ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ടിപിആര്‍ 20ന് മുകളില്‍; ഇന്നലെ 3,06,064 പേര്‍ക്കു കോവിഡ്, സമൂഹ വ്യാപനം സ്ഥിരീകരിച്ച് കേന്ദ്രം 

ടെസ്റ്റ് പോസിറ്റിവിറ്റി ഇരുപതു ശതമാനത്തിനു മുകളിലെത്തി. 20.75% ആണ് ഇന്നലത്തെ ടിപിആര്‍
Published on

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 3,06,064 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 27,469 കേസുകള്‍ കുറവാണിത്. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി ഇരുപതു ശതമാനത്തിനു മുകളിലെത്തി. 20.75% ആണ് ഇന്നലത്തെ ടിപിആര്‍.

നിലവില്‍ രാജ്യത്ത് 22,49,335 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 2,43,495 പേര്‍ രോഗമുക്തി നേടി. 439 പേരാണ് ഈ സമയത്തിനിടെ വൈറസ് ബാധ മൂലം മരിച്ചത്.

കര്‍ണാടകയില്‍  24 മണിക്കൂറിനിടെ 50,210 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22,842 പേര്‍ പുതുതായി രോഗമുക്തി നേടിയപ്പോള്‍ 19 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 3,57,796 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22 ശതമാനം കടന്നു. 22.77 ശതമാനമാണ് നിലവിലെ ടിപിആര്‍.

ബംഗളൂരുവില്‍ 165 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 931 ആയി ഉയര്‍ന്നതായി കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍ അറിയിച്ചു. ആന്ധ്രാപ്രദേശില്‍ പുതുതായി 14,440 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

സമൂഹ വ്യാപനം സ്ഥിരീകരിച്ച് കേന്ദ്രം

കോവിഡ് വകഭേദമായ ഒമൈക്രോണ്‍ ഇന്ത്യയില്‍ സമൂഹവ്യാപനഘട്ടത്തിലെന്ന് മുന്നറിയിപ്പ്. വൈറസിലെ ജനിതകമാറ്റം നിരീക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഇന്ത്യന്‍ സാര്‍സ് കോവി2 ജീനോമിക്‌സ് ലാബുകളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി മെട്രോ നഗരങ്ങള്‍ പുതിയ വകഭേദത്തിന്റെ പിടിയിലാണ്.

രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പ്രധാന കാരണം ഒമൈക്രോണ്‍ സാന്നിധ്യമാണെന്നും ഇന്‍സാകോഗ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഒമൈക്രോണ്‍ കേസുകളില്‍ രോഗലക്ഷണം പലര്‍ക്കും ഉണ്ടാകുന്നില്ല. അല്ലെങ്കില്‍ തീരെ ചെറിയ ലക്ഷണങ്ങളേ ഉണ്ടാകുന്നുള്ളൂ.

എന്നാല്‍ പുതിയ തരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടേയും ഐസിയു ചികിത്സ വേണ്ടി വരുന്നവരുടേയും എണ്ണം വര്‍ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭീഷണി മാറ്റമില്ലാതെ നിലനില്‍ക്കുന്നുണ്ട്. ഒമൈക്രോണിന്റെ ബിഎ2 വകഭേദവും ഇന്ത്യയില്‍ കണ്ടു വരുന്നതായി ഇന്‍സാകോഗ് പറയുന്നു.

രാജ്യത്ത് അടുിത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാം തരംഗം മൂര്‍ധന്യാവസ്ഥയിലെത്തുമെന്ന് ഐഐടി മദ്രാസിന്റെ പഠനം പറയുന്നു. ജനുവരി 14 മുതല്‍ 21 വരെയുള്ള ആഴ്ചയില്‍ കൊറോണ വൈറസിന്റെ വ്യാപന നിരക്ക് 1.57 ആയി കുറഞ്ഞിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com