ദേശസുരക്ഷ പറഞ്ഞ് ഒഴിയാനാകില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം; സമിതി പരിശോധിക്കുന്ന ഏഴു വിഷയങ്ങള്‍ ഇവ

മൗലിക അവകാശങ്ങളിലേക്ക് കടന്നു കയറുന്ന നിയന്ത്രണങ്ങള്‍ ഭരണഘടന പരിശോധനക്ക് വിധേയമാകണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
2 min read

ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ദേശസുരക്ഷ പറഞ്ഞ് എല്ലാ ആരോപണങ്ങളില്‍നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ജനാധിപത്യത്തില്‍ വ്യക്തിയുടെ സ്വകാര്യത പരമപ്രധാനമാണ്. ദേശസുരക്ഷ ഹനിക്കുന്ന സാങ്കേതിക വിദ്യ വേണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും കോടതി പറഞ്ഞു. 

ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് കോടതി ശ്രമിക്കുന്നത്. രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. ഈ കേസില്‍ ചില ഹര്‍ജിക്കാര്‍ പെഗാസസിന്റെ നേരിട്ടുള്ള ഇരകളാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല എല്ലാ വ്യക്തികള്‍ക്കും സ്വകാര്യത അനിവാര്യമാണ്. വിവര സാങ്കേതികതയുടെ വളര്‍ച്ചക്കിടയിലും സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. നിയന്ത്രണങ്ങള്‍ ഭരണഘടനാപരിധിയില്‍ നിന്നുകൊണ്ടാകണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. 

കോടതിയെ കാഴ്ചക്കാരാക്കരുത്

മൗലിക അവകാശങ്ങളിലേക്ക് കടന്നു കയറുന്ന നിയന്ത്രണങ്ങള്‍ ഭരണഘടന പരിശോധനക്ക് വിധേയമാകണം. പെഗാസസുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും അറിയിക്കാന്‍ കേന്ദ്രത്തിന് ആവശ്യത്തിന് സമയം നല്‍കി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. കോടതിയെ കാഴ്ചക്കാരാക്കരുത്. വിവാദത്തിന്റെ അടിവേരുകള്‍ കണ്ടെത്താന്‍ കോടതി നിര്‍ബന്ധിതമാകുകയാണ്. സ്വകാര്യതയിലേക്ക് കടന്നുകയറി മാധ്യമസ്വാതന്ത്ര്യത്തെ അട്ടിമറിക്കാന്‍ പറ്റില്ല. വിദേശ ഏജന്‍സികളുടെ പങ്ക് അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കി. 

നിങ്ങള്‍ക്കൊരു രഹസ്യം സൂക്ഷിക്കണമെങ്കില്‍, അത് നിങ്ങളില്‍ നിന്നു തന്നെ മറച്ചുവെക്കുക എന്ന ജോര്‍ജ് ഓര്‍വെല്ലിന്റെ വാചകം ഉദ്ധരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് പെഗാസസ് ഫോണ്‍ചോര്‍ത്തലില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. പരാതികള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിക്കാമെന്ന കേന്ദ്രത്തിന്റെ നിര്‍ദേശവും സുപ്രീംകോടതി തള്ളിക്കളഞ്ഞു. 

വിദഗ്ധ സമിതി പരിശോധിക്കുന്ന വിഷയങ്ങള്‍ ഇവയാണ് : 

1. പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയോ ?

2. പെഗാസസ് ഉപയോഗിച്ച് ആരുടെയൊക്കെ ഫോണ്‍ ചോര്‍ത്തി ?

3. 2019 ല്‍ പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ ആരോപണം ഉയര്‍ന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്ത് ? 

4. കേന്ദ്ര-സംസ്ഥാാന സര്‍ക്കാരുകളോ, അവര്‍ക്ക് കീഴിലുള്ള ഏജന്‍സികളോ പെഗാസസ് വാങ്ങിയിട്ടുണ്ടോ ?

5. ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സി പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഏത് നിയമം അനുസരിച്ച് ?

6. ഏതെങ്കിലും വ്യക്തികളോ സ്ഥാപനമോ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് നിയമവിധേയമാണോ ?

7. പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് സമിതിക്ക് പ്രസക്തമെന്ന് തോന്നുന്ന മറ്റു വിഷയങ്ങള്‍

ഏത് ഉദ്യോ​ഗസ്ഥനെയും വിളിച്ചു വരുത്താം
 

അന്വേഷണത്തിന്റെ ഭാഗമായി ഏത് ഉദ്യോഗസ്ഥനെയും വിളിച്ചു വരുത്താനും, ഏത് രേഖയും പരിശോധിക്കാനും സമിതിക്ക് അധികാരമുണ്ടായിരിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീം കോടതി മുൻ ജഡ്ജി ആർ വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദ​ഗ്ധ സമിതിയിൽ മുന്‍ റോ മേധാവി അലോക് ജോഷി, ഡോ. സുദീപ് ഒബ്റോയ് (മേധാവി, സൈബര്‍ സെക്യൂരിറ്റി, ടിസിഎസ്) എന്നിവരാണ് അംഗങ്ങൾ.

ഇവരെ സാങ്കേതികമായി  സഹായിക്കുന്നതിനായി ഡോ.നവീന്‍കുമാര്‍ ചൗധരി ( ഡീന്‍, നാഷണല്‍ ഫോറന്‍സിക് സയന്‍സ്), ഡോ.പി.പ്രഭാകരന്‍ (അമൃത സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്, കൊല്ലം),ഡോ.അശ്വിന്‍ അനില്‍ ഗുമസ്തെ (ഐഐടി, മുംബൈ) എന്നിവരെയും നിയമിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com