

ചെന്നൈ: 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂര്‍ ദുരന്തം സംബന്ധിച്ച തുടര്‍ നടപടികളില്‍ ഇന്ന് നിര്‍ണായക ദിനം. ടിവികെ റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ നടനും പാര്‍ട്ടി മേധാവിയുമായി വിജയ്ക്ക് എതിരായ ഹര്‍ജിയും, അപകടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് ടിവികെ നല്‍കിയ ഹര്‍ജിയും ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. കരൂര്‍ ദുരന്തത്തില്‍ പൂര്‍ണ ഉത്തരവാദിത്വം ടിവികെ എന്ന പാര്‍ട്ടിക്കും വിജയ്ക്കും ആണെന്നാണ് ഒരു ഹര്‍ജിയിലെ ആരോപണം. പി എച്ച് ദിനേശ് എന്നയാളാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
അതിനിടെ, കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിജയ്ക്ക് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. 41 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിജയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക, സാമുഹിക പ്രവര്‍ത്തരുടെ കൂട്ടായ്മ രംഗത്തെത്തി. എഴുത്തുകാര്‍, കവികള്‍, ചിന്തകര്‍, ആക്ടിവിസ്റ്റുകള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെട്ട കൂട്ടായ്മയാണ് സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുന്നത്. 300 പേര്‍ ഒപ്പുവച്ച സംയുക്ത പ്രസ്താവനയും ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കി.
വിജയ് പങ്കെടുത്ത മുന്‍ പരിപാടികളില്‍ ഉള്‍പ്പെടെ ഉണ്ടായ സംഭവങ്ങളുമായും കരൂരില്‍ ഉണ്ടായ സുരക്ഷാ, ഭരണ സംവിധാനങ്ങളിലെ വീഴ്ചകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. ടിവികെ പരിപാടികളില്‍ ആളുകള്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല. ഭക്ഷണമോ വെള്ളമോ ടോയ്ലറ്റ് സൗകര്യങ്ങളോ ഇല്ലാതെ ആളുകള്‍ക്ക് ഏഴ് മണിക്കൂറിലധികം കാത്തിരിക്കേണ്ടിവന്നു. വിജയ് സഞ്ചരിച്ച വാഹനത്തെ പിന്തുടരാന്‍ നിര്‍ബന്ധതരായി എന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
കരൂര്‍ ദുരന്തത്തെ തുടര്‍ന്ന് ടിവികെ പ്രവര്‍ത്തകരായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റാലിയുടെ സംഘാടകരില്‍ ഒരാളായ ടിവികെ ജില്ലാ സെക്രട്ടറി മതിയഴകന്‍, റാലിയുടെ അനുമതി അപേക്ഷയില്‍ ഒപ്പിട്ട ടിവികെ നേതാവ് പൗന്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
