

ഭോപ്പാൽ: ആധാർ കാർഡ് പ്രധാനമായും ഒരു തിരിച്ചറിയൽ രേഖ മാത്രമാണെന്നും അത് ഒരാളുടെ പ്രായം തെളിയിക്കുന്നതിനുള്ള ആധികാരികമായ തെളിവായി കണക്കാക്കാനാവില്ലെന്നും മധ്യപ്രദേശ് ഹൈക്കോടതി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രായമാണ് ഇക്കാര്യത്തിൽ കൂടുതൽ വിശ്വസനീയമായ അടിസ്ഥാനമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അമിത് സേത് അടങ്ങിയ ഗ്വാളിയോർ ബെഞ്ചിന്റേതാണ് ഈ സുപ്രധാന ഉത്തരവ്.
2019 ഡിസംബറിലുണ്ടായ വാഹനാപകടത്തിൽ മരിച്ച 13 വയസ്സുകാരന്റെ മാതാപിതാക്കൾക്ക് നൽകിയ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. ആധാർ കാർഡിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ പ്രായം 14 വർഷവും 7 മാസവും 9 ദിവസവുമാണെന്നായിരുന്നു മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണൽ കണ്ടെത്തിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പ്രായം 13 വയസ്സാണെന്ന് ചൂണ്ടിക്കാണിച്ച ഇൻഷുറൻസ് കമ്പനി ഇതിനെതിരെ രംഗത്തുവരികയായിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിലെ വൈദ്യശാസ്ത്രപരമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള പ്രായമാണ് കൂടുതൽ വിശ്വസനീയമെന്ന് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
ഹർജിക്കാർക്ക് ട്രിബ്യൂണൽ അനുവദിച്ച 5.45 ലക്ഷം രൂപയുടെ നഷ്ടപരിഹാരം 8,25,500 രൂപയായി കോടതി ഉയർത്തി നൽകുകയും ചെയ്തു. അധികമായി ലഭിച്ച തുക ഉൾപ്പെടെ മാതാപിതാക്കൾക്ക് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates