

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ യുവവനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ബംഗാള്‍ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ഭയാനകമെന്ന് വിശേഷിപ്പിച്ച സുപ്രീം കോടതി ഇത് രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാരുടെ സുരക്ഷയുടെ പ്രശ്‌നമാണെന്നുംചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയുന്നില്ലെങ്കില്‍, തൊഴില്‍ ഇടങ്ങള്‍ സുരക്ഷിതമല്ലെങ്കില്‍ അവര്‍ക്ക് തുല്യത നിഷേധിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. സംഭവത്തില്‍ കേസ് എടുക്കുന്നതില്‍ കാലതാമസം വരുത്തിയ ബംഗാള്‍ സാര്‍ക്കാരിനെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ആശുപത്രി അധികൃതര്‍ എന്താണ് ചെയ്തതെന്നും കോടതി ചോദിച്ചു.
പുലര്‍ച്ചെയാണ് ക്രൂരകൃത്യം നടന്നത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അത് ആത്മഹത്യയായി മാറ്റാന്‍ ശ്രമിച്ചുവെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കൊല്‍ക്കത്ത പൊലീസിനെതിരെയും കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തി. എങ്ങനെയാണ് ജനക്കൂട്ടം ആശുപത്രിയിലെത്തിയതെന്നും കോടതി ചോദിച്ചു. പ്രിന്‍സിപ്പലിന്റെ പെരുമാറ്റം പരിശോധിക്കെ എങ്ങനെയാണ് ഉടന്‍ മറ്റൊരു മെഡിക്കല്‍ കോളജില്‍ അദ്ദേഹത്തെ നിയമിച്ചതെന്നും ബംഗാള്‍ സര്‍ക്കാരിന്റെ അധികാരം പ്രതിഷേധക്കാരുടെ മേല്‍ അഴിച്ചുവിടരുതെന്നും കോടതി പറഞ്ഞു. മിക്ക യുവഡോക്ടര്‍മാരും 36 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ടെന്നും ജോലിസ്ഥലത്ത് സുരക്ഷിതമായ സാഹചര്യം ഉറപ്പാക്കാന്‍ ദേശീയ പ്രോട്ടോക്കോള്‍ വികസിപ്പിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബംഗാളില്‍ ക്രമസമാധാനനില പൂര്‍ണമായി പരാജയപ്പെട്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. കൊല്‍ക്കത്ത പൊലീസിന്റെ അനുമതിയോടെയാണ് ആള്‍ക്കൂട്ടം ആശുപത്രിയില്‍ പ്രവേശിച്ചത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് അന്വേഷണം സിബിഐക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. ഡോക്ടറുടെ മരണത്തില്‍ പ്രതിഷേധിച്ച് തുടരുന്ന സമരം രോഗികള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. കുറ്റക്കാരെ കണ്ടെത്തണമെന്നും പ്രതികള്‍ക്ക് പരാമവധി ശിക്ഷ ഉറപ്പാക്കണമെന്നുമാണ് സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ ആവശ്യം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നുള്ള ഉറപ്പമാണ് അവര്‍ക്ക് വേണ്ടതെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
ഓഗസ്റ്റ് ഒന്‍പതിനാണ് മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ അര്‍ധനഗ്നമായ നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് പതിമൂന്നിന് കൊല്‍ക്കത്ത ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറി. കൊല്ലപ്പെട്ട യുവതിയുടെ രക്ഷിതാക്കളുടെയടക്കം ഹര്‍ജിയിലാണ് കേസ് സിബിഐക്ക് കൈമാറിയത്. ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി വ്യാപകപ്രതിഷേധം ഉയര്‍ന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates