

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വ്യാപകമായി ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ പാകിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഫണ്ട് ശേഖരിച്ചിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. പാകിസ്ഥാനി ഡിജിറ്റല്‍ പേമെന്റ് ആപ്പായ സഡാപേ അടക്കമുള്ളവയിലൂടെയാണ് ജെയ്‌ഷെ മുഹമ്മദ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കാണ് സംഭാവന സ്വീകരിക്കുന്നത്. ഈ പണം ഡിജിറ്റല്‍ ഹവാല ശൃംഖല വഴി ഭീകരപ്രവര്‍ത്തകര്‍ക്ക് കൈമാറുന്നുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുള്ളത്.
ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ജെയ്‌ഷെ മുഹമ്മദ് 20,000 പാകിസ്ഥാന്‍ രൂപയാണ് ( 6,400 ഇന്ത്യന്‍ രൂപ) സംഭാവനയായി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ആക്രമണ സംഘത്തിലുള്ള ഭീകരര്‍ക്ക് ഷൂസ്, കമ്പിളി സോക്‌സ്, മെത്ത, ടെന്റുകള്‍ തുടങ്ങിയ വസ്തുക്കള്‍ അടക്കം വാങ്ങാന്‍ ഈ പണം ഉപയോഗിക്കും. സംഭാവന നല്‍കുന്നവരെ പോരാളിയായി കണക്കാക്കുമെന്നാണ് ജെയ്‌ഷെ നേതാക്കള്‍ പറയുന്നത്. ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരെ ജിഹാദി ആയിട്ടാണ് പരിഗണിക്കുക.
ഇന്ത്യയില്‍ ചാവേര്‍ ആക്രമണത്തിന് വനിതാ സംഘങ്ങളെ അടക്കം നിയോഗിക്കാനാണ് ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിട്ടിരുന്നത്. ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ സഹോദരി സാദിയയ്ക്കാണ്, ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ സംഘമായ ജാമുത്ത് ഉല്‍ മുമിനാത്തിന്റെ ചുമതല. ഡല്‍ഹി സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ, മാഡം സര്‍ജന്‍ എന്നറിയപ്പെടുന്ന ഡോ. ഷാഹിന സയീദിനായിരുന്നു വനിതാസംഘത്തിന്റെ ഇന്ത്യയിലെ ചുമതല നല്‍കിയിരുന്നത്. ഭീകരര്‍ക്ക് പണം കൈമാറ്റം ചെയ്യപ്പെട്ടിരുന്നതും ഷാഹിന വഴിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
ചെങ്കോട്ടയിലെ കാര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഡോക്ടര്‍ ഉമര്‍ നബി ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജില്‍ മൂന്നു വര്‍ഷത്തോളം ജോലി ചെയ്തു. അല്‍ ഫലാഹ് മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു ഇയാള്‍. ഫരീദാബാദിലെ വൈറ്റ് കോളര്‍ മൊഡ്യൂളിലേക്ക് അന്വേഷണ ഏജന്‍സികള്‍ എത്തിയതോടെ, ഡോ. ഉമര്‍ നബി നൂഹിലേക്ക് ഒളിയിടം മാറ്റി. ഒമ്പതു ദിവസമാണ് ഇമര്‍ നബി നൂഹില്‍ കഴിഞ്ഞത്.
നൂഹിലെ ഹിദായത്ത് കോളനിയിലെ വീട്ടിലായിരുന്നു ഉമര്‍ നബി താമസിച്ചിരുന്നത്. അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലെ നഴ്‌സിങ് സ്റ്റാഫായ ഷോയബ് ആണ് ഉമറിന് ഒളിച്ചു താമസിക്കാന്‍ സൗകര്യം ഒരുക്കി കൊടുത്തത്. ഷോയബിന്റെ ഭാര്യ സഹോദരി അഫ്‌സാനയുടെ വീട്ടിലായിരുന്നു ഉമര്‍ നബി താമസിച്ചത്. ഭീകരന് ഒളിച്ചു താമസിക്കാന്‍ സൗകര്യം നല്‍കിയതിന് ഷോയബിനെയും അഫ്‌സാനയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസിന്റെ നിരന്തര സാന്നിധ്യത്തെത്തുടര്‍ന്ന് ഭയന്ന് നൂഹിലെ പത്തോളം കുടുംബങ്ങള്‍ ഗ്രാമം വിട്ടുപോയതായും റിപ്പോര്‍ട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates