

ന്യൂഡല്‍ഹി: രാജ്യത്താദ്യമായി നിഷ്‌ക്രിയദയാവധത്തിന് അനുമതി നല്‍കി ചരിത്ര വിധി പറഞ്ഞിരിക്കുകയാണ് സുപ്രീംകോടതി. 13 വര്‍ഷമായി കോമയില്‍ കഴിയുന്ന മുപ്പത്തിരണ്ടുകാരന്‍ ഹരീഷ് റാണയുടെ ദയാവധത്തിനാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. തന്റെ മകന്റെ ദുരിതാവസ്ഥ കണ്ടുമടുത്ത മാതാപിതാക്കളാണ് ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിന് ഒടുവിലാണ് ഹരീഷ് റാണയ്ക്ക് ദയാവധത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഹരീഷിന്റെ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ നിര്‍ത്താമെന്ന് ഗാസിയാബാദ് ജില്ലാ ആശുപത്രിയിലെ പ്രാഥമിക മെഡിക്കല്‍ ബോര്‍ഡും എയിംസിലെ രണ്ടാം മെഡിക്കല്‍ ബോര്‍ഡും നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരുടെ നടപടി
ഹരീഷ് റാണയ്ക്കുവേണ്ടി ഹര്‍ജി സമര്‍പ്പിച്ച പിതാവിന് വേണ്ടി നിയമ നടപടികള്‍ നയിച്ച അഡ്വ. രശ്മി നന്ദകുമാറിനെ പ്രശംസിച്ചാണ് സുപ്രീംകോടതി ചരിത്ര വിധി പുറപ്പെടുവിച്ചത്. അഡ്വ. രശ്മി നന്ദകുമാറിന്റെ അഭ്യര്‍ഥനപ്രകാരം 'നിഷ്‌ക്രിയ ദയാവധം' എന്നതിനുപകരം 'ചികിത്സ പിന്‍വലിക്കല്‍' എന്നാണ് വിധിയില്‍ പറയുന്നതെന്നതും ശ്രദ്ധേയമാണ്. ആഗോള തലത്തിലെ ഒട്ടേറെ കോടതിവിധികള്‍ പരാമര്‍ശിച്ചായിരുന്നു ദയാവധത്തിനായി കുടുംബം കോടതിയെ സമീപിച്ചത്. ഈ വിഷയത്തിന്റെ ഉള്ളടക്കം ബോധ്യപ്പെടുത്താന്‍ അഭിഭാഷകയ്ക്ക് സാധിച്ചതായി വിധി പറഞ്ഞ ജസ്റ്റിസ് കെ വി വിശ്വനാഥന്‍ പറഞ്ഞു. കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യാ ഭാട്ടിയുടെ സമീപനത്തെയും കോടതി അഭിനന്ദിച്ചു.
2018-ലും 2023-ലുമായി സുപ്രീംകോടതി തയ്യാറാക്കിയ മാര്‍ഗരേഖയിലെ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് നിഷ്‌ക്രിയ ദയാവധം അനുവദിക്കാന്‍ രണ്ടംഗ ബെഞ്ച് തീരുമാനമെടുത്തത്. ജസ്റ്റിസ് പര്‍ദിവാലയുടെ വിധിയോട് യോജിച്ചുകൊണ്ട് ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ പ്രത്യേക വിധിന്യായമെഴുതി. എന്നാല്‍ ദയാവധം സംബന്ധിച്ച മാര്‍ഗരേഖ നിയമത്തിനു പകരമാവില്ലെന്ന് സുപ്രീം കോടതി നിരീഷിച്ചു. ഇക്കാര്യത്തില്‍ സമഗ്രമായ നിയമനിര്‍മാണം വേണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.
നിലവില്‍ വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന ഹരീഷിനെ എയിംസിന്റെ പാലിയേറ്റീവ് കെയര്‍ വകുപ്പിലേക്ക് മാറ്റിയശേഷം അവിടെവെച്ചാണ് ജീവന്‍രക്ഷാ സംവിധാനങ്ങള്‍ പിന്‍വലിക്കേണ്ടത്. ഹരീഷിന്റെ രക്ഷിതാക്കളെ വിളിപ്പിച്ച് ജഡ്ജിമാര്‍ വിശദമായി സംസാരിച്ചിരുന്നു. അഭിഭാഷക രശ്മി നന്ദകുമാറിനെയും കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യാ ഭാട്ടിയെയും ഹരീഷിന്റെ വീട്ടിലയച്ച് അവിടത്തെ സാഹചര്യങ്ങളും വിലയിരുത്തിയിരുന്നു.
2013 ഓഗസ്റ്റ് 20-നാണ് ഹരീഷിന് പരിക്കേല്‍ക്കാന്‍ ഇടയാക്കിയ അപകടമുണ്ടായത്. ചണ്ഡീഗഡ് യൂണിവേഴ്സിറ്റിയില്‍ സിവില്‍ എഞ്ചിനീയറിങ് പഠിക്കുകയായിരുന്ന ഹരീഷ്, തന്റെ താമസസ്ഥലത്തിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും 100 ശതമാനം വൈകല്യം സംഭവിക്കുകയുമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates