

ന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുന്നതിന് ഇന്ത്യ എല്ലാ മാര്‍ഗവും സ്വീകരിക്കണമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഇന്ത്യയോട് ആവശ്യപ്പെട്ടു. ഫോണിലൂടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറാനിയന്‍ പ്രസിഡന്റും സംസാരിച്ചത്.
പലസ്തീന്‍ ജനതയെ ഇത്തരത്തില്‍ കൂട്ടക്കൊലപാതകം നടത്തുന്നതില്‍ ലോകത്തിലെ എല്ലാ സ്വതന്ത്ര രാജ്യങ്ങളെയും പ്രകോപിപ്പിച്ചിട്ടുണ്ടെന്നും ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാശ്ചാത്യ കൊളോണിയലിസത്തിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങളെയും ലോകത്തെ ചേരിചേരാ പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനത്തെയും ഇറാന്‍ പ്രസിഡന്റ് അനുസ്മരിച്ചു. ഗാസയിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ അതിന്റെ എല്ലാ കഴിവുകളും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉപരോധം നീക്കുന്നതിനും ഗാസയിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനും ഉടനടി വെടിനിര്‍ത്തലിനു വേണ്ടിയുള്ള ഏതൊരു ആഗോള സംയുക്ത ശ്രമത്തെയും പിന്തുണയ്ക്കുന്നുവെന്ന് ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.
അടിച്ചമര്‍ത്തപ്പെട്ടവരെയും നിരപരാധികളുമായ സ്ത്രീകളെയും കുട്ടികളെയും ആണ് കൊല്ലുന്നത്. ആശുപത്രികള്‍, സ്‌കൂളുകള്‍, പള്ളികള്‍, പാര്‍പ്പിട പ്രദേശങ്ങള്‍ എന്നിവയ്‌ക്കെതിരായ ആക്രമണങ്ങള്‍ ഏതൊരു മനുഷ്യന്റെയും കാഴ്ചപ്പാടില്‍ അപലപനീയവും അസ്വീകാര്യവുമാണെന്ന് അദ്ദേഹം പറഞ്ഞു.
സയണിസ്റ്റ് ഭരണകൂടത്തിന്റെ അധിനിവേശത്തെ നേരിടാന്‍ പലസ്തീന്‍ പ്രതിരോധ ഗ്രൂപ്പുകള്‍ക്ക് നിയമാനുസൃതമായ അവകാശമുണ്ട്. അടിച്ചമര്‍ത്തലില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് പലസ്തീന്‍ ജനതയുടെ പോരാട്ടത്തെ എല്ലാ രാജ്യങ്ങളും പിന്തുണയ്ക്കണമെന്നും ഇറാനിയന്‍ പ്രസിഡന്റ് വ്യക്തമാക്കി.
സംഘര്‍ഷം തടയുന്നതിനും മാനുഷിക സഹായങ്ങള്‍ തുടര്‍ന്നും ഉറപ്പാക്കുന്നതിനും മേഖലയില്‍ സമാധാനവും സുസ്ഥിരതയും വേഗത്തില്‍ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രാധാന്യവും പ്രധാനമന്ത്രി മോദിയും വ്യക്തമാക്കി. ഉഭയകക്ഷി സഹകരണത്തില്‍ ഇന്ത്യയുടെ ഇറാന്റെയും പുരോഗതിയെയും ഇരു നേതാക്കളും വിലയിരുത്തി.
ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രയേലില്‍ ഹമാസ് ആക്രമണത്തില്‍ ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ചത് മുതല്‍, പ്രധാനമന്ത്രി മോദി ലോക നേതാക്കളുമായി പതിവായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദുമായും നേരത്തെ പ്രധാനമന്ത്രി സംസാരിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates