

പിന്നലുകളുള്ള വെള്ള കോട്ടണ്‍ സാരിയും നീല വാറിന്റെ ഹവായ് ചെരുപ്പുമിട്ട് പശ്ചിമ ബംഗാള്‍ മുഴുവന്‍ ഓടി നടന്ന മമത അന്ന് ഇളക്കിമാറ്റിയത് മൂന്നു പതിറ്റാണ്ടിലേറെയായി ഇടതുപക്ഷം കാത്തുവച്ച കോട്ടയാണ്. അതേ മമത, ഇന്നൊരു ഒറ്റയാന്‍ മതിലുപോലെ തടഞ്ഞുനിര്‍ത്തുന്നത് വംഗഭൂമിയിലേക്കുള്ള കാവിപ്പടയുടെ പടയോട്ടവും. അതെ, ബംഗാളിനെ സംബന്ധിച്ചെങ്കിലും ഇതൊരു ഒറ്റയാള്‍ പോരാട്ടം തന്നെയാണ്.
ഇടതുപക്ഷം തകര്‍ന്നടിഞ്ഞതോടെ ആ ഇടത്തിലേക്കു കടന്നുകയറാനുള്ള ബിജെപിയുടെ ശ്രമത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ പിടിച്ചുനിര്‍ത്തിയിരുന്നു, മമത ബാനര്‍ജി. അതിന്റെ തനിയാവര്‍ത്തനമാണ്, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. ആകെയുള്ള 42 സീറ്റില്‍ ബിജെപിയെ 12ല്‍ ഒതുക്കാന്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിനായി- കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ആറു സീറ്റ് കുറവ്. 39ല്‍ താഴെ ശതമാനം വോട്ടാണ് ബംഗാളില്‍ ബിജെപി സഖ്യത്തിനു നേടാനായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒന്നര പതിറ്റാണ്ടു മുമ്പ് നന്ദിഗ്രാമില്‍ ബുദ്ധദേബ് ഭട്ടാചാര്യയുടെ സര്‍ക്കാരിനെതിരെ മമത തുറന്നുവിട്ട ഭൂതം, തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ സന്ദേശ്ഖലിയിലൂടെ തിരിച്ചുവന്നത് തൃണമൂലിന്റെ സാധ്യതകളെ തുലാസിലാക്കിയിരുന്നു. സിപിഎമ്മിനെതിരെ മമത മുന്നേറിയ അതേ പാതയില്‍ ഇക്കുറി ബിജെപി തൃണമൂലിനെ വീഴ്ത്തി പായുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഗണിച്ചുപറഞ്ഞത് സന്ദേശ്ഖലിയെ കണ്ടാണ്. യൂത്ത് കോണ്‍ഗ്രസ്സിലെ തീപ്പൊരിക്കാലം മുതലേ ബംഗാളിയുടെ മനസ്സില്‍ പതിഞ്ഞ, മമത എന്ന തെരുവു പോരാളിയുടെ പ്രതിച്ഛായ പക്ഷേ, അതിനെ മറികടക്കാന്‍ പോന്നതായിരുന്നുവെന്നാണ് അന്തിമ ഫലം തെളിയിച്ചത്.
വ്യക്തിഗത പ്രതിച്ഛായയ്‌ക്കൊപ്പം ജനങ്ങള്‍ നേരിട്ടു നേട്ടമുണ്ടാക്കാനായ ചില സര്‍ക്കാര്‍ പദ്ധതികള്‍ കൂടി ഇതില്‍ മമതയ്ക്കു ബലമായിട്ടുണ്ടാവണം. ലക്ഷ്മിര്‍ ബണ്ഡാര്‍, കന്യാശ്രീ തുടങ്ങിയ പദ്ധതികള്‍ തൃണമൂലിനെ ജനപക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചെന്നാണ്, രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോള്‍ വിലയിരുത്തുന്നത്.
ജഡ്ജി സ്ഥാനം രാജിവച്ച് രാഷ്ട്രീയക്കളത്തിലിറങ്ങിയ അഭിജിത് ഗംഗോപാധ്യായ മുതല്‍ ദിലീപ് ഘോഷ് വരെ എതിരാളികളായി പ്രമുഖരുടെ നീണ്ട നിര. ഇതൊന്നും പക്ഷേ, മമതയുടെ കുതിപ്പിനു കടിഞ്ഞാണായില്ല
അഴിമതി ആരോപണങ്ങളില്‍ സര്‍ക്കാര്‍ മുങ്ങിനില്‍ക്കുമ്പോള്‍, പല നേതാക്കളും ജയിലുകളിലും കോടതി വരാന്തകളിലുമായി കഴിയുമ്പോള്‍, കേന്ദ്ര ഏജന്‍സികള്‍ റൈറ്റേഴ്‌സ് ബില്‍ഡിങ്ങിന്റെ പടിവാതില്‍ക്കല്‍ കാത്തുനില്‍ക്കുമ്പോള്‍..., ഇങ്ങനെ മമതയ്ക്ക് എതിരായി ചിന്തിക്കാന്‍ ഘടകങ്ങള്‍ ഏറെയായിരുന്നു ഈ തെരഞ്ഞെടുപ്പില്‍. ജഡ്ജി സ്ഥാനം രാജിവച്ച് രാഷ്ട്രീയക്കളത്തിലിറങ്ങിയ അഭിജിത് ഗംഗോപാധ്യായ മുതല്‍ ദിലീപ് ഘോഷ് വരെ എതിരാളികളായി പ്രമുഖരുടെ നീണ്ട നിര. ഇതൊന്നും പക്ഷേ, മമതയുടെ കുതിപ്പിനു കടിഞ്ഞാണായില്ല. ഇന്ത്യാ മുന്നണിയുടെ ഭാഗമായിരിക്കുമ്പോഴും കോണ്‍ഗ്രസുമായും ഇടതു പാര്‍ട്ടികളുമായും സീറ്റ് ധാരണയ്ക്കില്ലെന്ന് തീര്‍ത്തു പറഞ്ഞ്, ഭരണ വിരുദ്ധ വികാര വോട്ടുകളെ ഭിന്നിപ്പിച്ചു വിട്ട മമതയുടെ തന്ത്രത്തിന്റെ വിജയം കൂടിയാണ് ബംഗാളിലെ തെരഞ്ഞെടുപ്പു ഫലം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
