

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം ഉലകനായകന്‍ കമല്‍ഹാസന്‍ ( Kamal Hassan ) രാജ്യസഭയിലേക്ക് (Rajyasabha) മത്സരിച്ചേക്കും. തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് ആറ് ഒഴിവുകളാണ് ഉള്ളത്. ഇതില്‍ ഒരെണ്ണമാകും മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന് ഡിഎംകെ നല്‍കുക. തമിഴ്‌നാട്ടില്‍ ആറും അസമില്‍ രണ്ടും അടക്കം എട്ട് സീറ്റുകളിലേക്കുള്ള ഒഴിവുകളിലേക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. ജൂണ്‍ 19 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും അന്നുതന്നെ നടക്കും.
ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയിൽനിന്ന് നാലുപേർക്ക് ഇക്കുറി രാജ്യസഭാംഗമാകാം. അതിൽ ഒരു സീറ്റ് കമൽഹാസനാ നൽകാമെന്നാണ് ധാരണ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ മത്സരിക്കാതിരുന്ന കമൽഹാസൻ, ഇന്ത്യാ മുന്നണിക്കു വേണ്ടി പ്രചാരണം നടത്തിയിരുന്നു. കോയമ്പത്തൂരിലെ മത്സരത്തിൽ നിന്നു പിന്മാറുന്നതിന് പകരമായി 2025 ജൂണിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിൽ ഒന്ന് കമൽഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം പാർട്ടിക്ക് നൽകാൻ ധാരണയിരുന്നു.
ഡിഎംകെ നേതാവും അഭിഭാഷകനുമായ പി വില്‍സന്റെ കാലാവധിയും അവസാനിക്കുകയാണ്. നിയമപരമായ വിഷയങ്ങളിലും പാര്‍ലമെന്റിലും അദ്ദേഹത്തിന്റെ പങ്ക് പാര്‍ട്ടിക്ക് നിര്‍ണായകമായതിനാല്‍, വില്‍സണ് രണ്ടാം തവണയും സീറ്റ് നല്‍കിയേക്കും. അതേസമയം എംഡിഎംകെ നേതാവ് വൈകോയ്ക്ക് വീണ്ടും സീറ്റ് നല്‍കിയേക്കില്ലെന്നാണ് സൂചന.
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത്, തമിഴ്‌നാട്ടില്‍ എംഡിഎംകെയ്ക്ക് കൂടുതല്‍ എംഎല്‍എ സീറ്റുകള്‍ ഉറപ്പാക്കാന്‍ വൈകോ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വൈകോ എംപിയായി പാര്‍ലമെന്റില്‍ ഉണ്ടാകണമെന്നാണ് പാര്‍ട്ടി അംഗങ്ങളുടെ ആഗ്രഹം. ഇതുസംബന്ധിട്ട് പാര്‍ട്ടിയില്‍ ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്ന് പാര്‍ട്ടി നേതാവ് സൂചിപ്പിച്ചു.
കാലാവധി അവസാനിക്കുന്ന എം എം അബ്ദുള്ള ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമായി അടുപ്പമുള്ള നേതാവാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഒരിവസരം കൂടി ലഭിച്ചേക്കും. അതേസമയം പുതുക്കോട്ടയില്‍ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനാണ് അബ്ദുള്ള ആഗ്രഹിക്കുന്നത്. രാജ്യസഭാംഗത്വത്തില്‍ കാലാവധി അവസാനിക്കുന്ന ഡിഎംകെ തൊഴിലാളി വിഭാഗം നേതാവ് എം ഷണ്‍മുഖത്തെ തഴഞ്ഞേക്കും. പകരം പുതുമുഖത്തെ പരിഗണിച്ചേക്കും.
2026 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പിഎംകെയും ഡിഎംഡികെയും ഇതുവരെ ഏത് പക്ഷത്താണ് മത്സരിക്കേണ്ടതെന്ന് പ്രഖ്യാപിച്ചിട്ടില്ല. പിഎംകെ നേതാവ് അന്‍പുമണി രാമദോസിന്റെ രാജ്യസഭാംഗത്വ കാലാവധിയും അവസാനിക്കുകയാണ്. എഐഎഡിഎംകെയുടെ സഹായത്തോടെ രാജ്യസഭ സീറ്റ് ലഭിക്കാന്‍ ഡിഎംഡികെയും ആഗ്രഹിക്കുന്നുണ്ട്. നിയമസഭയിലെ നിലവിലെ അംഗബലവും. ബിജെപി, പിഎംകെ പാര്‍ട്ടികളുടെ പിന്തുണയും മൂലം എഐഎഡിഎംകെയ്ക്ക് രണ്ട് എംപിമാരെ വിജയിപ്പിക്കാനാകും.
ഈ രണ്ട് സീറ്റില്‍ ഒരെണ്ണം എഐഎഡിഎംകെ എടുത്തേക്കും. അതേസമയം ബിജെപി, പിഎംകെ എന്നീ പാര്‍ട്ടികള്‍ക്ക് എഐഎഡിഎംകെയുടെ പിന്തുണയില്ലാതെ വിജയിക്കാനാകില്ല. രണ്ടാമത്തെ സീറ്റ് അന്‍പുമണി രാമദോസിന് ലഭിക്കുമോ അതോ ഡിഎംഡികെയ്ക്ക് ലഭിക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ എഐഎഡിഎംകെ രാജ്യസഭ സീറ്റ് പാര്‍ട്ടിക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നാണ് ഡിഎംഡികെ അവകാശപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
