സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം; വെടിയുതിര്‍ത്തത് സുവര്‍ണക്ഷേത്രത്തില്‍ വച്ച്; വിഡിയോ

ഇന്ന് രാവിലെ സുവര്‍ണ ക്ഷേത്രത്തിനുള്ളില്‍ ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു നാരായണ്‍ സിങ് എന്നയാള്‍ വെടിയുതിര്‍ത്തത്.
Man Fires At Sukhbir Singh Badal During His Penance At Golden Temple
അകാലിദള്‍ നേതാവ് സുഖ് ബീര്‍ സിങ് ബാദലിന് നേരെ വധശ്രമംപിടിഐ
Updated on
1 min read

ചണ്ഡിഗഡ്: ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ് ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം. സുവര്‍ണക്ഷേത്രത്തിനുള്ളില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. മതനിന്ദാക്കുറ്റത്തിന് പുരോഹിതസഭയായ അകാല്‍ തഖ്ത് വിധിച്ച ശുചീകരണപ്രവൃത്തിക്കായി സുവര്‍ണ ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു ആക്രമണം. വീല്‍ ചെയറിലായിരുന്നു സുഖ്ബീര്‍ സിങ് ബാദല്‍. വെടിയുതിര്‍ത്തയാളെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കീഴ്‌പ്പെടുത്തി.

തലനാരിഴ വ്യത്യാസത്തില്‍ ബാദല്‍ വെടിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. നരേന്‍സിങ് ചൗര എന്നയാളെ പൊലീസും സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. നേരത്തെയും ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അക്രമിയെ അകാലിദള്‍ പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുന്ന സ്ഥിതിയുമുണ്ടായി.

മതനിന്ദ വിഷയത്തില്‍ സുഖ്ബീര്‍ സിങിനെ പുരോഹിതസഭയായ അകാല്‍ തഖ്ത് ശിക്ഷിച്ചിരുന്നു. സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം എന്നിവയായിരുന്നു ശിക്ഷയായി വിധിച്ചത്. രണ്ടുദിവസം കാവല്‍ നില്‍ക്കണം, കഴുത്തില്‍ പ്ലക്കാഡ് ധരിക്കണം, കൈയില്‍ കുന്തം കരുതണം. കൂടാതെ ഒരുമണിക്കൂര്‍ കീര്‍ത്തനങ്ങളും ആലപിക്കണം തുടങ്ങിയ ശിക്ഷകളായിരുന്നു അകാല്‍ തഖ്ത് ബാദലിനുമേല്‍ ചുമത്തിയത്. ബാദലിന്റെ ഭാര്യാസഹോദരനും അകാലിദള്‍ നേതാവുമായിരുന്ന ബിക്രം സിങ് മജിത്യക്കും അകാല്‍ തഖ്ത് ശിക്ഷ വിധിച്ചിട്ടുണ്ട്. സുവര്‍ണക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ കഴുകി വൃത്തിയാക്കാനാണ് ബിക്രം സിങ്ങിനുള്ള ശിക്ഷ.

കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞ് ബാദല്‍ മാപ്പ് അപേക്ഷിച്ചിരുന്നു. ബാദലിന്റെ അകാലിദള്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവര്‍ക്കും അകാല്‍ തഖ്ത് ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച 12 മണിമുതല്‍ 1 മണിവരെ ശുചിമുറികള്‍ വൃത്തിയാക്കാനായിരുന്നു ഇവര്‍ക്കുള്ള ശിക്ഷാനടപടി. ബാദലിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന പ്രകാശ് സിങ് ബാദലിന് സിഖ് സമൂഹത്തിന്റെ അഭിമാനം എന്ന നിലയില്‍ നല്‍കിയ ഫഖ് ര്‍ ഇ ക്വാം ബഹുമതി എടുത്തുകളയാനും തീരുമാനിച്ചിരുന്നു.

2007- 2017 കാലത്തെ അകാലിദള്‍ ഭരണത്തിലുണ്ടായ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകളെ മുന്‍നിര്‍ത്തിയാണ് ബാദലിനെ ശിക്ഷിച്ചത്. സിഖ് മത നിയമപീഠം തെറ്റുകാരനെന്ന് വിധിച്ചതിനുപിന്നാലെ സുഖ്ബീര്‍ സിങ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com