

ന്യൂഡൽഹി: പൗരന്മാരുടെ മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനായി നിരന്തരം പരമോന്നത കോടതിയെ സമീപിച്ച് താൻ മടുത്തുവെന്നും സുപ്രീം കോടതിയിലുള്ള വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെട്ടെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയും പ്രത്യേക വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിലെ ക്രമക്കേടുകൾക്കെതിരെയും ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്ക് നേരെ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയെ വീണ്ടും വീണ്ടും സമീപിക്കുന്നത് കൊണ്ട് ഇനി എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും വ്യക്തിപരമായ അഭിപ്രായമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട നടപടികൾ ചൂണ്ടിക്കാട്ടിയാണ് സിബൽ കോടതിയുടെ നിലപാടിനെതിരെ ആഞ്ഞടിച്ചത്. നിയമവിരുദ്ധമായി വോട്ടർമാരുടെ പേരുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നതും അർഹതയില്ലാത്തവരെ ഉൾപ്പെടുത്തുന്നതും സംബന്ധിച്ച് സുപ്രീം കോടതിയെ മാസങ്ങളോളം വാദങ്ങളിലൂടെ ബോധ്യപ്പെടുത്തിയെങ്കിലും അനുകൂലമായ യാതൊരു നടപടിയും ഉണ്ടായില്ല. എന്നാൽ ബംഗാളിലെ അപ്പലേറ്റ് ട്രൈബ്യൂണലുകൾ പരിഗണിച്ച അപ്പീലുകളിൽ 93 ശതമാനം കേസുകളിലും വോട്ടർമാരുടെ പേരുകൾ പുനഃസ്ഥാപിച്ചു നൽകിയതോടെ വലിയ തോതിൽ അനധികൃത നീക്കം ചെയ്യലുകൾ നടന്നിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമായ തെളിവുകളുണ്ടായിട്ടും പരമോന്നത കോടതി വിഷയത്തിൽ ഇടപെട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോടതിയിൽ പോയാലും ജനങ്ങൾക്ക് നീതി കിട്ടുമോയെന്ന് ഉറപ്പില്ലാത്ത അവസ്ഥയാണെന്ന് സിബൽ ചൂണ്ടിക്കാട്ടി. നിലവിലെ സർക്കാർ മാറണമെന്ന് രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഭരണഘടനയെ സംരക്ഷിക്കാൻ ആർക്കെങ്കിലും സാധിക്കുമെങ്കിൽ അത് സുപ്രീം കോടതിക്ക് മാത്രമാണ്. എന്നാൽ ഇനി അങ്ങോട്ട് പോയിട്ട് എന്തെങ്കിലും കാര്യമുണ്ടാകുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും എന്താണ് സംഭവിക്കേണ്ടത് അത് സംഭവിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ സമീപനത്തിൽ അതൃപ്തിയുണ്ടോ എന്ന ചോദ്യത്തിന്, സംതൃപ്തനാണെന്നോ അതൃപ്തനാണെന്നോ പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തങ്ങൾ അഭിഭാഷകരാണ്, അനീതി കണ്ടാൽ കോടതി കേൾക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കാതെ ജനങ്ങളുടെ കേസുകൾ ഏറ്റെടുത്ത് ഹർജികൾ നൽകുക എന്നത് അഭിഭാഷകരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ട് മോഷണ ആരോപണങ്ങളിൽ പൊതുജനങ്ങൾക്കുള്ള ആശങ്കകൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവഗണിക്കുകയാണുണ്ടായതെന്നും സിബൽ തുറന്നടിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates