

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിലുടനീളം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായി ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ശത്രുജിത്ത് കപൂര്‍. സമീപമാസങ്ങളില്‍ അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ വന്‍ സംഘര്‍ഷാവസ്ഥ തുടരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചൈനയുടെ പേര് എടുത്തുപറയാതെയാണ് വിമര്‍ശനം. അതിനിടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ലഡാക്കിന് സമാനമായ സാഹചര്യമാണെന്നും സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും ജയറാം രമേശ് പറഞ്ഞു.
'കഴിഞ്ഞ ഏതാനും ദിവസങ്ങളായി അരുണാചല്‍ അതിര്‍ത്തിയിലെ പല സ്ഥലങ്ങളിലും സംഘര്‍ഷം നിലനില്‍ക്കുന്ന അവസ്ഥയാണ്. അത് ഇപ്പോഴും തുടരുകയാണ്' ഐ.ടി.ബി.പി ഉദ്യോഗസ്ഥരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച വാര്‍ഷിക ചടങ്ങില്‍ സംസാരിക്കവെ ശത്രുജിത്ത് കപൂര്‍ പറഞ്ഞു. നുഴഞ്ഞുകയറ്റത്തില്‍ ചൈനീസ് അതിര്‍ത്തികളാണ് ഇന്ത്യക്ക് സങ്കീര്‍ണ്ണവും വെല്ലുവിളി നിറഞ്ഞതുമെന്ന് പറഞ്ഞ ഡയറക്ടര്‍ ജനറല്‍, തങ്ങളുടെ എല്ലാ അതിര്‍ത്തി യൂണിറ്റുകളിലും ഡ്രോണ്‍ പ്ലാറ്റൂണുകള്‍ സജ്ജമാക്കിയതായും, ഗാല്‍വാന്‍ മോഡല്‍ സംഘര്‍ഷങ്ങള്‍ നേരിടാന്‍ പ്രത്യേക പോരാട്ട പരിശീലന പരിപാടി തയ്യാറാക്കിയതായും, ഭൂഗര്‍ഭ ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിച്ചുവരികയാണെന്നും അറിയിച്ചു.
ഐടിബിപി ഡയറക്ടര്‍ ജനറലിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നത്. എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്ന് ജയറാം രമേശ് ചോദിച്ചു. നരേന്ദ്രമോദിയും അമിത്ഷായും മൗനം വെടിയണം. പ്രധാനമന്ത്രി ചൈനക്ക് കൊടുത്ത ക്ലീന്‍ചിറ്റാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ പിപ്പീള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ നടത്തിയ അന്വേഷണത്തില്‍ അതിര്‍ത്തിയില്‍ ചൈനീസ് പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയിരുന്നു. അരുണാചല്‍ നിയമസഭയില്‍ രണ്ട് എംഎല്‍എമാര്‍ ഉളള പ്രാദേശിക പാര്‍ട്ടിയാണ് പിപിഎ. എന്നാല്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ വാദങ്ങള്‍ തള്ളുകയായിരുന്നു. അരുണാചല്‍ പ്രദേശില്‍ ചൈനയുടെ പുതിയ കയ്യേറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. എങ്കിലും, അതിര്‍ത്തിക്ക് സമീപമുള്ള ചില സ്ഥിലങ്ങളില്‍ നുഴഞ്ഞുകയറ്റുവുമായി ബന്ധപ്പെട്ട് ചില ആശങ്കകള്‍ പ്രദേശവാസികളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ചൈനയും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് സുരക്ഷ ഒരുക്കുന്നവരാണ് ഇന്തോ ടിബറ്റന്‍ പൊലീസ്. ജൂലായ് മാസം മുതല്‍ അതിര്‍ത്തികളില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശന വേളയിലും അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നതായും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ശത്രുജിത്ത് കപൂര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates