

ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ ഘട്ടംഘട്ടമായി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ മഹാരാഷ്ട്ര. ജില്ലകളെ അഞ്ചായി തരംതിരിച്ചാണ് ഇളവുകൾ അനുവദിക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെയും ഓക്‌സിജൻ കിടക്കകളുടെ ഉപയോഗത്തിന്റെയും അടിസ്ഥാനത്തിലാണ് 36 ജില്ലകളെ അഞ്ച് തലങ്ങളിലായി തിരിക്കുന്നത്. അൺലോക്ക് 2.0യുടെ ആദ്യഘട്ടത്തിൽ 18 ജില്ലകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെയുള്ള, 25 ശതമാനത്തിൽ താഴെ മാത്രം ഓക്‌സിജൻ കിടക്കകൾ രോഗികൾ ഉപയോഗിക്കുന്ന ജില്ലകളാണ് ഈ ഗ്രൂപ്പിലുള്ളത്. ഔറംഗബാദ്, ഭണ്ഡാര, ബുൾദാന, ചന്ദ്രപൂർ, ധൂലെ, ഗാഡ്ചിരോലി, ഗോണ്ടിയ, ജൽഗാവ്, ജൽന, ലത്തൂർ, നാഗ്പൂർ, നന്ദേദ്, നാസിക്, പരഭാനി, താനെ, വീഷിം, വാർധ, യുവത്മാൽ എന്നീ ജില്ലകളാണ് മറ്റന്നാൾ മുതൽ തുറക്കുക. ഇവിടങ്ങളിൽ റസ്റ്ററന്റുകൾ, മാളുകൾ, സലൂണുകൾ, തിയറ്ററുകൾ, കടകൾ എന്നിവയ്ക്ക് പ്രവർത്തിക്കാൻ അനുവാദമുണ്ടാകും.
മുംബൈ ഉൾപ്പെടെ രണ്ടാമത്തെ ഗ്രൂപ്പിലാണുള്ളതെന്നാണ് റിപ്പോർട്ടുകൾ. ടിപിആർ അഞ്ചിൽ താഴെയാണെങ്കിലും 25 മുതൽ 40 ശതമാനം വരെ ഓക്‌സിജൻ കിടക്കകൾ ഉപയോഗത്തിലുള്ള ജില്ലകളാണ് ഈ ഗ്രൂപ്പിൽ. ഇവിടെ കടകൾ തുറക്കാമെങ്കിലും റസ്റ്ററന്റുകൾ, ജിം, സലൂൺ എന്നിവയ്ക്കു ഭാഗിക നിയന്ത്രണം ഉണ്ടായിരിക്കും. ജില്ലകളിൽ സിനിമാചിത്രീകരണത്തിന് അനുവാദം നൽകും. വിവാഹങ്ങൾക്കും കൂടിച്ചേരലുകൾക്കും 50% പേരെ ഉൾപ്പെടുത്താൻ അനുമതിയുണ്ട്. ഓഫിസുകൾക്ക് തുറക്കാം. ബസുകളിൽ നിന്നു യാത്ര ചെയ്യാൻ അനുവാദമില്ല. മുംബൈ ലോക്കൽ ട്രെയിൻ സർവീസുകളും അനുവദിക്കില്ല.
അഞ്ച് മുതൽ 10 വരെ പോസിറ്റിവിറ്റി നിരക്കുള്ള 40-60 ശതമാനം ഓക്‌സിജൻ കിടക്കകൾ ഉപയോഗത്തിലുള്ള ജില്ലകൾ മൂന്നാം ഗ്രൂപ്പിലും കോവിഡ് വ്യാപനം അതിലും രൂക്ഷമായ ജില്ലകൾ മറ്റ് രണ്ടു ഗ്രൂപ്പുകളിലുമാണു വരുന്നത്. ഇവിടെ നിയന്ത്രണങ്ങൾക്ക് ഇളവുണ്ടാകില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates