

ചെന്നൈ: താമസസ്ഥലത്തെ വഴികളിലൂടെ ശവസംസ്‌കാര ഘോഷയാത്ര നടത്തുന്നത് അനുവദിക്കരുതെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. ഇത്തരം ശവസംസ്‌കാര ഘോഷയാത്രകള്‍ പൊതുജന ശല്യം സൃഷ്ടിക്കുന്നുവെന്ന് കാണിച്ച് തമിഴ്‌നാട്ടിലെ കമ്മവര്‍ സമുഗ നള സംഘം ആണ് ഹൈക്കോടതിയെ സമീപിച്ചത്. അസോസിയേഷന്റെ സമീപനത്തെ മനുഷ്യത്വരഹിതം എന്ന് വിശേഷിപ്പിച്ച കോടതി 25,000 രൂപ പിഴയും ഹര്‍ജിക്കാര്‍ക്ക് ചുമത്തി.
ശവസംസ്‌കാര ഘോഷയാത്രയെ എങ്ങനെയാണ് പൊതുശല്യം എന്ന് പറയുന്നതെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടയില്‍ കോടതി ചോദിച്ചു. ജസ്റ്റിസുമാരായ എം എസ് രമേശ്, എ ഡി മരിയ ക്ലീറ്റ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇത്തരമൊരു ഹര്‍ജി അനുവദിച്ചാല്‍ അത് ഗ്രാമവാസികള്‍ക്കിടയില്‍ സംഘര്‍ഷത്തിനും അരാജകത്വത്തിനും കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു.
അസോസിയേഷന്‍ അംഗങ്ങളുടെ ക്ഷേമ നടപടികള്‍ പരിഹരിക്കാനുള്ളതാണെന്നും നിരുത്തരവാദപരമായ ഇത്തരം ഹര്‍ജികള്‍ നല്‍കി സ്വയം അധഃപതിക്കരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഗ്രാമവാസികള്‍ പൊതുനിരത്തുകളില്‍ ശവസംസ്‌കാര ഘോഷയാത്ര നടത്തുന്നത് തടയാന്‍ നിയമപരമായി കഴിയില്ലെന്നും അതിനുള്ള അവകാശം അസോസിയേഷനില്ലെന്നും കോടതി പറഞ്ഞു. പഞ്ചായത്തിന്റെ അധീനതയിലുള്ള തെരുവുകളും റോഡുകളും ജാതി,മത,സമുദായ വ്യത്യാസമില്ലാതെ ഓരോ ഗ്രാമീണര്‍ക്കും മറ്റ് പൊതുവിഭാഗങ്ങള്‍ക്കും ഒരുപോലെ അര്‍ഹതപ്പെട്ടതാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഭരണഘടയുടെ ആര്‍ട്ടിക്കിള്‍ 15 പ്രകാരം അസോസിയേഷന്റെ ഹര്‍ജി വിവേചനത്തിന് തുല്യമാണെന്നും അതിനാല്‍ ഹര്‍ജി തള്ളുന്നുവെന്നും കോടതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
