കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ഉള്ളടക്കത്തിലേക്ക് നയിക്കുന്ന പരസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിബിസി

മെറ്റ അധികൃതരെ വിളിച്ചുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍
meta
Instagram running ads promoting child sexual abuse material in India BBC
Updated on
2 min read

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ വരുന്നുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമിന്റെ സ്വന്തം മോഡറേഷന്‍ സാങ്കേതികവിദ്യ (പരസ്യങ്ങള്‍ പരിശോധിക്കുന്ന സിസ്റ്റം) അനുമതി നല്‍കിയ ശേഷമാണ് ഈ പരസ്യങ്ങള്‍ ആപ്പില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബിബിസി വേള്‍ഡ് സര്‍വീസ് നടത്തിയ അന്വേഷണത്തില്‍, ഈ പരസ്യങ്ങളില്‍ 'ബലാത്സംഗ വിഡിയോ' (rape video), 'ചൈല്‍ഡ് വിഡിയോ' (child video) തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നതായി കണ്ടെത്തി. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്ന ഉപഭോക്താക്കളെ ടെലഗ്രാം ചാനലുകളിലേക്ക് എത്തിക്കുകയും, അവിടെ വെറും 99 രൂപയ്ക്ക് ഇത്തരം ദൃശ്യങ്ങള്‍ വില്‍ക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബിബിസി വേള്‍ഡ് സര്‍വീസ് പരിശോധിച്ച പരസ്യങ്ങളില്‍, ഗുരുതരവും നിയമവിരുദ്ധവുമായ ഉള്ളടക്കത്തിലേക്ക് ഉപയോക്താക്കളെ എത്തിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഇന്‍സ്റ്റഗ്രാമിലെ എല്ലാ പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കമ്പനിയുടെ മോഡറേഷന്‍ സംവിധാനത്തിന്റെ പരിശോധനയ്ക്ക് വിധേയമാകാറുണ്ട്. ഇത്തരം ഒരു പരസ്യം ഇന്‍സ്റ്റഗ്രാമിന് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, ആ പരസ്യം കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നില്ലെന്നാണ് കമ്പനി മറുപടി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്‍സ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റയോടും ബിബിസി പ്രതികരണം തേടി. ചില പരസ്യങ്ങള്‍ ഇതിനകം തന്നെ നീക്കം ചെയ്‌തെന്നും, അവ പോസ്റ്റ് ചെയ്ത അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്‌തെന്നുമാണ് കമ്പനി നല്‍കിയ മറുപടി. പോളിസി ലംഘിച്ച കൂടുതല്‍ അക്കൗണ്ടുകളും പരസ്യങ്ങളും നീക്കം ചെയ്തതെന്നും, നിയമവിരുദ്ധ ഉള്ളടക്കങ്ങളിലേക്ക് നയിക്കുന്ന ചില ലിങ്കുകള്‍ തടഞ്ഞതായും മെറ്റ വ്യക്തമാക്കി. ടെലഗ്രാം നല്‍കിയ മറുപടിയില്‍, 2026ല്‍ കുട്ടികളെതിരായ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട 2.74 ലക്ഷത്തിലധികം ഗ്രൂപ്പുകളും ചാനലുകളും നീക്കം ചെയ്തതായി അറിയിച്ചു.

meta
Explainer | വാട്‌സ്ആപ്പ് യൂസര്‍നെയിം ഫീച്ചര്‍ വിവാദമാകാന്‍ കാരണമെന്ത്‌? അറിയാം വിശദമായി

ബിബിസിയുടെ രഹസ്യ പരിശോധന

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ സെര്‍ച്ച് ചെയ്തില്ലെങ്കിലും ലൈംഗിക സൂചനകള്‍ ഉള്‍ക്കൊള്ളുന്ന ഉള്ളടക്കങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്ന് ബിബിസി ഒരു വ്യാജ അക്കൗണ്ട് സൃഷ്ടിച്ചു. ഈ അക്കൗണ്ട് ചില സ്ത്രീകളെയും സമാന സ്വഭാവമുള്ള മറ്റ് അക്കൗണ്ടുകളെയും ഫോളോ ചെയ്യാന്‍ തുടങ്ങി. ആകെ പത്ത് അക്കൗണ്ടുകളെയാണ് പിന്തുടര്‍ന്നത്. തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇന്‍സ്റ്റാഗ്രാം ഫീഡില്‍ ലൈംഗികതയെ ആസ്പദമാക്കിയ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

അതിന് പിന്നാലെ, കുട്ടികളെ ഉള്‍പ്പെടുത്തി അശ്ലീല സൂചനകള്‍ നല്‍കുന്ന പരസ്യങ്ങളും പ്രത്യക്ഷപ്പെട്ടതായി ബിബിസി കണ്ടെത്തി. ഇവയില്‍ ടെലഗ്രാം ചാനലുകളിലേക്കുള്ള ലിങ്കുകളും ഉള്‍പ്പെട്ടിരുന്നു. ആകെ മുപ്പതോളം പരസ്യങ്ങളാണ് കുട്ടികളെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്ന രീതിയില്‍ പ്രത്യക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ അശ്ലീല ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട ഇരുപതിലേറെ പരസ്യങ്ങളും കണ്ടെത്തി.

രാജ്യത്തെ നിയമവും മെറ്റയുടെ നയവും

ഇന്ത്യയില്‍ കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ഉള്ളടക്കങ്ങളുടെ വിതരണം ക്രിമിനല്‍ കുറ്റമാണ്. മെറ്റയുടെ നയപ്രകാരവും കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍, നഗ്നത, അശ്ലീല ദൃശ്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പരസ്യങ്ങള്‍ അനുവദനീയമല്ല.

മെറ്റയുടെ വിശദീകരണം

ഒരു സംവിധാനവും പൂര്‍ണമല്ലെന്നും എല്ലാ നയലംഘനങ്ങളും കണ്ടെത്താന്‍ പരിശോധനാ സംവിധാനത്തിന് കഴിയണമെന്നില്ലെന്നുമാണ് മെറ്റ പ്രതികരിച്ചത്. കുട്ടികളെ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ നിയമാനുസൃതമായി നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിങ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍ എന്ന റിപ്പോര്‍ട്ടിങ് സംവിധാനത്തിലേക്ക് കൈമാറാറുണ്ടെന്നും കമ്പനി അറിയിച്ചു.

2025ല്‍ സംശയകരമായ പ്രവര്‍ത്തനങ്ങളുടെ സൂചനകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 40 ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാക്കിയതായും മെറ്റ വ്യക്തമാക്കി.

കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണ കേസുകളില്‍ ഇന്ത്യയ്ക്ക് വലിയ വെല്ലുവിളികളുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2025ല്‍ 19 ലക്ഷത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. യുഎസിന് ശേഷം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ച രാജ്യമാണ് ഇന്ത്യ.

തെലങ്കാനയിലെ സൈബര്‍ സുരക്ഷാ ബ്യൂറോ ഡയറക്ടറായ ശിഖ ഗോയല്‍, മെറ്റയുടെ പ്ലാറ്റ്ഫോമുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മുന്നറിയിപ്പുകള്‍ ലഭിക്കുന്നതെന്ന് പറഞ്ഞു. എന്നാല്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നം ഈ പ്ലാറ്റ്‌ഫോമുകളിലാണെന്ന് പറയാനാകില്ലെന്നും, ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി മെറ്റയുടെ അല്‍ഗൊരിതം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാകാമെന്നും അവര്‍ വ്യക്തമാക്കി.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി അന്താരാഷ്ട്ര സഹകരണവും രാജ്യങ്ങള്‍ തമ്മിലുള്ള വിവര കൈമാറ്റവും നിര്‍ണായകമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മെറ്റ അധികൃതരെ വിളിപ്പിക്കാന്‍ കേന്ദ്രം

ബിബിസി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, മെറ്റ അധികൃതരെ വിളിച്ചുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് മെറ്റ അധികൃതരെ വിളിച്ചുവരുത്തി വിഷയത്തില്‍ വിശദീകരണം തേടാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

meta
സീഷെല്‍സില്‍ നിന്ന് തിരിച്ച് എത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലന്‍ഡിലേക്ക്; നാലുപതിറ്റാണ്ടിന് ശേഷം ആദ്യം
meta
രാമജന്മഭൂമി ട്രസ്റ്റ് സ്വതന്ത്രമാണ്, സര്‍ക്കാരിന് ഉത്തരവാദിത്തമില്ല: ആഭ്യന്തര മന്ത്രാലയം
meta
നിയന്ത്രണം നഷ്ടമായ ടാങ്കര്‍ ലോറി ടോള്‍ പ്ലാസയില്‍ ഇടിച്ചു കയറി; തീ ഗോളമായി പൊട്ടിത്തെറിച്ചു; നാലുമരണം, നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു; വിഡിയോ
Summary

Instagram running ads promoting child sexual abuse material in India, BBC finds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com