'എന്തൊരു മധുരം'; സൈനിക പിന്‍മാറ്റത്തിന് പിന്നാലെ നിയന്ത്രണമേഖലയില്‍ ദീപാവലി ആഘോഷമാക്കി ഇന്ത്യാ - ചൈന സൈനികര്‍

നിയന്ത്രണ രേഖയിലുള്ള സംഘര്‍ഷ മേഖലകളായ ഡെപ്‌സാങ്, ഡെംചോക് മേഖലകളില്‍ നിന്ന് സൈനികര്‍ പിന്‍വാങ്ങിയതിന് പിന്നാലെയാണ് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി മധുരം കൈമാറുന്ന പരമ്പരാഗത രീതി പുനഃരാരംഭിച്ചത്.
Indian, Chinese troops at LAC exchange Diwali sweets after border disengagement
അതിര്‍ത്തിയിലെ നിയന്ത്രണമേഖലയില്‍ മധുരം പരസ്പരം കൈമാറി ഇന്ത്യാ - ചൈന സൈനികര്‍പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ നിയന്ത്രണമേഖലയില്‍ മധുരം പരസ്പരം കൈമാറി ഇന്ത്യാ - ചൈന സൈനികര്‍. ദീപാവലിയോട് അനുബന്ധിച്ചാണ് അതിര്‍ത്തി മേഖലകളില്‍ ഇരുസൈനികരും മധുരം കൈമാറിയത്. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയിലുള്ള സംഘര്‍ഷ മേഖലകളായ ഡെപ്‌സാങ്, ഡെംചോക് മേഖലകളില്‍ നിന്ന് സൈനികര്‍ പിന്‍വാങ്ങിയതിന് പിന്നാലെയാണ് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി മധുരം കൈമാറുന്ന പരമ്പരാഗത രീതി പുനഃരാരംഭിച്ചത്.

ദീപാവലിയോട് അനുബന്ധിച്ച് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ നിയന്ത്രണമേഖലയില്‍ പലയിടത്തും മധുരപലഹാരങ്ങള്‍ കൈമാറിയതായി സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് നിയന്ത്രണമേഖലയില്‍ നിന്ന് ഇരുരാജ്യങ്ങളും സൈനികരെ പിന്‍വലിച്ചത്. ഇതോടെ അതിര്‍ത്തിയില്‍ പട്രോളിങ് ആരംഭിച്ചു. ഈ നടപടിയോടെ 2020 മുതല്‍ വഷളായ ഇന്ത്യ - ചൈനാ ബന്ധം സുസ്ഥിരമാക്കാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

പട്രോളിങ് 2020 ഏപ്രിലിന് മുന്‍പുള്ള നിലയിലാണ് പുനരാരംഭിച്ചത്. 2020 ജൂണില്‍ ഗാല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് നിയന്ത്രണ രേഖയില്‍ ഇരു രാജ്യങ്ങളും സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു. സൈനിക പിന്മാറ്റത്തിനൊപ്പം മേഖലയിലെ താല്‍ക്കാലിക നിര്‍മാണങ്ങളും പൊളിച്ചുമാറ്റി. പ്രതിരോധ സാമഗ്രികളും സൈനിക വാഹനങ്ങളും ബേസ് ക്യാംപുകളിലേക്കു തിരികെക്കൊണ്ടുപോയി. മേഖലയില്‍ മുഖാമുഖം വരാതെയാണ് ഇരു സേന വിഭാഗങ്ങളുടെയും പട്രോളിങ്.

കഴിഞ്ഞ ദിവസം റഷ്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ആശയവിനിമയവും സഹകരണവും മെച്ചപ്പെടുത്തേണ്ടത് ഇരു രാജ്യങ്ങളുടെയും ആവശ്യമാണെന്നായിരുന്നു നിലപാട്.നിയന്ത്രണ രേഖയില്‍നിന്ന് പിന്‍വാങ്ങുന്നതില്‍ ധാരണയായതായി കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ പ്രഖ്യാപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com