100 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം: പിഎം ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന് പ്രധാനമന്ത്രി തുടക്കമിട്ടു- വീഡിയോ
ന്യൂഡല്‍ഹി: ചരക്കുനീക്കത്തിന്റെ ചെലവ് ചുരുക്കി സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ ലക്ഷ്യമിട്ടുള്ള പിഎം ഗതിശക്തി പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി വിവിധ തലത്തിലുള്ള കണക്ടിവിറ്റി സാധ്യമാക്കുന്നു നൂറ് ലക്ഷം കോടി രൂപയുടെ ദേശീയ മാസ്റ്റര്‍ പ്ലാനിനാണ് രൂപം നല്‍കിയത്.
അടിസ്ഥാന സൗകര്യവികസനം മെച്ചപ്പെടുത്തി ചരക്കുനീക്കത്തിന് വേണ്ടി വരുന്ന അധിക ചെലവ് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്ന് മോദി പറഞ്ഞു. കാര്‍ഗോ നീക്കം വേഗത്തിലാക്കി കുറഞ്ഞ സമയത്തിനുള്ള ചരക്ക് ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിയുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിവിധ മന്ത്രാലയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും കീഴിലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ ഒരേ കാഴ്ചപ്പാടോടെ രൂപകല്‍പ്പന ചെയ്യുകയും നിര്‍വഹണം നടത്തുകയും ചെയ്യുന്ന തരത്തിലാണ് മാസ്റ്റര്‍ പ്ലാന്‍ വിഭാവനം ചെയ്തിരിക്കുന്നതെന്നും മോദി പറഞ്ഞു.
മുന്‍കാലങ്ങളില്‍ നികുതിദായകരുടെ പണത്തെ അപമാനിക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. ഈ പണത്തിന് യാതൊരു വിലയും കല്‍പ്പിക്കാത്ത വിധം ഉദാസീനമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. യാതൊരു താത്പര്യവുമില്ലാത്ത വിധത്തിലാണ് വികസനപദ്ധതികള്‍ക്കായി തുക വിനിയോഗിച്ചത്. പദ്ധതി നിര്‍വഹണത്തില്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനം ഉണ്ടായിരുന്നില്ലെന്നും മോദി ഓര്‍മ്മിപ്പിച്ചു.
മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ വികസനം സാധ്യമാകില്ല. റോഡ്, റെയില്‍, വ്യോമയാനം, കൃഷി തുടങ്ങിയ വിവിധ മേഖലകളിലെ പദ്ധതികള്‍ സാധ്യമാക്കുന്നതിന് വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപിത സംവിധാനമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മോദി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

