ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാവിൽ സുരക്ഷാ സേനയും കുപ്രസിദ്ധ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടൽ മണിക്കൂറുകളോളമാണ് നീണ്ടുനിന്നത്. പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ഭീകരനെ കീഴടക്കാൻ സുരക്ഷാ സേന നടത്തിയ അതീവ ജാഗ്രതയോടെയുള്ള നീക്കങ്ങൾ ഒടുവിൽ വിജയം കണ്ടു. പള്ളിയുടെ പവിത്രതയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ ഭീകരനെ തുരത്തിയെടുത്ത ആ സാഹസിക ഓപ്പറേഷന്റെ വിശദാംശങ്ങൾ അധികൃതർ പങ്കുവച്ചു.
കഴിഞ്ഞ തിങ്കളാഴ്ച ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉമർ നിസാർ ദാർ എന്ന കൂട്ടാളിയുടെ മരണത്തിന് പിന്നാലെയാണ് സുരക്ഷാ സേന ലത്തീഫ് ഭട്ടിനായി തെരച്ചിൽ ശക്തമാക്കിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച പുലർച്ചെയോടെ കുൽഗാമിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടയിലാണ് ഭട്ട് ഒരു പള്ളിയിൽ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ആരാധനാലയത്തിന് യാതൊരു വിധ കേടുപാടുകളും സംഭവിക്കാത്ത രീതിയിൽ ഇയാളെ കീഴ്പ്പെടുത്തുക എന്നതായിരുന്നു സേനയ്ക്ക് മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി.
കീഴടങ്ങാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായി കുൽഗാം എസ്പി അനയത് അലി നേരിട്ട് ലത്തീഫ് ഭട്ടുമായി ദീർഘനേരം വിഡിയോ കോളിൽ സംസാരിച്ചു. ആയുധം താഴെവെച്ച് പുറത്തുവന്നാൽ ജീവനോടെ ഉണ്ടാകുമെന്ന് 9 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫീസറും ഭട്ടിന് ഉറപ്പുനൽകിയിരുന്നു. "ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്" എന്ന് ഉദ്യോഗസ്ഥർ വിഡിയോ കോളിലൂടെ അഭ്യർത്ഥിച്ചെങ്കിലും ഭട്ട് ഇത് പൂർണ്ണമായും തള്ളിക്കളയുകയായിരുന്നു. തനിക്ക് അല്ലാഹു അല്ലാതെ ആരുമില്ലെന്ന് വ്യക്തമാക്കിയ ഇയാൾ കീഴടങ്ങാൻ തയ്യാറായില്ല.
ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് സേന പള്ളിക്കുള്ളിലേക്ക് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചത്. പുകയിൽ നിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ഓടിയെത്തിയ ഭട്ട് സുരക്ഷാ സേനയുടെ വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു. "ഞങ്ങളുടെ പക്കൽ സമയവും പകൽ വെളിച്ചവും ഉണ്ടായിരുന്നു" എന്ന് ഏറ്റുമുട്ടലിന് ശേഷം എസ്പി. അനയത് അലി വ്യക്തമാക്കി. പള്ളിക്ക് കേടുപാടുകൾ വരുത്താതെ ഭീകരനെ ഇല്ലാതാക്കാൻ കഴിഞ്ഞത് സുരക്ഷാ സേനയുടെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates