

ഹൈദരബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' ആസ്പദമാക്കി തെലുങ്കില്‍ ജീവചരിത്ര സിനിമ നിര്‍മിക്കുമെന്ന് തെലങ്കാന കോണ്‍ഗ്രസ്. സംഗറെഡ്ഡിയില്‍ നടന്ന കോണ്‍ഗ്രസ് യോഗത്തിലാണ് ടി.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി. ജഗ്ഗ റെഡ്ഡി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സംഗറെഡ്ഡി അസംബ്ലി മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നായിരിക്കും ചിത്രം നിര്‍മിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ നിര്‍മാണ മേല്‍നോട്ടത്തിനായി 50 അംഗസമിതി രൂപീകരിക്കും. സംഗറെഡ്ഡി കോണ്‍ഗ്രസ് മണ്ഡലം കണ്‍വീനര്‍ ജൂലാകന്തി ആഞ്ചനേയുലു രണ്ട് കോടി രൂപ സംഭാവന പ്രഖ്യാപിച്ചു. ചിത്രത്തിനായി നല്ലൊരു സംവിധായകനെ കണ്ടെത്തുമെന്നും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായാല്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും ടി.പി.സി.സി പ്രസിഡന്റ് മഹേഷ് കുമാര്‍ ഗൗഡിനെയും ക്ഷണിച്ച് ചിത്രീകരണം ഉദ്ഘാടനം ചെയ്യുമെന്നും ജഗ്ഗ റെഡ്ഡി പറഞ്ഞു.
സോണിയയുടെ കുടുംബ പശ്ചാത്തലം, രാജീവ് ഗാന്ധിയുമായുള്ള വിവാഹം, രാഷ്ട്രീയ പ്രവേശം എന്നിവ സിനിമയില്‍ ആവിഷ്‌കരിക്കും. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ വധത്തെത്തുടര്‍ന്നുണ്ടായ ദുരന്തങ്ങള്‍, രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വളര്‍ത്തുന്നതില്‍ നേരിട്ട വെല്ലുവിളികള്‍ എന്നിവയും ചിത്രത്തില്‍ പ്രമേയമാകുമെന്ന് ജഗ്ഗ റെഡ്ഡി പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് സോണിയ ഗാന്ധിയുടെ ജീവിതം അടുത്തറിയാന്‍ പുസ്തകം വിതരണം ചെയ്യാനും അദ്ദേഹം നിര്‍ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates