മല്ലികാർജ്ജുൻ ഖാർഗെ കർണ്ണാടക മുഖ്യമന്ത്രിയായേക്കും; കെസി വേണുഗോപാൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലെന്ന് റിപ്പോർട്ട്

കർണ്ണാടകത്തിൽ സിദ്ധരാമയ്യയെ മാറ്റി ഭരണം കൈമാറാൻ ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് നീക്കം സജീവമാക്കി.
DK  Sidharamayyah
DK Sidharamayyah
Edited By:
Updated on
2 min read

ന്യൂഡൽഹി: കർണ്ണാടക കോൺഗ്രസിനെ മാസങ്ങളായി ഉലയ്ക്കുന്ന നേതൃമാറ്റ വിവാദങ്ങൾക്ക് പുതിയ വഴിത്തിരിവ് നൽകിക്കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും എഐസിസി നേതൃത്വത്തെ കാണാൻ ഒന്നിച്ച് ഡൽഹിയിൽ എത്തി. സന്ദർശനം തികച്ചും ഔദ്യോഗികമാണെന്ന് പാർട്ടി അവകാശപ്പെടുമ്പോഴും, കർണ്ണാടകത്തിൽ ഒരു അടിയന്തിര അധികാര കൈമാറ്റത്തിന് ഹൈക്കമാൻഡ് പൂർണ്ണമായും അനുകൂലമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റി നിർത്താൻ ബിഹാർ മാതൃകയിലുള്ള ഒരു പ്രത്യേക പാക്കേജാണ് കോൺഗ്രസ് നേതൃത്വം അണിയറയിൽ ഒരുക്കുന്നത്. ജൂൺ മാസത്തിൽ കർണ്ണാടകത്തിൽ നിന്നും ഒഴിവുവരുന്ന നാല് രാജ്യസഭാ സീറ്റുകളിലൊന്നിൽ സിദ്ധരാമയ്യയെ മത്സരിപ്പിച്ച് കേന്ദ്രത്തിലേക്ക് കൊണ്ടുവരാനും, പകരം അദ്ദേഹത്തിന്റെ മകൻ യതീന്ദ്രയ്ക്ക് സംസ്ഥാന മന്ത്രിസഭയിൽ പ്രധാന വകുപ്പ് നൽകാനുമാണ് നിലവിലെ ധാരണ. എന്നാൽ മുഖ്യമന്ത്രി പദം ഒഴിയാൻ തയ്യാറായാൽ പോലും തന്റെ രാഷ്ട്രീയ എതിരാളിയായ ഡികെ ശിവകുമാർ ആ കസേരയിൽ ഇരിക്കുന്നത് കാണാൻ സിദ്ധരാമയ്യ ഒട്ടും താല്പര്യപ്പെടുന്നില്ല.

ഇത്തരമൊരു നിർണ്ണായക പ്രതിസന്ധി ഉണ്ടായാൽ, നിലവിലെ തർക്കങ്ങൾ പരിഹരിക്കാൻ എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ തന്നെ കർണ്ണാടകത്തിൽ സമവായ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് ഹൈക്കമാൻഡ് മുന്നോട്ട് വെച്ചേക്കും. ഖാർഗെ സംസ്ഥാന മുഖ്യമന്ത്രിയായി മടങ്ങിയെത്തുന്നതോടെ എഐസിസിയുടെ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ പ്രതിഷ്ഠിക്കാൻ രാഹുൽ ഗാന്ധിക്ക് മുന്നിൽ വഴിതെളിയുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിലൂടെ കേന്ദ്ര പാർട്ടി ഘടനയിൽ വലിയ രീതിയിലുള്ള മാറ്റങ്ങളും പുനഃസംഘടനയും കൊണ്ടുവരാൻ രാഹുൽ ഗാന്ധിക്ക് സാധിക്കും.

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിച്ചിരുന്നത് കെസി വേണുഗോപാലിനെയായിരുന്നെങ്കിലും ഒടുവിൽ വിഡി സതീശനൊപ്പമാണ് ഹൈക്കമാൻഡ് നിലകൊണ്ടത്. ഖാർഗെയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാൽ ഹൈക്കമാൻഡ് പിന്തുണ ഉറപ്പിക്കാനാകുമെന്നാണ് സിദ്ധരാമയ്യ ക്യാമ്പ് വിശ്വസിക്കുന്നത്. കെസി വേണുഗോപാലിനെ മർമ്മ പ്രധാനമായ ഒരു സ്ഥാനത്തേക്ക് എത്തിക്കാനുള്ള വഴി ഇതോടെ തുറക്കപ്പെടുമെന്നതാണ് ഇത്തരമൊരു വാദത്തിന് പിന്നിലെന്നാണ് സൂചന.

മല്ലികാർജ്ജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള രൺദീപ് സിംഗ് സുർജേവാല എന്നിവരെല്ലാം കർണ്ണാടകത്തിൽ പുതിയൊരു അധികാര കൈമാറ്റം ഉടൻ നടക്കണമെന്ന പക്ഷക്കാരാണ്. അതേസമയം ഡൽഹിയിലെത്തിയ ഡികെ ശിവകുമാറിനോട് അടുത്ത മുഖ്യമന്ത്രിയാകുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും അദ്ദേഹം കൃത്യമായ മറുപടി നൽകാതെ പുഞ്ചിരിച്ചുകൊണ്ട് കാറിൽ കയറിപ്പോകുകയായിരുന്നു. എന്നാൽ നിലവിലെ സിദ്ധരാമയ്യ അനുകൂലികൾ കരുതുന്നത് ഇപ്പോൾ ശിവകുമാർ ഭരണം ഏറ്റെടുത്താൽ വരാനിരിക്കുന്ന 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ തരംഗം കാരണം കോൺഗ്രസ് പരാജയപ്പെടുമെന്നും അതോടെ ശിവകുമാറിന്റെ രാഷ്ട്രീയ അവകാശവാദങ്ങൾ അവസാനിക്കുമെന്നുമാണ്. ഈ നേതൃമാറ്റ ചർച്ചകൾ പൂർണ്ണമായും ബിജെപിയുടെ സൈബർ വിഭാഗം പടച്ചുവിടുന്ന വ്യാജവാർത്തകളാണെന്നും സിദ്ധരാമയ്യ അഞ്ച് വർഷം തികച്ചു ഭരിക്കുമെന്നും ബികെ ഹരിപ്രസാദ് എംഎൽഎ അവകാശപ്പെട്ടു. എങ്കിലും രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ ഡൽഹി ചർച്ചകൾ കർണ്ണാടക രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നുറപ്പാണ്.

Summary

Congress might offer AICC President Mallikarjun Kharge as a compromise candidate for the Chief Minister post. This dramatic layout would clear the deck for Rahul Gandhi to push general secretary K.C. Venugopal as the next party chief, enabling a much-needed overhaul of the central organization

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com