

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വൈകാരിക കുറിപ്പ് പങ്കുവച്ച് ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. തനിക്ക് വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് ഭരിച്ചതെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ സ്റ്റാലിൻ പറഞ്ഞു. ജനങ്ങളുടെ വിധിയെ തങ്ങൾ അംഗീകരിക്കുന്നുവെന്നും വിജയികളെ അഭിനന്ദിക്കുന്നുവെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
തന്റെ മനസാക്ഷിക്ക് അനുസൃതമായി പ്രവർത്തിച്ചിട്ടുണ്ടെന്നും തന്റെ കഴിവിനപ്പുറം അധ്വാനിച്ചിട്ടുണ്ടെന്നും സ്റ്റാലിൻ കുറിപ്പിൽ പറയുന്നു. ഭരണനേട്ടങ്ങൾ മാത്രം പറഞ്ഞാണ് വോട്ട് തേടിയത്. രാഷ്ട്രീയ ജീവിതത്തിൽ മഹത്തായ ജയങ്ങൾ കണ്ടു, തോൽവികൾ അറിഞ്ഞു. ജയപരാജയങ്ങൾ അല്ല, നയവും പ്രത്യയശാസ്ത്രവും ആണ് പ്രധാനമെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.
ഡിഎംകെയുടെ യാത്ര തുടരുമെന്നും സ്റ്റാലിൻ കുറിപ്പിൽ കൂട്ടിച്ചേർത്തു. "ജനങ്ങളുടെ വിധിയെ ഞങ്ങൾ അംഗീകരിക്കുന്നു. വിജയികൾക്ക് അഭിനന്ദനങ്ങൾ! കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ഞങ്ങൾ നിരവധി പദ്ധതികൾ സൃഷ്ടിക്കുകയും തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് വേണ്ടി നല്ല ഭരണം കാഴ്ച വയ്ക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ വിധത്തിലും ഞങ്ങൾ തമിഴ്‌നാടിനെ ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് രംഗത്ത്, ഞങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് മാത്രമാണ് ഞങ്ങൾ വോട്ട് തേടിയത്. ജനങ്ങൾക്ക് ഞങ്ങൾ നൽകുന്ന ക്ഷേമ പദ്ധതികൾ തുടരുന്നുവെന്ന് ഉറപ്പാക്കാൻ വോട്ടുകൾക്കായി ഞങ്ങൾ പ്രചാരണം നടത്തി. ദ്രാവിഡ മുന്നേറ്റ കഴകം നയിക്കുന്ന മതേതര പുരോഗമന സഖ്യത്തെ പിന്തുണയ്ക്കുകയും വോട്ട് ചെയ്യുകയും ചെയ്ത തമിഴ്‌നാട്ടിലെ എല്ലാ ജനങ്ങളോടും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
വോട്ട് ചെയ്തവർക്കു വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്കു വേണ്ടിയും ഞാൻ ഭരിച്ചു. എല്ലാ ജനങ്ങളോടും സത്യസന്ധനായി മാത്രമേ നിന്നിട്ടുള്ളൂ. എന്റെ മനസാക്ഷിക്ക് അനുസൃതമായി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. എന്റെ കഴിവിനപ്പുറം ഞാൻ അധ്വാനിച്ചു. എന്നെപ്പോലെ തന്നെ അധ്വാനിച്ച, നേതാവ് കരുണാനിധിയുടെ പ്രിയപ്പെട്ട സഖാക്കൾക്ക്, എന്റെ ഹൃദയത്തിൽ നിന്നുള്ള അഗാധമായ നന്ദി! ഞങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിന്ന നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും പ്രവർത്തകർക്കും നന്ദി!
എന്റെ രാഷ്ട്രീയ പൊതുജീവിതത്തിൽ ഞാൻ വലിയ വിജയങ്ങൾ കണ്ടിട്ടുണ്ട്; പരാജയങ്ങളും നേരിട്ടിട്ടുണ്ട്. അതിനാൽ, വിജയ പരാജയങ്ങൾ മാത്രമല്ല, ആദർശങ്ങളും നയങ്ങളുമാണ് ഏറ്റവും പ്രധാനം എന്ന ധാരണയോടെ പ്രവർത്തിക്കുന്ന ഒരാളാണ് ഞാൻ. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ രാഷ്ട്രീയ യാത്ര പതറാതെ തുടരും. ഇതുവരെ ജനങ്ങൾക്ക് മാതൃകാപരമായ ഒരു ഭരണകക്ഷിയായി പ്രവർത്തിച്ചിരുന്ന ഡിഎംകെ ഇനി മുതൽ മാതൃകാപരമായ ഒരു പ്രതിപക്ഷ പാർട്ടിയായി പ്രവർത്തിക്കും".- എം കെ സ്റ്റാലിന്റെ വാക്കുകൾ.
നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) സ്ഥാനാർഥി വി എസ് ബാബുവാണ് സ്റ്റാലിനെ അട്ടിമറിച്ചത്. 2021 ൽ 70,000-ത്തിലധികം വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സ്റ്റാലിന് അടി പതറിയത്. മുഖ്യമന്ത്രി തന്നെ പരാജയപ്പെട്ടത് തമിഴ്നാട് രാഷ്ട്രീയത്തെയും ഡിഎംകെ കേന്ദ്രങ്ങളെയും രാജ്യത്തെയും ഒരുപോലെ വിസ്മയിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ചരിത്രത്തിൽ സ്റ്റാലിൻ നേരിടുന്ന നാലാമത്തെ തോല്‌വിയാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates