

ചെന്നൈ: മറ്റ് മതങ്ങളുടെ പ്രതീകങ്ങളോ മതചിഹ്നങ്ങളോ ധരിച്ചെത്തുന്ന അഹിന്ദുക്കൾക്ക്, പ്രതിഷ്ഠയോടുള്ള ഭക്തിയും വിശ്വാസവും വ്യക്തമാക്കുന്ന നിർദ്ദിഷ്ട മാതൃകയിലുള്ള സാക്ഷ്യപത്രം നൽകാതെ തമിഴ്നാട്ടിലെ ആഗമിക ക്ഷേത്രങ്ങളുടെ പരിസരത്തുപോലും പ്രവേശനം അനുവദിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ആഗമ ശാസ്ത്രപ്രകാരം പൂജകളും ചടങ്ങുകളും നടക്കുന്ന പുരാതന ക്ഷേത്രങ്ങളിൽ സാക്ഷ്യപത്രം നൽകാത്ത അഹിന്ദുക്കളെ കൊടിമരം കടക്കാൻ അനുവദിക്കരുതെന്നും ട്രസ്റ്റിമാർ ആചാരപരമായ വിലക്കുകൾ കർശനമായി നടപ്പിലാക്കണമെന്നും കോടതി ഉത്തരവിട്ടു.
തമിഴ്നാട് ക്ഷേത്ര പ്രവേശന പ്രാമാണീകരണ നിയമം (1947), അതിന്റെ ചട്ടങ്ങൾ എന്നിവ ലംഘിച്ചവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജിയിലാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് പി. മുരുകൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർണ്ണായക ഉത്തരവ്. അഹിന്ദുക്കൾ മതചിഹ്നങ്ങൾ ധരിച്ച് ശ്രീകോവിൽ പരിസരങ്ങളിൽ പ്രവേശിക്കുന്നത് തടയണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി ശരിവെച്ചു.
മതപരമായ ചിഹ്നങ്ങൾ ധരിച്ചെത്തുന്നവരും പ്രതിഷ്ഠയിൽ വിശ്വാസമർപ്പിക്കാത്തവരുമായ അഹിന്ദുക്കൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചാൽ അത് ക്ഷേത്രത്തിന്റെ പവിത്രതയെ ഇല്ലാതാക്കുമെന്ന് കോടതി വിലയിരുത്തി. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന തുല്യതയ്ക്ക് വിരുദ്ധമായ ശാസനകൾക്ക് സാധുതയില്ലെങ്കിലും, പ്രതിഷ്ഠയിൽ വിശ്വാസം പ്രഖ്യാപിക്കാത്ത അഹിന്ദുക്കളുടെ കാര്യത്തിൽ ആഗമിക വിലക്കുകൾ പൂർണ്ണമായും പ്രാബല്യത്തിലുണ്ടാകും. എന്നാൽ, അയ്യപ്പ ഭക്തരും ഷിർദ്ദി സായിബാബ ക്ഷേത്രങ്ങളും എല്ലാ മതവിഭാഗങ്ങളിലുമുള്ളവരെ ഉൾക്കൊള്ളുന്നവയാണെന്നും, അതിനാൽ ഈ ഉത്തരവ് ആഗമ ശാസ്ത്രപ്രകാരം പ്രതിഷ്ഠാകർമ്മങ്ങളും പൂജകളും നടക്കുന്ന പരമ്പരാഗത ക്ഷേത്രങ്ങൾക്ക് മാത്രമാണ് ബാധകമെന്നും ബെഞ്ച് വ്യക്തമാക്കി.
രാഷ്ട്രീയ നേതാക്കളുടെ വോട്ട് രാഷ്ട്രീയ പ്രകടനങ്ങൾക്കും സ്വാർത്ഥതാല്പര്യങ്ങൾക്കും മുന്നിൽ ക്ഷേത്രാചാരങ്ങൾ വഴിമാറേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രശസ്തമായ മധുര മീനാക്ഷി ക്ഷേത്രം ഉൾപ്പെടുന്ന മണ്ഡലത്തിൽ നിന്നും വിജയിച്ച ഒരു എംഎൽഎ, ക്ഷേത്രത്തിലെ സൗകര്യങ്ങൾ പരിശോധിക്കാനെന്ന പേരിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചതും, ക്രൈസ്തവ വിശ്വാസിയായ ഒരു മന്ത്രി നിർദ്ദിഷ്ട സത്യവാങ്മൂലം നൽകാതെ തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറിയതും കോടതി ചൂണ്ടിക്കാട്ടി.
നമ്മുടെ രാഷ്ട്രീയ സംസ്കാരത്തിൽ പടർന്നുപിടിച്ചിരിക്കുന്ന സ്വാർത്ഥ ലാഭത്തിനായുള്ള പാദസേവയെക്കുറിച്ചും രാഷ്ട്രീയ കാപട്യത്തെക്കുറിച്ചും വിധിന്യായത്തിൽ രൂക്ഷമായ പരാമർശങ്ങളാണുള്ളത്. ഒരു നേതാവ് ക്ഷേത്രത്തിലേക്ക് പോകുമ്പോൾ മുഖസ്തുതിക്കാരായ പാർട്ടി പ്രവർത്തകർ നേതാവിനൊപ്പം വരിവരിയായി തള്ളിക്കയറാൻ ശ്രമിക്കുന്നത് സാധാരണ കാഴ്ചയാണ്. ജനാധിപത്യത്തിൽ പാദസേവ മാത്രമല്ല, പൊതുജനങ്ങളെ കാണിക്കാനുള്ള ബാഹ്യപ്രകടനങ്ങളും വലിയ പ്രാധാന്യം നേടാറുണ്ട്. അഹിന്ദു മതവിശ്വാസിയായ ചില തീവ്രനിലപാടുകാരായ രാഷ്ട്രീയ നേതാക്കൾ, വോട്ട് ലക്ഷ്യമാക്കി ക്ഷേത്രങ്ങൾ സന്ദർശിക്കുകയും നെറ്റിയിൽ വലിയ കുറി തൊട്ട് പ്രകടനം നടത്തുകയും ചെയ്യുന്നത് കാണാറുണ്ട്. ആളുകളുടെ കൈയ്യടി നേടാനും വോട്ട് ഉറപ്പാക്കാനുമുള്ള ഇത്തരം നാടകങ്ങൾക്കും കാപട്യങ്ങൾക്കും മുന്നിൽ ക്ഷേത്രത്തിന്റെ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾക്ക് മുട്ടുമടക്കാനാകില്ലെന്ന് കോടതി അസന്ദിഗ്ദ്ധമായി വ്യക്തമാക്കി.
ആഗമിക ക്ഷേത്രങ്ങളിലെ പ്രതിഷ്ഠയുടെ പവിത്രതയും തനിമയും സംരക്ഷിക്കാൻ ഭരണാധികാരികൾക്കും ട്രസ്റ്റിമാർക്കും ബാധ്യതയുണ്ട്. ക്ഷേത്രത്തിൽ വിശ്വാസമർപ്പിക്കാൻ തയ്യാറായെത്തുന്ന അന്യമതസ്ഥരെ തടയേണ്ടതില്ലെന്നും, എന്നാൽ മതചിഹ്നങ്ങൾ പ്രദർശിപ്പിച്ച് ആചാരങ്ങളെ വെല്ലുവിളിക്കുന്നവരെ യാതൊരു കാരണവശാലും പ്രവേശിപ്പിക്കരുതെന്നും വ്യക്തമാക്കിയ കോടതി, കൃത്യമായ സത്യവാങ്മൂലമില്ലാതെ ആരെയും കൊടിമരത്തിനപ്പുറത്തേക്ക് കടത്തിവിടരുതെന്ന് കർശന നിർദ്ദേശം നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates