'ഒരു സ്ത്രീ രണ്ടു തവണ വോട്ട് ചെയ്തതിന്റെ രേഖ കാണിക്കൂ, ആരോപണം തെറ്റ്'; രാഹുലിന് നോട്ടീസ്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കാന്‍ വോട്ടുകൊള്ള നടത്തിയെന്ന ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറിന്റെ നോട്ടീസ്. ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കിയത്. വിശദമായ അന്വേഷണം നടത്താന്‍ രേഖകള്‍ സഹായിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നോട്ടീസില്‍ പറയുന്നു.
കഴിഞ്ഞയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട രേഖകള്‍ ഗാന്ധി പ്രദര്‍ശിപ്പിച്ചത്. 'പോളിങ് ഓഫീസര്‍ നല്‍കിയ രേഖകള്‍ പ്രകാരം ശകുന്‍ റാണി രണ്ടുതവണ വോട്ട് ചെയ്തുവെന്ന് നിങ്ങള്‍ ആരോപിച്ചു. അന്വേഷിച്ചപ്പോള്‍, ശകുന്‍ റാണി പറഞ്ഞത്, നിങ്ങള്‍ ആരോപിക്കുന്നത് പോലെ താന്‍ രണ്ടുതവണയല്ല, ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ എന്നാണ്,'-മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നോട്ടീസില്‍ പറയുന്നു.
'കോണ്‍ഗ്രസ് നേതാവ് കാണിച്ച ടിക്ക് ചെയ്ത രേഖ പോളിങ് ഓഫീസര്‍ നല്‍കിയതല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, ശകുന്‍ റാണിയോ മറ്റാരെങ്കിലുമോ രണ്ടുതവണ വോട്ടു ചെയ്തു എന്ന നിഗമനത്തിലെത്താന്‍ ആധാരമാക്കിയ പ്രസക്തമായ രേഖകള്‍ നല്‍കാന്‍ ദയവായി അഭ്യര്‍ത്ഥിക്കുന്നു, അങ്ങനെ ചെയ്താല്‍ ഈ ഓഫീസിന് വിശദമായ അന്വേഷണം നടത്താന്‍ കഴിയും,'- നോട്ടീസില്‍ പറയുന്നു.
Karnataka CEO asks Rahul Gandhi to share documents based on which he claimed a woman voted twice
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


