കൊളത്തൂർ പിടിയ്ക്കാൻ സ്റ്റാലിൻ ഇറങ്ങുമോ? അങ്കത്തട്ടിലേക്ക് കണ്ണുംനട്ട് തമിഴകം

മണ്ഡലം നിലനിർത്തേണ്ടത് ടിവികെയ്ക്കും നിർണായകം
STALIN AND VIJAY
സ്റ്റാലിന്‍, വിജയ്‌AI Generated Image
Updated on: 
1 min read

ചെന്നൈ: കൊളത്തൂർ എംഎൽഎ വിഎസ് ബാബുവിന്റെ നിര്യാണത്തെ തുടർന്നുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പ് തമിഴ്നാട്ടിലെ ടിവികെ സർക്കാരിന് വലിയൊരു അഗ്നിപരീക്ഷയാകും. ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനെ പരാജയപ്പെടുത്തി ടിവികെ പിടിച്ചെടുത്ത മണ്ഡലത്തിൽ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ, മണ്ഡലം തിരിച്ചുപിടിക്കാൻ സ്റ്റാലിൻ തന്നെ മത്സരിക്കാൻ എത്തുമോ എന്നതാണ് തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രധാന ആകാംക്ഷ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിഎസ് ബാബു സ്റ്റാലിനെ പരാജയപ്പെടുത്തിയത്. 82,997 വോട്ടുകൾ ബാബു നേടിയപ്പോൾ 74,202 വോട്ടുകൾ മാത്രമാണ് സ്റ്റാലിന് നേടാനായത്.

ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച വിഎസ് ബാബു പിന്നീട് എഐഎഡിഎംകെയിലേക്കും, നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി ടിവികെ.യിലേക്കും എത്തുകയായിരുന്നു. നോർത്ത് ചെന്നൈയിൽ ഡിഎംകെയുടെ ജില്ലാ സെക്രട്ടറിയായിരുന്ന ബാബു, 2011-ൽ കൊളത്തൂരിൽ സ്റ്റാലിൻ ആദ്യമായി മത്സരിക്കുമ്പോൾ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രധാനിയായിരുന്നു. 2016-ൽ ഡിഎംകെ വിട്ട് എഐഎഡിഎംകെയിൽ ചേർന്ന അദ്ദേഹം തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ടിവികെയിൽ എത്തിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്രമങ്ങൾ

1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പിന്റെ തീയതി തീരുമാനിക്കുക. നിയമത്തിലെ സെക്ഷൻ 151A പ്രകാരം, നിയമസഭയുടെ ബാക്കി കാലാവധി ഒരു വർഷത്തിൽ കുറവല്ലാത്ത സാഹചര്യത്തിലും തെരഞ്ഞെടുപ്പ് നടത്തുന്നതിന് മറ്റ് തടസ്സങ്ങളില്ലെന്ന് കമ്മീഷൻ സാക്ഷ്യപ്പെടുത്തുന്ന സാഹചര്യത്തിലും, ഒഴിവ് വന്ന് ആറ് മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.

സ്റ്റാലിന് കൊളത്തൂർ തിരിച്ചുപിടിക്കാനാകുമോ?

2011 മുതൽ 2026-ലെ പരാജയം വരെ സ്റ്റാലിൻ തുടർച്ചയായി പ്രതിനിധീകരിച്ചിരുന്ന മണ്ഡലം തിരിച്ചുപിടിക്കാനുള്ള അവസരമാകും ഡിഎംകെയെ സംബന്ധിച്ചിടത്തോളം ആസന്നമായ ഉപതെരഞ്ഞെടുപ്പ്. സ്റ്റാലിന്റെ ഏറ്റവും ശക്തമായ തട്ടകമായി കണക്കാക്കപ്പെട്ടിരുന്ന കൊളത്തൂർ വീണ്ടെടുക്കുക എന്നത് പാർട്ടിയുടെ അഭിമാന പ്രശ്നമാണ്. മങ്ങിയിരിക്കുന്ന രാഷ്ട്രീയ ശോഭ വീണ്ടെടുക്കാനും കൊളത്തൂരിലെ വിജയം ഡിഎംകെയ്ക്ക് അനിവാര്യമാണ്. സ്റ്റാലിൻ തന്നെ വീണ്ടും സ്ഥാനാർത്ഥിയാകുമോ എന്ന കാര്യം രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നുണ്ട്.

ടിവികെയ്ക്ക് മുന്നിലുള്ള വെല്ലുവിളി

ടിവികെയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് വിജയങ്ങളിലൊന്ന് നിലനിർത്താനുള്ള കടുത്ത പരീക്ഷണമായിരിക്കും ഈ ഉപതെരഞ്ഞെടുപ്പ്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു സ്റ്റാലിനെതിരായ ബാബുവിന്റെ വിജയം. ഡിഎംകെ നേതൃത്വത്തെ പരാജയപ്പെടുത്താനുള്ള ടിവികെ യുടെ കരുത്തായി ഇത് വിലയിരുത്തപ്പെട്ടിരുന്നു. ബാബുവിന്റെ അഭാവത്തിൽ, കൊളത്തൂരിൽ പാർട്ടിക്ക് ലഭിച്ച ജനപിന്തുണ നിലനിർത്താൻ കഴിയുന്ന ശക്തനായ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്തുക എന്നത് ടിവികെയ്ക്ക് സംഘടനാപരമായും രാഷ്ട്രീയമായും വലിയ വെല്ലുവിളിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും തങ്ങളുടെ തെരഞ്ഞെടുപ്പ് മുന്നേറ്റം തുടരാൻ കഴിയുമോ എന്ന് വിലയിരുത്താനുള്ള ആദ്യ അവസരം കൂടിയായിരിക്കും ടിവികെയ്ക്ക് ഈ ഉപതെരഞ്ഞെടുപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER