വീരപ്പനോട് മുട്ടിയ ആഭ്യന്തരമന്ത്രി; 'തോല്‍പ്പിക്കാന്‍ കഴിയാത്ത' നേതാവ്, നെഹ്‌റു കുടുംബത്തിന്റെ സ്വന്തം ഖാര്‍ഗെ ജി

'ഹോം ടൗണില്‍' ട്രെയ്ഡ് യൂണിയനിസ്റ്റായി രാഷ്ട്രീയ പ്രവേശനം
മല്ലികാര്‍ജുന്‍ ഖാര്‍ഗെ/ട്വിറ്റര്‍
മല്ലികാര്‍ജുന്‍ ഖാര്‍ഗെ/ട്വിറ്റര്‍
Updated on
2 min read

24 വര്‍ഷത്തിന് ശേഷം നെഹ്‌റു കുടുംബത്തിന് പുറത്തു നിന്നൊരു പ്രസിഡന്റിനെ കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നു. കര്‍ണാടകയില്‍ നിന്നുള്ള എണ്‍പതുകാരന്‍ മപ്പണ്ണ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഖാര്‍ഗെ നടന്നു കയറുന്നത് പ്രവചനാതീതമായിട്ടല്ല. കാരണം, ഇപ്പോഴും കോണ്‍ഗ്രസിന്റെ ശ്വാസവായുവായി പ്രവര്‍ത്തിക്കുന്ന നെഹ്‌റു കുടുംബത്തിന്റെ പിന്തുണ ഖാര്‍ഗെയ്ക്കായിരുന്നു. 

രാഷ്ട്രീയത്തില്‍ അമ്പത് വര്‍ഷത്തെ എക്‌സ്പീരിയന്‍സുണ്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക്. എസ് നിചലിംഗപ്പയ്ക്ക് ശേഷം കര്‍ണാടകയില്‍ നിന്ന് എഐസിസി അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യ നേതാവാണ് ഖാര്‍ഗെ. ജഗ്ജീവന്‍ റാമിന് ശേഷം ആദ്യ ദലിത് നേതാവും. 

ഇന്നത്തെ കല്‍ബുര്‍ഗി ജില്ലയായ ഗുല്‍ബര്‍ഗയില്‍ നിന്നായിരുന്നു ഖാര്‍ഗെയുടെ തുടക്കം. 'ഹോം ടൗണില്‍' ട്രെയ്ഡ് യൂണിയനിസ്റ്റായി രാഷ്ട്രീയ പ്രവേശനം. 1969ല്‍ കോണ്‍ഗ്രസ് പ്രവേശനം. ഗുല്‍ബര്‍ഗ സിറ്റി കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് പദവിയായിരുന്നു ആദ്യ നേതൃസ്ഥാനം. പിന്നീട് പടിപടിയായി ഉയര്‍ച്ച. ഗുര്‍മിത്കാലില്‍ നിന്ന് 9 തവണ നിയമസഭയിലെത്തി. 

2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച മോദി തരംഗത്തില്‍ കര്‍ണാടക ബിജെപി തൂത്തുവാരിയപ്പോഴും ഗുല്‍ബര്‍ഗയില്‍ ഖാര്‍ഗെ ആടിയുലയാതെ നിന്നു. വിജയം 74,000 വോട്ടിന്. തോല്‍പ്പിക്കാന്‍ കഴിയാത്ത നേതാവ് എന്നൊരു വിശേഷണമുണ്ടായിരുന്നു കര്‍ണാടകയില്‍ ഖാര്‍ഗെയ്ക്ക്. 2019ല്‍ ഖാര്‍ഗെയ്ക്ക് അടിതെറ്റി. ഗുല്‍ബര്‍ഗയില്‍ ബിജെപിയുടെ ഉമേഷ് ജാദവിനോട് തോറ്റു. അമ്പത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യത്തെ പരാജയം. 

കര്‍ണാടക കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റിയുടെ പ്രസിഡന്റായും നിയമസഭയില്‍ പ്രതിപക്ഷ നേതാവും പ്രവര്‍ത്തിച്ചു. 2014ല്‍ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായി. മന്‍മോഹന്‍ സിങ് മന്ത്രിസഭകളില്‍ തൊഴില്‍, റെയില്‍വെ, സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു. കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി വീരപ്പന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ സമയത്ത് എസ്എം കൃഷ്ണ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു ഖാര്‍ഗെ. തമിഴ്‌നാടുമായി കാവേരി ജല തര്‍ക്കത്തില്‍ കര്‍ണാടക കത്തിയപ്പോഴും ഖാര്‍ഗെയായിരുന്നു പൊലീസ് മന്ത്രി. അപ്പോഴെല്ലാം സമചിത്തതയോടെ വിഷയങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 

കര്‍ണാടക മുഖ്യമന്ത്രി പദം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടപ്പോള്‍, നെഹ്‌റു കുടുംബം പറഞ്ഞ വാക്കിന് അപ്പുറം കടക്കാതെ നിന്ന ചരിത്രവുമുണ്ട് ഖാര്‍ഗെയ്ക്ക്. കര്‍ണാടകയില്‍ ദലിത് മുഖ്യമന്ത്രിയെ നഷ്ടമായെന്ന തരത്തില്‍ പ്രചാരണം വന്നപ്പോഴൊക്കെയും ഖാര്‍ഗെ വിമര്‍ശകരെ തിരുത്തി. ദലിത് എന്ന് എപ്പോഴും പറയേണ്ടതില്ലെന്നും തന്നെ കോണ്‍ഗ്രസുകാരന്‍ എന്ന വിളിച്ചാല്‍ മതിയെന്നുമായിരുന്നു പ്രതികരണം. 

2020ല്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതായി രാജ്യസഭ അംഗത്വം ഒഴിയുന്നതുവരെ പ്രതിപക്ഷ നേതാവായി തുടര്‍ന്നു.

1942 ജൂലൈ 21ന് ബിദാര്‍ ജില്ലയിലെ വരവട്ടിയിലെ ദലിത് കുടുംബത്തിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ജനനം. കല്‍ബുര്‍ഗിയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടി. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് കുറച്ചുനാള്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു. ബുദ്ധിസം പിന്തുടരുന്ന ഖാര്‍ഗെ, രാധാഭായ് ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളും മൂന്ന് ആണ്‍മക്കളും. ഒരു മകന്‍ പ്രിയങ്ക് ഖാര്‍ഗെ അച്ഛന്റെ രാഷ്ട്രീയം പിന്തുടര്‍ന്ന് എംഎല്‍എയും മന്ത്രിയുമായി. 

എഐസിസി പ്രസിഡന്റ് ആയതിന് ശേഷം, ഖാര്‍ഗെയ്ക്ക് മുന്നിലുളള ആദ്യ ദൗത്യം തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് പാര്‍ട്ടിയെ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരുക്കിയിറക്കുക എന്നതാണ്. നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തന്‍ എന്നത് പാര്‍ട്ടിക്കകത്ത് ഖാര്‍ഗെയ്ക്ക് സ്വീകാര്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍, സോണിയയുടെയും രാഹുലിന്റെയും ചരടില്‍ പ്രവര്‍ത്തിക്കുന്ന ഒരധ്യക്ഷനല്ല നിലവിലെ കോണ്‍ഗ്രസിന് ആവശ്യമെന്ന വിമര്‍ശനവും ശക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com