'അഭിപ്രായ സ്വാതന്ത്ര്യം വിലക്കാനാവില്ല'; സിനിമ റിവ്യൂ തടയണമെന്ന നിർമാതാക്കളുടെ ഹർജിയില്‍ ഇടക്കാല ഉത്തരവില്ല

നെ​ഗറ്റീവ് റിവ്യൂകൾ കാരണം സിനിമകൾ പരാജയപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
madras high court
മദ്രാസ് ഹൈക്കോടതിഫയല്‍
Updated on
1 min read

ചെന്നൈ: സിനിമ റിലീസായതിന് ശേഷം മൂന്ന് ദിവസത്തേക്ക് ഓണ്‍ലൈന്‍ റിവ്യൂ നിരോധിക്കണമെന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഹർജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടി. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട് ഐടി വകുപ്പിനും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കാന്‍ മാറ്റി.

യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മൂന്നു ദിവസത്തേക്കു സിനിമാ നിരൂപണങ്ങൾ നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

പുതിയ സിനിമകളുടെ റിവ്യൂ ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. അടുത്തിടെ സൂര്യ നായകനായെത്തിയ കങ്കുവ എന്ന ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നെ​ഗറ്റീവ് റിവ്യൂ വന്നതിന് പിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കോടതിയെ സമീപിച്ചത്.

നെ​ഗറ്റീവ് റിവ്യൂകൾ കാരണം സിനിമകൾ പരാജയപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ പ്രചരിക്കുമ്പോൾ സിനിമ കാണാൻ ആഗ്രഹിക്കുന്നവരുടെ മാനസികാവസ്ഥ മാറുന്നു. അഭിനയിച്ച നടനെയും സംവിധായകനെയും കുറിച്ച് അപകീർത്തികരമായ പ്രചരണം നടക്കുന്നുണ്ടെന്നും മനപ്പൂര്‍വം സിനിമയെ മോശമാക്കാൻ ശ്രമം നടക്കുന്നുവെന്നും അസോസിയേഷൻ വാദിച്ചു.

എന്നാൽ വിമർശനം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതിനാൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്ന് ജസ്റ്റിസ് സുന്ദർ അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യം വിലക്കി കോടതിക്ക് ഉത്തരവിടാനാവില്ല. ചില സിനിമകൾക്ക് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. അവലോകനത്തിന്റെ മറവിൽ അപകീർത്തി ഉണ്ടായാൽ പൊലീസിൽ പരാതി നൽകാമെന്നും കോടതി വ്യക്തമാക്കി. കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും യൂട്യൂബ് കമ്പനിയോടും നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു.

രണ്ടാഴ്ച മുൻപ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ തിയറ്റർ പരിസരത്ത് ആരാധകരുടെ കമന്റുകൾ യൂട്യൂബ് ചാനലുകളും മറ്റും എടുക്കുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്ന് ഉടമകളോട് ആവശ്യപ്പെട്ടിരുന്നു.

സിനിമാ നിരൂപണത്തിന്റെ പേരിലുള്ള വ്യക്തിപരമായ ആക്രമണങ്ങളെയും വിദ്വേഷം വളർത്തുന്നതിനെയും അപലപിക്കുന്നതായി കൗൺസിൽ വ്യക്തമാക്കി. അതേസമയം സിനിമകളുടെ ഗുരുതരമായ പോരായ്മകളെ വിമർശിക്കാൻ മാധ്യമപ്രവർത്തകർക്ക് അവകാശമുണ്ടെന്നും കൗൺസിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com