

ചെന്നൈ: അന്ധവിശ്വാസങ്ങളോ ശാസ്ത്രീയമല്ലാത്ത പൊതുഭയങ്ങളോ അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ചെന്നൈയില്‍ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെടുത്തി സ്വകാര്യ വസതിയില്‍ നിന്ന് വിഗ്രഹങ്ങള്‍ നീക്കം ചെയ്ത കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. സമാധാനപരമായിട്ടുള്ള സ്വകാര്യ വിഗ്രഹപൂജ മറ്റുള്ളവര്‍ക്ക് തടസപ്പെടുത്താന്‍ കഴിയില്ലെന്നും അത്തരം പ്രവൃത്തികള്‍ക്കെതിരായ പൊതുജനങ്ങളുടെ അന്ധവിശ്വാസങ്ങള്‍ക്ക് മുന്നില്‍ സംസ്ഥാനത്തിന് വഴങ്ങിക്കൊടുക്കാനാകില്ലെന്നും ജസ്റ്റിസ് ഡി ഭരത ചക്രവര്‍ത്തി നിരീക്ഷിച്ചു.
ഒരു വ്യക്തിക്ക് തന്റെ സ്വകാര്യ പരിസരത്ത് ഏതെങ്കിലും വിഗ്രഹം വെക്കാനും സമാധാനപരമായി ആരാധിക്കാനും അത്തരം പ്രവൃത്തികളില്‍ താല്‍പ്പര്യമുള്ള സുഹൃത്തുക്കളേയൊ അയല്‍ക്കാരേയോ ക്ഷണിക്കാനും ആഗ്രഹമുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് നിയമം കയ്യിലെടുക്കാന്‍ കഴിയില്ല. ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കും തെറ്റായ പ്രവണതകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കാന്‍ പാടില്ല. ദൈവമോ വിഗ്രഹമോ ഒരു മനുഷ്യനേയും ഉപദ്രവിക്കില്ല. ഇത്തരം കാര്യങ്ങള്‍ അന്ധവിശ്വാസമാണ്. മറിച്ച് ഭക്തിയുടേയോ ശാസ്ത്രത്തിന്റേയോ തത്വങ്ങളുമായി ചേര്‍ന്ന് പോകുന്നവയല്ലെന്നും കോടതി വ്യക്തമാക്കി.
എ കാര്‍ത്തിക് എന്നയാള്‍ ചെന്നൈയില്‍ അയാള്‍ താമസിക്കുന്ന സ്ഥലത്ത് സ്ഥാപിച്ച ശിവശക്തി ദക്ഷിണേശ്വരി, വിനായകന്‍, വീരഭദ്രന്‍ എന്നീ ദേവതകളുടെ വിഗ്രഹങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു കേസ്. കാര്‍ത്തികിന്റെ താമസ സ്ഥലത്ത് ഉണ്ടായ അസ്വാഭാവിക മരണങ്ങള്‍ വിഗ്രഹപ്രതിഷ്ഠയുമായും പൂജകളുമായും ബന്ധമുണ്ടെന്ന് താമസക്കാര്‍ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്ന് പ്രാദേശിക അധികൃതര്‍ വിഗ്രഹങ്ങള്‍ നീക്കം ചെയ്തു.
വിഗ്രഹങ്ങള്‍ നീക്കം ചെയ്തത് നിയമത്തിന്റെയോ ഭക്തി'യുടെയോ ശാസ്ത്രത്തിന്റെയോ തത്വങ്ങളുടെയോ പിന്തുണയില്ലാത്തതാണ് എന്നും പൊതുജനങ്ങളില്‍ ശാസ്ത്രീയമായ ചിന്ത വളര്‍ത്താന്‍ സംസ്ഥാനത്തിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിഗ്രഹങ്ങള്‍ ഹര്‍ജിക്കാരന് തിരികെ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ അവയുടെ പൂജകളില്‍ ലൗഡ്‌സ്പീക്കറുകള്‍, ശബ്ദമലിനീകരണം, അയല്‍ക്കാര്‍ക്ക് ശല്യം, പൊതുജനങ്ങളില്‍ നിന്ന് പണം ശേഖരിക്കല്‍ എന്നിവ ഉണ്ടാകരുത് എന്ന വ്യവസ്ഥകളോടെയായിരുന്നു ഇത്.
വിഗ്രഹങ്ങള്‍ തിരികെ നല്‍കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കാര്‍ത്തിക് പിന്നീട് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. താമസസ്ഥലം നിര്‍മ്മിക്കാന്‍ മാത്രമാണ് ഹര്‍ജിക്കാരന് അനുമതിയുണ്ടായിരുന്നതെന്നും അനുമതിയില്ലാതെ അത് ക്ഷേത്രമാക്കി മാറ്റിയെന്നുമാണ് സംസ്ഥാനം വാദിച്ചത്. മാത്രമല്ല രാത്രിയില്‍ ഉള്‍പ്പെടെ പൂജകള്‍ നടത്തുന്നതും അതുവഴി അയല്‍വാസികള്‍ക്ക് ശല്യമുണ്ടാക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നതായും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് വിഗ്രഹങ്ങള്‍ ഹര്‍ജിക്കാരന് അവകാശപ്പെട്ടതാണെന്നും ഉടനടി പുനഃസ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates