ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 38,079 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 560 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്.
നിലവില്‍ ഇന്ത്യയില്‍ 4,24,025 പേരാണ് കോവിഡ് ബാധിച്ചു വീടുകളിലും ആശുപത്രികളുമായി ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 97.31 ശതമാനത്തില്‍ എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ അടുത്ത 125 ദിവസം വളരെ നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി. കോവിഡ് കേസുകള്‍ കുറയുന്നത് മന്ദഗതിയിലായി തുടങ്ങി. ഇത് ഒരു മുന്നറിയിപ്പ് സൂചനയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
രണ്ടാം തരംഗത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് 95 ശതമാനം കോവിഡ് മരണവും തടയാന്‍ സാധിച്ചു എന്ന്പഠനം വ്യക്തമാക്കുന്നു. ഒരു വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇത് 82 ശതമാനമാണ്. ജൂലൈയോടെ 50 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യം. ഈ നേട്ടം കൈവരിക്കുന്നതിനുള്ള വഴിയിലാണ് സര്‍ക്കാര്‍. 66 കോടി ഡോസ് കോവാക്‌സിനും കോവിഷീല്‍ഡിനും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ 22 കോടി വാക്‌സിന്‍ സ്വകാര്യമേഖലയിലും ലഭ്യമാക്കുമെന്നും വിദഗ്ധ സമിതി അംഗം ഡോ. വി കെ പോള്‍ പറഞ്ഞു.
വൈറസിന്റെ പുതിയ തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.രാജ്യത്തുടനീളം രോഗവ്യാപനം അടിയന്തരമായി തടയേണ്ടതുണ്ട്. ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മാത്രമേ ഇതിന് സാധിക്കുകയുള്ളു. കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ അടുത്ത 125 ദിവസം വളരെ നിര്‍ണായകമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
നിരവധി രാജ്യങ്ങളില്‍ കോവിഡ് സാഹചര്യം കൂടുതല്‍ മോശമാവുകയാണെന്നും ലോകം കോവിഡ് മൂന്നാം തരംഗത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ലോകാരോഗ്യ സംഘടന മൂന്നാം തരംഗ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇതില്‍ നിന്ന് നമ്മള്‍ പാഠം ഉള്‍ക്കൊള്ളണം. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തണമെന്നും വി കെ പോള്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates