കൊച്ചി: ലക്ഷദ്വീപ് മുൻ പാർലമെന്റ് അംഗവും എൻസിപി ദേശീയ ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസൽ പടിപ്പുര ബിജെപിയിൽ ചേരുമെന്ന് സൂചന. കൊച്ചിയിലെ ബിജെപി ജില്ലാ ആസ്ഥാനത്ത് നാളെ വിളിച്ചുചേർത്തിട്ടുള്ള വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിശ്വസനീയ വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം ബിജിപിയിൽ ചേരുന്നതായുള്ള വാർത്ത മുഹമ്മദ് ഫൈസൽ നിഷേധിച്ചു. നാളെ നടത്താനിരുന്ന വാർത്താസമ്മേളനം റദ്ദാക്കിയിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് ലക്ഷദ്വീപിൽ നിന്നുള്ള വിമാനം റദ്ദ് ചെയ്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പാർലമെന്ററി കരിയറും നിയമപോരാട്ടങ്ങളും
1975 മെയ് 28-ന് ലക്ഷദ്വീപിലെ ആൻഡ്രോത്ത് ദ്വീപിൽ ജനിച്ച മുഹമ്മദ് ഫൈസൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്നാണ് എംബിഎ ബിരുദാനന്തര ബിരുദം നേടിയത്. തുടർന്ന് സജീവ രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് ലക്ഷദ്വീപിൽ നിന്ന് ആദ്യമായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2019-ൽ വീണ്ടും ജനവിധി തേടി മികച്ച വിജയത്തോടെ അദ്ദേഹം എം.പി സ്ഥാനം നിലനിർത്തി. എൻസിപിയുടെ പാർട്ടി വിപ്പായി സഭയിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, എന്നാൽ 2024-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി മുഹമ്മദ് ഹംദുള്ള സയീദിനോട് പരാജയപ്പെട്ടിരുന്നു.
തന്റെ രാഷ്ട്രീയ ജീവിതത്തിനിടയിൽ 2023-ൽ രണ്ട് തവണ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ട മുഹമ്മദ് ഫൈസൽ കടുത്ത നിയമപോരാട്ടത്തിലൂടെയാണ് കടന്നുപോയത്. 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് അന്തരിച്ച മുൻ കേന്ദ്രമന്ത്രി പിഎം സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായതോടെയാണ് ഫൈസലിന്റെ രാഷ്ട്രീയ ജീവിതത്തിൽ പ്രതിസന്ധികൾ തുടങ്ങിയത്.
അയോഗ്യതയും സുപ്രീം കോടതി ഇടപെടലുകളും
ഒന്നാം അയോഗ്യത (2023 ജനുവരി - മാർച്ച്): 2023 ജനുവരി 11-ന് കവരത്തി സെഷൻസ് കോടതി മുഹമ്മദ് ഫൈസലിനെ 10 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിച്ചതിനെത്തുടർന്ന് ജനുവരി 13-ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ അയോഗ്യനാക്കി. എന്നാൽ ജനപ്രതിനിധിയെ മാറ്റുന്നത് വഴി ലക്ഷദ്വീപിൽ പെട്ടെന്ന് ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുന്നത് രാജ്യത്തിന് സാമ്പത്തിക ബാധ്യത വരുത്തുമെന്ന് ചൂണ്ടിക്കാട്ടി ജനുവരി 25-ന് കേരള ഹൈക്കോടതി ശിക്ഷ സ്റ്റേ ചെയ്തു. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച ശേഷമാണ് മാർച്ച് 29-ന് അദ്ദേഹത്തിന്റെ എംപി സ്ഥാനം ലോക്‌സഭ സെക്രട്ടറിയേറ്റ് പുനഃസ്ഥാപിച്ചു നൽകിയത്.
രണ്ടാം അയോഗ്യത (2023 ഒക്ടോബർ - നവംബർ): കേരള ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ വാദങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി കേസ് വീണ്ടും പരിശോധിക്കാൻ ഹൈക്കോടതിക്ക് തന്നെ വിട്ടു. തുടർന്ന് ഒക്ടോബർ 3-ന് കേരള ഹൈക്കോടതി ഫൈസലിന്റെ ശിക്ഷ സ്റ്റേ ചെയ്യാൻ വിസമ്മതിച്ചതോടെ ഒക്ടോബർ 4-ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ രണ്ടാമതും അയോഗ്യനാക്കി. എന്നാൽ ഉടൻ തന്നെ ഫൈസൽ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയും ഒക്ടോബർ 9-ന് സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു. തുടർന്ന് നവംബർ 2-നാണ് രണ്ടാമത്തെ അയോഗ്യത പിൻവലിച്ച് ലോക്‌സഭ സെക്രട്ടറിയേറ്റ് ഉത്തരവിറക്കിയത്.
ഉന്നത നീതിപീഠം നൽകിയ താല്ക്കാലിക നിയമ പരിരക്ഷകളുടെ കരുത്തിലാണ് മുഹമ്മദ് ഫൈസൽ തന്റെ 17-ാം ലോക്സഭയിലെ കാലാവധി പൂർത്തിയാക്കിയത്. ലക്ഷദ്വീപിൽ ശക്തമായ ജനസ്വാധീനമുള്ള മുഹമ്മദ് ഫൈസലിന്റെ ബിജെപി പ്രവേശനം ദ്വീപ് രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങൾക്ക് വഴിതുറക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates