ന്യൂഡല്‍ഹി: അടുത്ത രണ്ടു ദശകങ്ങളില്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം 15 മുതല്‍ 40 വരെ അധിക 'അതീവ ഉഷ്ണ ദിവസങ്ങള്‍' അനുഭവപ്പെടുമെന്ന് പുതിയ പഠനം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിലാണ് കണ്ടെത്തല്‍. ഡാറ്റ വിശകലന പ്ലാറ്റ്‌ഫോമായ ക്രാവിസിന്റെ (CRAVIS) പ്രവചനമാണിത്.
പകല്‍ സമയത്ത് മാത്രമല്ല, രാത്രികളിലും ചൂട് ഗണ്യമായി ഉയരാനാണ് സാധ്യതയെന്ന് പഠനം പറയുന്നു. പ്രതിവര്‍ഷം 20 മുതല്‍ 40 വരെ അധിക 'അതീവ ഉഷ്ണരാത്രികള്‍' അനുഭവപ്പെടും. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാവുകയും, ഉറക്കത്തെയുള്‍പ്പെടെ ബാധിക്കുകയും ചെയ്യും.
1981 മുതല്‍ 2010 വരെയുള്ള ശരാശരി താപനിലയേക്കാള്‍ കൂടുതല്‍ ചൂടനുഭവപ്പെടുന്ന ദിവസങ്ങളെയാണ് 'അതീവ ഉഷ്ണ ദിവസങ്ങളെന്ന്' ക്രാവിസ് നിര്‍വചിക്കുന്നത്. പുതിയ എഐ പവേര്‍ഡ് ക്ലൈമറ്റ് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമാണ് ക്രാവിസ്.
മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ മധ്യ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂടിനൊപ്പം കനത്ത മഴയും വര്‍ധിക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വെള്ളപ്പൊക്കത്തിനും കാരണമായേക്കും.
ഉയര്‍ന്ന ചൂട് വൈദ്യുതി ആവശ്യകത വര്‍ധിപ്പിക്കുകയും ജലക്ഷാമം രൂക്ഷമാക്കുകയും സാമ്പത്തിക രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുമെന്നും വിദഗ്ധര്‍ പറയുന്നു. അതിനാല്‍, കാലാവസ്ഥാ മാറ്റത്തെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികള്‍ അടിയന്തിരമായി തയ്യാറാക്കേണ്ടതുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
കൗണ്‍സില്‍ ഓണ്‍ എനര്‍ജി എന്‍വയോണ്‍മെന്റ് ആന്‍ഡ് വാട്ടര്‍ വികസിപ്പിച്ച പുതിയ സംവിധാനമാണ് ക്രാവിസ്. ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള 40 വര്‍ഷത്തിലേറെ പഴക്കമുള്ള ഡാറ്റാസെറ്റുകള്‍ ഉപയോഗിച്ചാണ് ക്രാവിസ് 2070 വരെയുളള കാലാവസ്ഥ പ്രവചിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates