

കൊല്‍ക്കത്ത: ദന ചുഴലിക്കാറ്റിന്റെ മുന്‍ കരുതല്‍ ഭാഗമായി കൊല്‍ക്കത്ത വിമാനത്താവളം അടച്ചിടും. നാളെ വൈകീട്ട് ആറ് മണി മുതല്‍ 15 മണിക്കൂര്‍ നേരമായിരിക്കും അടച്ചിടുകയെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
യാത്രക്കാര്‍, എയര്‍ലൈന്‍ ജീവനക്കാര്‍ തുടങ്ങി എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. കനത്ത കാറ്റും മഴയും പ്രതിക്ഷിക്കുന്നതിനാല്‍ ഒക്ടോബര്‍ 24 ന് വൈകുന്നേരം 6 മുതല്‍ ഒക്ടോബര്‍ 25 ന് രാവിലെ 9 വരെ വിമാന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ- ബംഗാള്‍ സര്‍ക്കാര്‍ നിരവധി ആളുകളെ ഒഴിപ്പിച്ചു. ചുഴലിക്കാറ്റ് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളില്‍ ആഘാതം സൃഷ്ടിക്കുമെന്നു കരുതി, മുന്‍ അനുഭവങ്ങളുടെ പിന്‍ബലത്തിലാണു സര്‍ക്കാരിന്റെ തയാറെടുപ്പ്.
മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ചുഴലിക്കാറ്റ്, 24ന് രാത്രിയിലും 25ന് പുലര്‍ച്ചെയുമായി പുരിക്കും സാഗര്‍ ദ്വീപിനും ഇടയിലൂടെയാണു വടക്കന്‍ ഒഡീഷ, ബംഗാള്‍ തീരങ്ങളിലൂടെ കടന്നുപോവുക. ബാലസോര്‍, ഭദ്രക്, മയൂര്‍ഭഞ്ച്, ജഗത്സിങ്പുര്‍, പുരി തുടങ്ങിയ ജില്ലകളില്‍ വലിയ ആഘാതം ഉണ്ടാകുമെന്നാണു കണക്കുകൂട്ടുന്നത്. കലക്ടര്‍മാരായിരിക്കെ ചുഴലിക്കാറ്റ് ദുരന്തം നേരിട്ടുപരിചയമുള്ള 6 മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കാന്‍ ഈ ജില്ലകളില്‍ വിന്യസിച്ചു.
ചുഴലിക്കാറ്റടിക്കുന്ന ജില്ലകളിലെ സമീപ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. 14 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ അവധി നല്‍കി. ഈസ്റ്റ് കോസ്റ്റ് റെയില്‍വെ 200 ട്രെയിനുകള്‍ റദ്ദാക്കി. നേരത്തേതു പോലെ, ഒരാളുടെ പോലും ജീവന്‍ നഷ്ടമാകരുതെന്ന ചിന്തയില്‍ അപകടസാധ്യതാ പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
800ലേറെ വിവിധോദ്ദേശ്യ ഷെല്‍ട്ടറുകള്‍ക്കു പുറമെ, സ്‌കൂള്‍, കോളജ് കെട്ടിടങ്ങളിലായി 500 താല്‍ക്കാലിക ക്യാമ്പുകളും ഒരുക്കി. പാകം ചെയ്ത ഭക്ഷണം ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ക്യാമ്പുകളില്‍ ഉറപ്പാക്കും'' സംസ്ഥാന റവന്യു, ദുരന്ത നിവാരണ മന്ത്രി സുരേഷ് പുജാരി പറഞ്ഞു. എല്ലാ എംഎല്‍എമാരും അവരവരുടെ നിയോജക മണ്ഡലങ്ങളില്‍ തുടരണമെന്നു മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ആവശ്യപ്പെട്ടു.
ഒഡീഷ ദുരന്ത പ്രതികരണ സേനയുടെ 20 ടീമുകളെയും ദേശീയ ദുരന്ത പ്രതികരണ സേനയുടെ 10 ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ അവധി റദ്ദാക്കി ആരോഗ്യ കേന്ദ്രങ്ങളിലേക്കു തിരികെ വിളിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates