ന്യൂഡല്‍ഹി : സാമൂഹിക മാധ്യമങ്ങള്‍ ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം പരമമല്ലെന്നും രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ പറഞ്ഞു.
ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, യു ട്യൂബ്, ലിങ്ക്ഡ്ഇന്‍ എന്നിവയെ പേരെടുത്തു പറഞ്ഞായിരുന്നു രാജ്യസഭയില്‍ കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് ക്യാപിറ്റോള്‍ അക്രമം നടന്നപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ പൊലീസുമായി സഹകരിച്ചു. പക്ഷേ ചെങ്കോട്ടയില്‍ അക്രമം നടന്നപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. ചെങ്കോട്ട നമ്മുടെ അഭിമാനസ്തംഭമാണ്. ഇരട്ടത്താപ്പ് അനുവദിക്കാന്‍ ആകില്ല. കേന്ദ്രമന്ത്രി പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളെ ഒരുപാട് ബഹുമാനിക്കുന്നു. സാധാരണക്കാരെ അവ ശാക്തീകരിച്ചു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. എങ്കിലും വ്യാജവാര്‍ത്തകളും അക്രമവും പരത്താനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചാല്‍ നടപടി സ്വീകരിക്കും. കേന്ദ്രമന്ത്രി വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാറും ട്വിറ്ററുമായുള്ള പ്രശ്‌നം രൂക്ഷമാകുന്നതിനിടെയാണ് രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന. ഖാലിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുന്നതും പാക്കിസ്ഥാന്റെ പ്രേരണയില്‍ പ്രവര്‍ത്തിക്കുന്നതുമായ 1178 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനോട് നിര്‍ദേശിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates