ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കസ്തൂരിരംഗന്‍ അന്തരിച്ചു

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും പ്രമുഖ ബഹരികാശ ശാസ്ത്രജ്ഞനുമായ കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ (84) അന്തരിച്ചു
Krishnaswamy Kasturirangan
കസ്തൂരിരംഗന്‍ഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും പ്രമുഖ ബഹരികാശ ശാസ്ത്രജ്ഞനുമായ കൃഷ്ണസ്വാമി കസ്തൂരിരംഗന്‍ (84) അന്തരിച്ചു. ബംഗളൂരുവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 1994 മുതല്‍ 2003 വരെ ഐഎസ്ആര്‍ഒയുടെ ചെയര്‍മാന്‍ ആയിരുന്ന കസ്തൂരിരംഗന്‍ ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ വളര്‍ച്ചയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.2003 മുതല്‍ 2009 വരെ രാജ്യസഭ അംഗമായിരുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മുഖ്യശില്‍പ്പിയാണ്. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ തലവനായിരുന്നു.

കസ്തൂരിരംഗന്‍ ബഹിരാകാശ കമ്മീഷന്റെ ചെയര്‍മാനായും ബഹിരാകാശ വകുപ്പില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സെക്രട്ടറിയായും 9 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒയില്‍ അദ്ദേഹം ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. പുതുതലമുറ ബഹിരാകാശ പേടകങ്ങളായ ഇന്ത്യന്‍ നാഷണല്‍ സാറ്റലൈറ്റ് സിസ്റ്റം, ഇന്ത്യന്‍ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങള്‍, ശാസ്ത്രീയ ഉപഗ്രഹങ്ങള്‍ എന്നിവയുടെ വികസനത്തിന് മേല്‍നോട്ടം വഹിച്ചു. ഇന്ത്യയുടെ ആദ്യത്തെ രണ്ട് പരീക്ഷണാത്മക ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്‌കര-I, II എന്നിവയുടെ പ്രോജക്ട് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജെഎന്‍യു ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യയുടെ അഭിമാനകരമായ വിക്ഷേപണ വാഹനങ്ങളായ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ , ജിയോ സിന്‍ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജിഎസ്എല്‍വി) എന്നിവയുടെ വിജയകരമായ വിക്ഷേപണവും പ്രവര്‍ത്തനക്ഷമമാക്കലും ഉള്‍പ്പെടെ നിരവധി പ്രധാന നാഴികക്കല്ലുകള്‍ സ്വന്തമാക്കിയത്. ഇദ്ദേഹത്തിന്റെ സംഭാവനകള്‍ മാനിച്ച് രാജ്യം പത്മശ്രീ(1982), പത്മഭൂഷണ്‍(1992), പത്മ വിഭൂഷണ്‍(2000) എന്നി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

1940 ഒക്ടോബര്‍ 24 ന് എറണാകുളത്ത് സി എം കൃഷ്ണസ്വാമി അയ്യരുടെയും വിശാലാക്ഷിയുടെയും മകനായാണ് കസ്തൂരിരംഗന്‍ ജനിച്ചത്. കസ്തൂരിരംഗന്റെ പൂര്‍വ്വികര്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരും പിന്നീട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിരതാമസമാക്കിയവരുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com