'നാഷണൽ ക്രഷ്' മേജർ റിഷഭ് സിങ് സൈന്യത്തോട് വിടപറഞ്ഞു; രാഷ്ട്രപതിയുടെ എഡിസി സ്ഥാനം ഒഴിഞ്ഞത് 12 വർഷത്തെ സേവനത്തിന് ശേഷം

ദ്രൗപദി മുർമുവിന്റെ വിശ്വസ്തനായ എഡിസി; കുടുംബപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനാണ് തീരുമാനമെന്ന് റിഷഭ് സാംബ്യാൽ
Major Rishabh Singh Sambyal
Major Rishabh Singh SambyalInstagram|Major Rishabh Singh Sambyal
Edited By:
Updated on
2 min read

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുൻ എയ്ഡ്-ഡി-ക്യാമ്പ് എന്ന നിലയിൽ രാജ്യശ്രദ്ധ നേടുകയും സമൂഹമാധ്യമങ്ങളിൽ വൻ തരംഗമാവുകയും ചെയ്ത മേജർ റിഷഭ് സിങ് സാംബ്യാൽ ഇന്ത്യൻ സൈന്യത്തിൽ നിന്ന് സ്വയം വിരമിച്ചു. 12 വർഷത്തെ തിളക്കമാർന്ന സൈനിക സേവനത്തിന് ശേഷമാണ് മുപ്പതുകാരനായ റിഷഭ് സാംബ്യാൽ അപ്രതീക്ഷിതമായി സൈന്യത്തോട് വിടപറഞ്ഞത്. ചില കുടുംബപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടതുണ്ടെന്നും ജീവിതത്തിലെ ഏറ്റവും കഠിനവും വേദനാജനകവുമായ തീരുമാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറെ നാളത്തെ ആലോചനകൾക്ക് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്നും യൂണിഫോമും സൈനിക ദിനചര്യകളും ഇതിനകം തന്നെ മിസ്സ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ യുവാക്കൾക്ക് പ്രചോദനമേകുന്ന പ്രവർത്തനങ്ങളിലും രാജ്യപുരോഗതിക്കായുള്ള പദ്ധതികളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

സമൂഹമാധ്യമങ്ങളിലെ 'നാഷണൽ ക്രഷ്'

രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക ചടങ്ങുകളിലും വിദേശ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകളിലും രാഷ്ട്രപതിക്ക് ഒപ്പം നിന്നതോടെയാണ് റിഷഭ് സാംബ്യാൽ സമൂഹമാധ്യമങ്ങളിൽ വലിയ ജനപ്രീതി നേടിയത്. ഒരു ചടങ്ങിനിടെ രാഷ്ട്രപതി വികാരാധീനയായപ്പോൾ കൈലേസ് നൽകിയതും, മഴയത്ത് കുടപിടിച്ചതും, രാഷ്ട്രപതിയുടെ കൊച്ചുമകളോട് സ്നേഹത്തോടെ സംസാരിച്ചതും അടക്കമുള്ള ഹൃദ്യമായ നിമിഷങ്ങൾ ഇൻസ്റ്റഗ്രാം റീലുകളിലൂടെ വൈറലായിരുന്നു. റിപ്പബ്ലിക് ദിന പരേഡുകളിലടക്കം രാഷ്ട്രപതിക്കൊപ്പമുള്ള ഇദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടതോടെ നെറ്റിസൺസ് അദ്ദേഹത്തെ 'നാഷണൽ ക്രഷ്' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കാലാവധി പൂർത്തിയായതിന് പിന്നാലെ രാഷ്ട്രപതി ഭവനിലെത്തി ദ്രൗപദി മുർമുവിനെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.

Major Rishabh Singh Sambyal
Major Rishabh Singh SambyalInstagram|Major Rishabh Singh Sambyal

തിളക്കമാർന്ന സൈനിക ജീവിതം

2013-ൽ നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷ പാസായ റിഷഭ് സാംബ്യാൽ, ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്നാണ് പരിശീലനം പൂർത്തിയാക്കിയത്. 2021-ലെ റിപ്പബ്ലിക് ദിന പരേഡിൽ ജാട്ട് റെജിമെന്റ് സംഘത്തെ നയിച്ച ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആ വർഷത്തെ മികച്ച മാർച്ചിങ് കണ്ടിഞ്ചന്റിനുള്ള ട്രോഫി റെജിമെന്റ് സ്വന്തമാക്കിയത്.

തുടർന്ന് കരസേനയുടെ എലൈറ്റ് സ്പെഷ്യൽ ഫോഴ്സ് യൂണിറ്റായ 4 പാരാ സ്പെഷ്യൽ ഫോഴ്സിൽ (ഡാഗേഴ്സ്) സേവനമനുഷ്ഠിച്ച അദ്ദേഹം വീര്യത്തിന്റേതായ 'ബലിദാൻ ബാഡ്ജും' കരസ്ഥമാക്കിയിരുന്നു. 2023 മാർച്ചിലാണ് രാഷ്ട്രപതിയുടെ എഡിസിയായി അദ്ദേഹം നിയമിതനായത്. പ്രോട്ടോക്കോൾ പരിപാലനം, സുരക്ഷ, യാത്രാ ഏകോപനം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ചുമതലകൾ. തികച്ചും അപ്രതീക്ഷിതമായാണ് ഈ പദവിയിലേക്ക് എത്തിയതെന്നും രാഷ്ട്രപതിക്കൊപ്പമുള്ള സേവനകാലം വ്യക്തിജീവിതത്തിൽ വലിയ പാഠങ്ങൾ നൽകിയെന്നും അദ്ദേഹം ഓർമ്മിക്കുന്നു.

Major Rishabh Singh Sambyal
'ഭീകരതയ്ക്ക് സഹായം നല്‍കുന്ന കേന്ദ്രങ്ങളെ തകര്‍ക്കണം'; പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ മോദി
Summary

Major Rishabh Singh Sambyal, who rose to widespread prominence as the dapper and popular Aide-de-Camp (ADC) to President Droupadi Murmu, has taken premature retirement from the Indian Army after 12 years of distinguished service

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com