ബംഗളൂരു: സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാനുള്ള പാസുകൾ വിതരണം ചെയ്യാൻ കർണാടക സർക്കാർ ഉത്തരവിട്ടു. നാല് പൊതുമേഖലാ ഗതാഗത കോർപ്പറേഷനുകളുടെ ബസുകളിലും ഈ ആനുകൂല്യം ലഭ്യമാകും. ഇതിനകം പണം നൽകി പാസ് എടുത്ത വിദ്യാർത്ഥികൾക്ക് ആ തുക പൂർണ്ണമായി മടക്കി നൽകാനും ട്രാൻസ്പോർട്ട് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സർക്കാർ ഉത്തരവ് പ്രകാരം കർണാടക സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ , നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ , കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നീ നാല് കോർപ്പറേഷനുകളുടെ ബസുകളിലും ഈ പദ്ധതി നടപ്പിലാക്കും. സൗജന്യ ബസ് പാസ് സൗകര്യം സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും വ്യാപിപ്പിക്കാൻ ഈ മാസം ആദ്യം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
പദ്ധതി നടപ്പിലാക്കുന്നതിലൂടെ വർഷം തോറും 286.08 കോടി രൂപയുടെ അധിക ബാധ്യതയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ, പാസ് വിതരണ പ്രക്രിയയുടെ ചിലവുകൾക്കായും അപകട നിവാരണ ഫണ്ടിലേക്കുള്ള വിഹിതമായും 15 കോടി രൂപ കൂടി സർക്കാർ തന്നെ നേരിട്ട് വഹിക്കും. വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്കൂളുകളിൽ നിന്നോ കോളേജുകളിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും കേന്ദ്രങ്ങളിൽ നിന്നോ 'സേവാ സിന്ധു' പോർട്ടൽ വഴി ഓൺലൈനായി പാസിനായി അപേക്ഷിക്കാവുന്നതാണ്. നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതകൾ, ദൂരപരിധി, പാസിന്റെ കാലാവധി തുടങ്ങിയ നിബന്ധനകൾ അതേപടി തുടരും.
പണം 15 ദിവസത്തിനകം മടക്കി നൽകും
ഉത്തരവ് നിലവിൽ വരുന്നതിന് മുൻപ് പണം നൽകി വിദ്യാർത്ഥി പാസുകൾ വാങ്ങിയവർക്ക് ആ തുക പൂർണ്ണമായി മടക്കി നൽകാൻ നിർദ്ദേശമുണ്ട്. തുക തിരികെ നൽകുന്ന നടപടികൾ 15 ദിവസത്തിനകം പൂർത്തിയാക്കണം. മേയ് 30 നും ജൂൺ 9 നും ഇടയിൽ മാത്രം 19,792 വിദ്യാർത്ഥികൾ ഇത്തരത്തിൽ പണം നൽകി പാസുകൾ വാങ്ങിയിട്ടുണ്ടെന്നാണ് നാല് കോർപ്പറേഷനുകളിൽ നിന്നുമുള്ള കണക്ക്. കർണാടകയിൽ താമസിച്ചുകൊണ്ട് അയൽസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൂടാതെ, അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന അയൽസംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ കർണാടകയിലെ സ്ഥാപനങ്ങളിലാണ് പഠിക്കുന്നതെങ്കിൽ അവർക്കും സൗജന്യ യാത്രാ പാസ് അനുവദിക്കുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates