. സ്‌പെഷ്യല്‍ ബയോളജി ക്ലാസുകള്‍ ഏകോപിപ്പിക്കുന്നതിനും ക്ലാസ് സമയങ്ങള്‍, പരീക്ഷയ്ക്ക് ശേഷമുള്ള മൂല്യനിര്‍ണയം, മാര്‍ക്ക് കണക്കാക്കല്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനുമാണ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നത്.
പുണെയിലെ ബ്യൂട്ടീഷ്യനായ മനീഷ വാഗ്മരെയാണ് വിദ്യാര്‍ഥികളെ ഈ ഗ്രൂപ്പിലേക്ക് ഏകോപിപ്പിച്ചത്. എന്‍ടിഎ ചോദ്യപേപ്പര്‍ വിവര്‍ത്തനം ചെയ്യുന്നതിനും പ്രൂഫ് റീഡിങ്ങിനുമായി കരാറടിസ്ഥാനത്തില്‍ ചുമതലപ്പെടുത്തിയ വിഷയ വിദഗ്ധരായ പിവി കുല്‍ക്കര്‍ണി, മനീഷ മന്ധാരെ എന്നിവരുടെ ഓണ്‍ലൈന്‍-ഓഫ്ലൈന്‍ ക്ലാസുകള്‍ വാഗ്മരെ വിദ്യാര്‍ഥികള്‍ക്ക് വാഗ്ദാനം ചെയ്തു. നീറ്റ് പരീക്ഷയില്‍ വരാന്‍ സാധ്യതയുള്ള സമാന ചോദ്യങ്ങള്‍ ഈ ക്ലാസുകളിലൂടെ ലഭിക്കുമെന്ന് ഇവര്‍ വിദ്യാര്‍ഥികളെ വിശ്വസിപ്പിച്ചിരുന്നു.
ബയോളജി ക്ലാസുകളില്‍ പുതിയ പ്ലസ് വണ്‍, പ്ലസ്ടു എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളിലെ ചില ഭാഗങ്ങള്‍ മാര്‍ക്ക് ചെയ്യാനും മാര്‍ജിനുകളില്‍ ചോദ്യങ്ങള്‍ കുറിച്ചെടുക്കാനും മനീഷ മന്ധാരെ വിദ്യാര്‍ഥികളോട് നിര്‍ദ്ദേശിച്ചിരുന്നു. ക്ലാസിന് ശേഷം വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ നോട്ടുകള്‍ മന്ധാരെ തന്നെ തിരുത്തി നല്‍കുകയും ചെയ്തു.
ബയോളജി ക്ലാസുകളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ കെമിസ്ട്രി വിദഗ്ദ്ധനായ പിവി കുല്‍ക്കര്‍ണിയുടെ ക്ലാസുകളിലും പങ്കെടുത്തിരുന്നു. പുണെയിലെ തന്റെ വസതിയില്‍ വെച്ച് കുല്‍ക്കര്‍ണിയും സമാനമായ പ്രത്യേക ക്ലാസുകള്‍ നടത്തി. പരീക്ഷയ്ക്ക് മുന്നോടിയായി ലിങ്കുകളും ക്ലാസ് സമയങ്ങളും പങ്കുവെക്കാന്‍ NEET 2026 എന്ന പേരില്‍ മറ്റൊരു വാട്‌സ്ആപ്പ് ഗ്രൂപ്പും കുല്‍ക്കര്‍ണി ഉണ്ടാക്കി.
മനീഷ മന്ധാരെയും പിവി കുല്‍ക്കര്‍ണിയും നല്‍കിയ ബയോളജി, കെമിസ്ട്രി ചോദ്യങ്ങള്‍ യഥാര്‍ഥ നീറ്റ്-യുജി പരീക്ഷയിലെ ചോദ്യങ്ങളുമായി കൃത്യമായി ഒത്തുപോയിരുന്നുവെന്ന് ഗ്രൂപ്പിലെ അംഗങ്ങള്‍ സിബിഐക്ക് മൊഴി നല്‍കി. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മെയ് 15, 16 തീയതികളില്‍ കുല്‍ക്കര്‍ണിയെയും മന്ധാരെയെയും അറസ്റ്റ് ചെയ്തത്.
എന്‍ടിഎയില്‍ ബോട്ടണി/ സൂവോളജി വിഷയ വിദഗ്ദ്ധയായി പ്രവര്‍ത്തിച്ചിരുന്ന മനീഷ മന്ധാരെയ്ക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന ഘട്ടത്തില്‍ രഹസ്യ രേഖകള്‍ കൈകാര്യം ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു. പരീക്ഷാ രഹസ്യം സൂക്ഷിക്കാന്‍ ബാധ്യസ്ഥയായ ഇവര്‍ സ്വന്തം വീട്ടില്‍ കോച്ചിങ് ക്ലാസുകള്‍ നടത്തുകയും വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി വിവരങ്ങള്‍ ചോര്‍ത്തുകയുമായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫിസിക്‌സ് വിദഗ്ധയായ മനീഷ ഹവാല്‍ദാറുടെ പങ്കും പുറത്തുവന്നത്. പണത്തിനായി 66 ചോദ്യങ്ങള്‍ ഇവര്‍ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തി. വാഗ്മരെയുടെ ഭര്‍ത്താവിന്റെ ഡെന്റല്‍ ക്ലിനിക്കിലാണ് ചോര്‍ത്തിയ ചോദ്യപേപ്പറുകള്‍ തരംതിരിക്കുന്നതും പ്രിന്റ് ചെയ്യുന്നതുമടക്കമുള്ള കാര്യങ്ങള്‍ നടന്നതെന്നും സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates