

മുംബൈ: മഹാരാഷ്ട്രയിലെ നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. മുംബൈ, പൂനെ, നാസിക്, നാഗ്പൂര്‍, നവി മുംബൈ, താനെ, പിംപ്രി-ചിഞ്ച്വാഡ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന നഗര കേന്ദ്രങ്ങളാണ് മുംബൈ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തിലും നിര്‍ണായകമാണ്. പതിറ്റാണ്ടുകളായി സംസ്ഥാന രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന താക്കറെ കുടുംബത്തിന്റെ ഭാവിയില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് നിര്‍ണായകമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. 75,000 കോടി വാര്‍ഷിക ബജറ്റുള്ള മുംബൈ തന്നെയാണ് ഇത്തവണ തെരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രമെന്നിരിക്കെ എക്‌സിറ്റ് പോളുകള്‍ താക്കറെ സഹോദരന്മാര്‍ക്കു കനത്ത തിരിച്ചടിയാണ് പ്രവചിച്ചിരിക്കുന്നത്.
ബൃഹന്‍ മുംബൈ (ബിഎംസി) തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന മുന്നണി വലിയ മുന്നേറ്റം നേടും എന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും 138 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനങ്ങള്‍. 'ആക്‌സിസ് മൈ ഇന്ത്യ'യുടെ പ്രവചനം അനുസരിച്ച് 227 വാര്‍ഡുകളുള്ള മുംബൈയില്‍ 131-151 സീറ്റുകള്‍ ബിജെപി -ശിവസേന - ഷിന്‍ഡെ സഖ്യം നേടും. ഉദ്ധവ് രാജ് താക്കറെമാരുടെ സഖ്യം 58 - 68 സീറ്റുകളിലേക്കും കോണ്‍ഗ്രസ് 12- 16 സീറ്റുകളിലേക്കും ചുരുങ്ങുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. മറ്റുള്ളവര്‍ 6 മുതല്‍ 12 വരെ സീറ്റ് നേടിയേക്കാം. മുംബൈ, താനെ, പുണെ എന്നിവയടക്കം തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ 20 ഇടങ്ങളിലെങ്കിലും എന്‍ഡിഎ സഖ്യം വിജയിക്കുമെന്ന സൂചനയാണ് എക്‌സിറ്റ് പോള്‍ നല്‍കുന്നത്.
2017 ലാണ് മഹാരാഷ്ട്രയിലെ നഗരസഭകളിലേക്ക് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. 2022ല്‍ ഒ.ബി.സി സംവരണ തര്‍ക്കത്തെതുടര്‍ന്ന് തെരഞ്ഞെടുപ്പ് നടന്നില്ല. തുടര്‍ന്ന് കമീഷണര്‍ ഭരണത്തിലായിരുന്നു നഗരസഭകള്‍. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates